ADVERTISEMENT

തിരുവനന്തപുരം ∙ സ്കൂൾ വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചതിനു പിന്നാലെ ആരോഗ്യ–ഭിന്നശേഷി വിവരങ്ങളും കേന്ദ്ര സർക്കാർ ശേഖരിക്കുന്നു. ഇതിനായുള്ള ഓൺലൈൻ സർവേ സംസ്ഥാനത്തെ സ്കൂളുകളിൽ ഉടൻ ആരംഭിക്കും. 

ഇതും ചെയ്യേണ്ടത് അധ്യാപകർ തന്നെ. പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികളുടെയും കഴിഞ്ഞവർഷം പഠിച്ചവരുടെയും 54 ഇന വ്യക്തിഗത വിവരങ്ങൾ കേന്ദ്ര പോർട്ടലായ യുഡയസിൽ ശേഖരിച്ചു നൽകേണ്ട വലിയ ദൗത്യം അധ്യാപകർ പൂർത്തിയാക്കിയതിനു പിന്നാലെയാണു അടുത്ത കേന്ദ്ര സർവേ. 

സ്കൂളിലെ പതിവ് അധ്യാപന–പാഠ്യേതര പ്രവർത്തനങ്ങൾക്കൊപ്പം ഇത്തരം വിവരശേഖരണവും ഏറ്റെടുക്കേണ്ടി വരുന്നതോടെ വലയുകയാണ് അധ്യാപകർ. ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച വിവരങ്ങൾ അധ്യാപകർക്ക് എങ്ങനെ സാക്ഷ്യപ്പെടുത്താനാകുമെന്നതും പ്രശ്നമാണ്.  

എൻസിഇആർടി രൂപപ്പെടുത്തിയ ‘പ്രശസ്ത്’ എന്ന ഓൺലൈൻ ആപ്ലിക്കേഷനിലൂടെയാണ് പുതിയ ഭിന്നശേഷി സർവേ നടത്തുന്നത്. പെട്ടെന്നു തിരിച്ചറിയപ്പെടാതെ പോകുന്നതടക്കം കുട്ടികളുടെ പല തരത്തിലുള്ള ഭിന്നശേഷികൾ കണ്ടെത്തി അതിനനുസരിച്ചുള്ള വിദ്യാഭ്യാസവും കരുതലും ഉറപ്പാക്കുകയാണ് സർവേയുടെ ലക്ഷ്യം. 

പ്രാഥമിക തല സർവേയിൽ അധ്യാപകർ ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്ത് ഓരോ വിദ്യാർഥിയുടെയും ഭിന്നശേഷി സംബന്ധിച്ച ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം മാർക്ക് ചെയ്യണം. 

പ്രധാനാധ്യാപകർ, സ്പെഷൽ എജ്യൂക്കേറ്റർമാർ, കൗൺസലർമാർ എന്നിവരാണ് 21 തരം ഭിന്നശേഷി സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തേണ്ട രണ്ടാം ഘട്ട സർവേ നടത്തേണ്ടത്. 

കാഴ്ച, കേൾവി, സംസാര പരിമിതി ഉൾപ്പെടെ ശാരീരിക വെല്ലുവിളികൾക്കൊപ്പം മാനസികവും ബൗദ്ധികവുമായ പ്രശ്നങ്ങളും പലവിധ രോഗങ്ങൾ വന്നിട്ടുണ്ടോ എന്നതുമെല്ലാം സർവേയുടെ ഭാഗമാണ്. യുഡയസ് സർവേ വന്നപ്പോൾ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വ്യക്തിഗത വിവരങ്ങളടക്കം കേന്ദ്രത്തിന് നൽകുന്നതിനെ കേരളം ആദ്യം എതിർത്തിരുന്നു. എന്നാൽ കേന്ദ്ര ധനസഹായത്തെയടക്കം അതു ബാധിക്കുമെന്നു വന്നതോടെ വിവരങ്ങൾ നൽകാൻ തയാറാവുകയായിരുന്നു.

സ്റ്റേറ്റ് എജ്യുക്കേഷൻ അച്ചീവ്മെന്റ് സർവേ നാളെ

സംസ്ഥാനത്തെ പൊതുവായ  പഠനനിലവാരം റിപ്പോർട്ടായി നൽകും

മനോരമ ലേഖകൻ

തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളുടെ പഠനനിലവാരം അളക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ‘സ്റ്റേറ്റ് എജ്യുക്കേഷൻ അച്ചീവ്മെന്റ് സർവേ’ നാളെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നടക്കും. 3–ാം ക്ലാസിൽ ഭാഷ, ഗണിതം, 6–ാം ക്ലാസിൽ ഭാഷ, ഗണിതം, സയൻസ്, 9–ാം ക്ലാസിൽ ഇംഗ്ലിഷ്, ഗണിതം, സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലെ പഠനമികവാണ് അളക്കുന്നത്.  പതിനായിരത്തിലേറെ സ്കൂളുകളിലെ 3 ലക്ഷത്തിലേറെ കുട്ടികൾ പരീക്ഷാ മാതൃകയിലുള്ള സർവേയിൽ പങ്കെടുക്കും.

സ്കൂളുകളെയും കുട്ടികളെയും റാൻഡം സിലക്‌ഷൻ വഴിയാണ് തിരഞ്ഞെടുക്കുന്നത്. ഒരു സ്കൂളിൽനിന്ന് 30 കുട്ടികൾ.

ഓപ്ഷനുകളിൽനിന്നു ശരിയുത്തരം അടയാളപ്പെടുത്തുന്ന ഒഎംആർ രീതിയിലാണു പരീക്ഷ. 

എൻസിഇആർടിക്കു കീഴിലുള്ള ഏജൻസിയായ പരാഖ് ആണ് സർവേ സംഘടിപ്പിക്കുന്നത്. ഇവർ തന്നെ ഉത്തരക്കടലാസ് തിരികെ വാങ്ങി സ്കാൻ ചെയ്തു മൂല്യനിർണയം നടത്തും. വ്യക്തിഗത ഫലപ്രഖ്യാപനമില്ല; സംസ്ഥാനത്തെ പൊതുവായ പഠനനിലവാരം റിപ്പോർട്ടായി നൽകും.

Content Summary:

Central Government to Collect Health and Disability Information of School Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com