ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനതലം വരെ നടത്തിക്കഴിഞ്ഞ സ്കൂൾ കായിക മേളകൾക്കായി ഹയർ സെക്കൻഡറി വിദ്യാർഥികളിൽ നിന്ന് അധിക പണം പിരിക്കാൻ നീക്കം. സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ നട്ടം തിരിയുന്ന സാഹചര്യത്തിലാണ് വിദ്യാർഥികളിൽ നിന്ന് അധിക പിരിവ്.ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാർഥികളിൽ നിന്ന് അധ്യയന വർഷത്തിന്റെ ആദ്യം തന്നെ കായിക മേള നടത്തിപ്പിനായി അത്‌ലറ്റിക് ഫണ്ടിനത്തിൽ 50 രൂപ വീതം പിരിച്ചിരുന്നു. ഇതിനു പുറമേയാണ് വീണ്ടും 25 രൂപ കൂടി ഈടാക്കാൻ നിർബന്ധിത പിരിവ്. 30ന് മുൻപ് അധിക തുക കൂടി പിരിച്ച് അടയ്ക്കണമെന്നാണ് പ്രിൻസിപ്പൽമാർക്കുളള നിർദേശം.  

9,10 ക്ലാസുകളിലെയും ഹയർ സെക്കൻഡറി സ്കൂളുകളിലെയും വിദ്യാർഥികളിൽ നിന്നാണ് അധ്യയന വർഷ ആരംഭത്തിൽ സ്പെഷൽ ഫീസിനൊപ്പം കായിക–കലാ മേളകൾക്കായും ഫണ്ട് പിരിക്കുന്നത്. 9,10 ക്ലാസുകാരിൽ നിന്ന് ഓരോ മേളയ്ക്കും 10 രൂപ വീതവും ഹയർ സെക്കൻഡറി തലത്തിൽ 50 രൂപ വീതവുമാണിത്. അത്‌ലറ്റിക് ഫണ്ട്  വർധിപ്പിക്കണമെന്ന പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ശുപാർശയനുസരിച്ച്  9,10 ക്ലാസുകാരിൽ നിന്ന് 15 രൂപയും ഹയർ സെക്കൻഡറിയിൽ നിന്ന് 75 രൂപയും പിരിക്കാൻ അനുമതി നൽകി ഈ മാസം 7ന് ഉത്തരവിറക്കിയിരുന്നു. പക്ഷേ സംസ്ഥാന തലം വരെയുള്ള കായിക മേളകൾ അതിനു മുൻപേ പൂർത്തിയായിരുന്നു. ഈ സാഹചര്യത്തിൽ അടുത്ത വർഷം മുതൽ ബാധകമാകേണ്ട ഉത്തരവിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ അധിക പിരിവ്. 

കലോത്സവത്തിനായി ആദ്യം ഈടാക്കുന്ന ഫീസിനു പുറമേ കലോത്സവ സമയമാകുമ്പോൾ സബ് ജില്ലാ ഓഫിസുകളിൽ നിന്നുള്ള നിർദേശ പ്രകാരം എൽപി തലം മുതലുള്ള കുട്ടികളിൽ നിന്നു പണം പിരിക്കുന്നുണ്ട്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം 8–ാം ക്ലാസ് വരെ ഒരു ഫീസും ഈടാക്കാൻ പാടില്ലെന്നിരിക്കെയാണ് ഈ അനധികൃത പിരിവ്. 25 മുതൽ 50 രൂപ വരെയാണ് പിരിക്കുന്നത്.

Content Summary:

Extra Charges for School Sports Spark Outrage Among Higher Secondary Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com