ADVERTISEMENT

കൊച്ചി∙ ഓൾ ഇന്ത്യ പ്രഫഷനൽസ് കോൺഗ്രസ് (എഐപിസി) കേരളയുടെ ആഭിമുഖ്യത്തിൽ ‘ദേശീയ വിദ്യാഭ്യാസ നയം 2020 ഉന്നത വിദ്യാഭ്യാസ രംഗത്തെ എങ്ങനെ ബാധിക്കുന്നു’ എന്ന വിഷയത്തിൽ എറണാകുളം ഐഎംഎ ഹാളിൽ വച്ച് പാനൽ ചർച്ച സംഘടിപ്പിച്ചു. ഹൈബി ഈഡൻ എംപി  ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എഐപിസി. കേരള പ്രസിഡന്റ് ഡോ.എസ്.എസ്. ലാൽ അധ്യക്ഷത വഹിച്ചു. കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ. എം.സി.ദിലീപ് കുമാർ മോഡറേറ്ററായ ചർച്ചയിൽ എംഇഎസ്. മാറമ്പിളളി കോളജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി.മുഹമ്മദ്, രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. ജെയ്സൺ മുളേരിക്കൽ സിഎംഐ, മാന്നാനം കെഇ കോളജ് പൊളിറ്റിക്കൽ സയൻസ് അസി. പ്രഫ. ഡോ. വിനു ജെ.ജോർജ് എന്നിവർ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിച്ചു.

‘‘അങ്കണവാടി മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിദ്യാർഥികളെ നേരിട്ടു ബാധിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020 നെ സംബന്ധിച്ചും അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ എങ്ങനെ കൈവരിക്കാൻ സാധിക്കും എന്നതിനെ സംബന്ധിച്ചും അവ്യക്തത തുടരുകയാണ്. നയം ഫലപ്രദമായി നടപ്പിൽ വരുത്തുന്നത് സംബന്ധിച്ച് സർക്കാർ അടിയന്തരമായി ബന്ധപ്പെട്ടവരെ കൂടി ഉൾപ്പെടുത്തി ചർച്ചകൾ സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.’’ – മോഡറേറ്റർ പ്രഫ. എം.സി. ദിലീപ് കുമാർ ചർച്ചയുടെ ആമുഖത്തിൽ അഭിപ്രായപ്പെട്ടു.

‘‘ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഒരു പ്രധാന ലക്ഷ്യം ഗ്രോസ് എൻറോൾമെന്റ് നിരക്ക് 2035 ആകുമ്പോഴേക്കും 50 ശതമാനമായി ഉയർത്തുക എന്നതാണ്. പ്രസ്തുത നയം വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാംപസുകൾ ആരംഭിക്കുവാനുള്ള അവസരം തുറക്കുന്നതാണെങ്കിലും ഗുണഭോക്താക്കളുടെ സമീപനത്തെ ആശ്രയിച്ചിരിക്കും ഇതിന്റെ ഭാവി’’– ഡോ. അജിംസ് പി. മുഹമ്മദ് പറഞ്ഞു.

‘‘പഴയ ബ്രിട്ടിഷ് കാലത്തിന്റെ അവശേഷിപ്പായ സർവകലാശാല അഫീലിയേഷൻ സംവിധാനത്തിൽനിന്ന് കൽപിത സർവകലാശാലകളിലേക്കും സ്വയം ഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വിദേശ സർവകലാശാലയിലേക്കുമുള്ള മാറ്റം മികച്ചതും പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ അനിവാര്യതയുമാണ്. നിലവിലുള്ള സർവകലാശാല സംവിധാനത്തെ ശക്തിപ്പെടുത്തിക്കൊണ്ടു തന്നെ കൽപിത, സ്വകാര്യ സർവകലാശാലകൾക്ക് അനാവശ്യ കുരുക്കുകൾ ഇല്ലാതെ അവസരം തുറന്ന് കൊടുക്കാൻ കേരളം തയാറെടുക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.’’ – ഫാ. ഡോ. ജെയ്സൺ മുളേരിക്കൽ അഭിപ്രായപ്പെട്ടു.

‘‘നാലു വർഷ ബിരുദം ആരംഭിക്കുമ്പോൾ അവയുടെ കോഴ്സ് ഘടനയും രൂപകൽപനയും അക്കാദമിക് പ്രാഗാൽഭ്യമുള്ള  വിദ്യാർഥികളെ നമ്മുടെ കലാലയങ്ങളിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുന്നവ ആയിരിക്കണം’’.–  ഡോ. വിനു ജെ. ജോർജ് പറഞ്ഞു.

എഐപിസി കേരള സെക്രട്ടറി സുധീർ മോഹൻ, വൈസ് പ്രസിഡന്റ് ഹൈഫ മുഹമ്മദ് അലി, ഓർഗനൈസേഷൻ മാറ്റേഴ്സ് സ്റ്റേറ്റ് കോഓർഡിനേറ്റർ ഫസലു റഹ്മാൻ, വിദ്യാഭ്യാസ കോഓർഡിനേറ്റർ ആദിൽ അസീസ്, ഷബ്ന ഇബ്രാഹിം, എൽദോ ചിറക്കച്ചാലിൽ എന്നിവർ പ്രസംഗിച്ചു. വിശദമായ പഠന റിപ്പോർട്ട് ഉടൻ പുറത്തുവിടുമെന്ന് സംഘാടകർ അറിയിച്ചു.

Content Summary:

AIPC Panel Discussion on National Education Policy 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com