മൾട്ടിപ്പിൾ എൻട്രി– എക്സിറ്റ് എളുപ്പമല്ല: പാർലമെന്ററി സമിതി
Mail This Article
ന്യൂഡൽഹി ∙ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ‘മൾട്ടിപ്പിൾ എൻട്രി– മൾട്ടിപ്പിൾ എക്സിറ്റ്’ രീതിയിൽ പല പ്രശ്നങ്ങളും നേരിടാൻ സാധ്യതയുണ്ടെന്നു പാർലമെന്ററി സ്ഥിരം സമിതിയുടെ റിപ്പോർട്ട്. ബിരുദ പ്രോഗ്രാമിന്റെ ഇടയ്ക്കുവച്ചു പഠനം നിർത്തി പുറത്തുപോകാനും പിന്നീട് സൗകര്യാനുസരണം പഠനം പുനരാരംഭി ക്കാനുമുള്ള സൗകര്യം പാശ്ചാത്യ രാജ്യങ്ങളിൽ ഫലപ്രദമാണെങ്കിലും ഇന്ത്യയിൽ അങ്ങനെയായേക്കില്ലെന്ന് ബിജെപിയുടെ രാജ്യസഭാംഗം വിവേക് ഠാക്കൂർ അധ്യക്ഷനായ സമിതി വിലയിരുത്തി.
Read Also : വിദ്യാർഥികളെ തോൽപിച്ചെന്ന പരാതി; തൃശൂർ ഗവ. എൻജി. കോളജിലെ 2 അധ്യാപകർക്ക് പിഴ
എത്ര വിദ്യാർഥികൾ ഇടയ്ക്കുവച്ചു പുറത്തുപോകുമെന്നും എത്രപേർ ഇടയ്ക്കുവച്ചു പഠിക്കാനെത്തുമെന്നും പ്രവചിക്കുക ബുദ്ധിമുട്ടായിരിക്കും. ഇതു വിദ്യാർഥി–അധ്യാപക അനുപാതത്തെവരെ ബാധിക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവുള്ള ഗ്രാമീണ മേഖലകളിൽ ഇതു നടപ്പാക്കാൻ കൂടുതൽ പ്രയാസമായിരിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിവിധ സർവകലാശാലകളും മറ്റ് ഏജൻസികളുമായി ഇക്കാര്യം ചർച്ച ചെയ്യണമെന്നാണു റിപ്പോർട്ടിലെ നിർദേശം. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ രാജ്യത്ത് അധ്യാപക–വിദ്യാർഥി അനുപാതം മെച്ചപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2016–17ൽ 1:25 ആയിരുന്ന അനുപാതം 2020–21ൽ 1:24 എന്ന നിലയിലേ എത്തിയിട്ടുള്ളൂ. പ്രതീക്ഷിക്കപ്പെടുന്ന 1:15 അനുപാതത്തിലേക്ക് ഇപ്പോഴുമെത്തിയിട്ടില്ല.
Content Summary : Parliamentary Report Reveals Potential Roadblocks in India's Multiple Entry - Multiple Exit' Education Policy