ADVERTISEMENT

ന്യൂഡൽഹി ∙ ആരോഗ്യപരിപാലന മേഖലയിലുള്ള പ്രഫഷനലുകളുടെ ലഭ്യതയിലെ പ്രാദേശിക അസമത്വം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് എംബിബിഎസ് സീറ്റുകളുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവരാൻ തീരുമാനിച്ചതെന്നു ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) വിശദീകരണം. 10 ലക്ഷം പേർക്കു 100 സീറ്റ് എന്ന നിലയിലാകും മെഡിക്കൽ കോളജുകൾ അനുവദിക്കുകയെന്ന എൻഎംഎസി നിർദേശത്തിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ പ്രതിഷേധം ഉയർത്തിയതിനു പിന്നാലെയാണു വിശദീകരണം. 

മെഡിക്കൽ കോളജുകൾ വ്യാപകമാകുന്നതിനെതിരെ പല കോടതികളും എൻഎംസിക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ടെന്നും മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരം നിലനിർത്തേണ്ടതുണ്ടെന്നും എൻഎംസി വിശദീകരിക്കുന്നു. മെഡിക്കൽ വിദ്യാർഥികൾക്കു ശരിയായ അധ്യാപന അന്തരീക്ഷം ലഭ്യമാക്കുക, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണു ഓരോ സംസ്ഥാനത്തെയും യുജി മെഡിക്കൽ സീറ്റുകൾ ജനസംഖ്യയിൽ 10 ലക്ഷം പേർക്കു 100 എന്ന നിലയിൽ പരിമിതപ്പെടുത്താനുള്ള വ്യവസ്ഥ എൻഎംസി വിജ്ഞാപനം ചെയ്തത്. ഇത് ആരോഗ്യമേഖലയിലെ പ്രഫഷനലുകളുടെ ലഭ്യതയിലെ പ്രാദേശിക അസമത്വം കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു–എൻഎംസി വിശദീകരിച്ചു. 

കേരളത്തിൽ നിലവിൽ 10 ലക്ഷം പേർക്കു 130 എംബിബിഎസ് സീറ്റ് എന്ന നിലയിൽ സ്ഥാപനങ്ങളുണ്ട്. കർണാടകയിൽ ഇതു 173 ആണ്. തമിഴ്നാട്ടിൽ 11 എന്നതാണു നില. അതേസമയം, ബിഹാറിൽ ഓരോ 10 ലക്ഷം പേർക്കും 21 മെഡിക്കൽ സീറ്റുകൾ മാത്രമാണുള്ളത്. ഉത്തർപ്രദേശിൽ 10 ലക്ഷം പേർക്കു 41 സീറ്റ് എന്നതാണ് അനുപാതം.

Content Summary:

NMC's decision to restrict MBBS seats aims to bridge healthcare disparities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com