ADVERTISEMENT

കോട്ടയം ∙ ‘കുസൃതികളെ മെരുക്കാൻ പ്രയാസമാണ്. ഒരിക്കൽ കൂടെ വന്നാൽപ്പിന്നെ നഴ്സറിക്കുട്ടികളെ പോലെയാണ്’ – തിരുവഞ്ചൂർ ഗവ. ചിൽഡ്രൻസ് ഹോമിലെ വിദ്യാർഥികളെക്കുറിച്ച് അധ്യാപകരുടെ കമന്റ്. അധികംപേർ തുടരാൻ ആഗ്രഹിക്കാത്ത വഴികളിൽ സമർപ്പിത അധ്യാപക ജീവിതത്തിന്റെ മാതൃക കാട്ടുന്നവരാണിവർ. പള്ളിക്കത്തോട് ആനിക്കാട് കിഴക്കയിൽ ജോർജ് ഫിലിപ്, തിരുവഞ്ചൂർ മുകളേൽ സിന്ധുമോൾ, ചിരട്ടംപറമ്പിൽ പി.ജി.ബിജി, ഇടയാടിയിൽ ഗ്രീഷ്മ, ചൈത്രം ദീപ രവീന്ദ്രൻ എന്നിവരാണ് ഗവ. ചിൽഡ്രൻസ് ഹോമിലെ ഈ അധ്യാപകർ. അച്ഛനമ്മമാർക്കു ഒപ്പംനിർത്തി സംരക്ഷിക്കുന്നതിനും സ്കൂളിലയച്ചു പഠിപ്പിക്കുന്നതിനും കഴിയാത്ത ആൺകുട്ടികളെയാണു ചിൽഡ്രൻസ് ഹോമിൽ പ്രവേശിപ്പിക്കുന്നത്. 12 മുതൽ 18 വയസ്സ് വരെയുള്ള 55 വിദ്യാർഥികളുണ്ട്. സമീപത്തുള്ള സ്കൂളിലാണു പഠിപ്പിക്കുന്നതെങ്കിലും ചിൽഡ്രൻസ് ഹോമിൽ എല്ലാ ദിവസവും രാവിലെയും വൈകിട്ടും പ്രത്യേകം ക്ലാസ്സുകളുണ്ട്. ഇതിനാണു കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട അധ്യാപകരുള്ളത്.

രാവിലെ 7.30 മുതൽ 9 വരെയും വൈകിട്ടു 6.30 മുതൽ 8 വരെയുമാണു ക്ലാസ്.16 വർഷമായി ജോലി ചെയ്യുന്ന ബിജിയാണ് ഏറ്റവും സീനിയർ. അൺഎയ്ഡഡ് സ്കൂളിലെ ജോലി വേണ്ടെന്നു വച്ചാണ് ഇവിടെയെത്തിയത്. 29 വർഷം എയ്ഡഡ് സ്കൂളിൽ അധ്യാപകനായും 4 വർഷം പ്രധാനാധ്യാപകനായും ജോലി ചെയ്തയാളാണ് ജോർജ് ഫിലിപ്. വിരമിച്ച ശേഷം ഇവിടെയെത്തി. എൻജിനീയറിങ് കോളജിലെ ജോലി രാജിവച്ച ഗ്രീഷ്മ ഇടയാടിയിൽ ഒരു വർഷമായി കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയാണ്. വിവിധ സ്കൂളുകളിൽ ജോലി ചെയ്തിട്ടുള്ള ദീപ ഒടുവിൽ ഇവിടെ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. 5 വർഷമായി തുടരുന്ന സിന്ധുമോൾ അധ്യാപികയെന്നതിനു പുറമേ എജ്യൂക്കേറ്റർ എന്ന ജോലിയും ചെയ്തു വരുന്നു. കുട്ടികളുടെ അഡ്മിഷൻ മുതൽ പിടിഎയുടെ ചുമതലയും വഹിക്കുന്നുണ്ട്. സൂപ്രണ്ട് ബിനു ജോൺ, ചൈൽഡ് വെൽഫെയർ ഇൻസ്പെക്ടർ കുഞ്ഞമ്മദ് കൊഴക്കോട്, കെയർ ടേക്കർ ജി.രഞ്ജിത് എന്നിവർ ഉൾപ്പെടെയുള്ള ജീവനക്കാർക്കാണു ദൈനംദിന കാര്യങ്ങളുടെ ചുമതല. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള കുട്ടികളാണ് ചിൽഡ്രൻസ് ഹോമിലുള്ളത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com