എസ്എസ്എൽസി, ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്നുമുതൽ
Mail This Article
തിരുവനന്തപുരം ∙ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, ഹയർ സെക്കൻഡറി , വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് ആരംഭിക്കും. എസ്എസ്എൽസി മൂല്യനിർണയത്തിന് ആകെ 70 ക്യാംപുണ്ട്. പതിനായിരത്തോളം അധ്യാപകർ പങ്കെടുക്കും. 38.5 ലക്ഷം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്. ഹയർ സെക്കൻഡറിയിൽ ആകെ 77 ക്യാംപ് . ഇതിൽ 25 എണ്ണത്തിൽ ഇരട്ട മൂല്യനിർണയം നടക്കും. ഏകദേശം 25000 അധ്യാപകർ പങ്കെടുക്കും. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറിയിൽ പഠിക്കുന്ന 8.5 ലക്ഷത്തോളം പേരുടെ 52 ലക്ഷത്തിലധികം ഉത്തരക്കടലാസുകളുണ്ട്. ടിഎച്ച്എസ്എൽസിക്ക് 2 ക്യാംപുകളിൽ ഏകദേശം 110 അധ്യാപകർ ഇരുപതിനായിരത്തോളം ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തും. എഎച്ച്എസ്എൽസിയുടെ മൂല്യനിർണയം ഒരു ക്യാംപിൽ നടക്കും. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 8 ക്യാംപുകൾ ഉണ്ട്. 2200 അധ്യാപകർ പങ്കെടുക്കും. 3.40 ലക്ഷം ഉത്തരക്കടലാസുകളുണ്ട്.
ഇലക്‌ഷൻ പരീശീലനവും ഒപ്പം; മൂല്യനിർണയം താളം തെറ്റും
തിരുവനന്തപുരം ∙ എസ്എസ്എൽസി, ഹയർ സെക്കൻഡറി മൂല്യ നിർണയ ക്യാംപുകൾ ഇന്നു തുടങ്ങാനിരിക്കേ, ഹയർ സെക്കൻഡറി അധ്യാപകരോട് തിരഞ്ഞെടുപ്പ് പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ നിർദേശം. ഭൂരിഭാഗം ഹയർ സെക്കൻഡറി അധ്യാപകരും പ്രിസൈഡിങ് ഓഫിസറോ ഒന്നാം പോളിങ് ഓഫിസറോ ആണ്.
ഇന്നലെ തുടങ്ങിയ ഒന്നാം ഘട്ട പരിശീലനം 5 ന് സമാപിക്കും. മൂല്യ നിർണയ ക്യാംപ് ഒഫിഷ്യലുകളും മൂല്യനിർണയത്തിൽ പങ്കെടുക്കേണ്ട അധ്യാപകരും കൂട്ടത്തോടെ ഈ ദിവസങ്ങളിൽ പരിശീലന പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ ക്യാംപുകളുടെ പ്രവർത്തനം താളംതെറ്റും. 6 -7 അധ്യാപകരുള്ള ടീമുകളായാണ് മൂല്യനിർണയം .ഒരാൾ ചീഫ് എക്സാമിനറും ബാക്കിയുള്ളവർ അസിസ്റ്റൻറ് എക്സാമിനർമാരുമാണ്. ക്യാംപ് തുടങ്ങേണ്ട ഇന്നാണ് ടീം രൂപീകരണം നടത്തുക. ഭൂരിഭാഗം അധ്യാപകരും തിരഞ്ഞെടുപ്പ് പരിശീലനത്തിൽ പങ്കെടുക്കുന്നതിനാൽ ടീം രൂപീകരണം പ്രയാസമാകും.
തുടർന്നുള്ള ദിവസങ്ങളിലും മൂല്യനിർണയ പ്രക്രിയയെ ബാധിക്കും. മൂല്യനിർണയം തുടങ്ങുന്നതു മാറ്റിവയ്ക്കുകയോ മൂല്യനിർണയമുള്ള അധ്യാപകർക്ക് സൗകര്യപ്രദമായ പരിശീലന സെഷനിൽ പങ്കെടുക്കാൻ അവസരം നൽകുകയോ വേണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എച്ച്എസ്ടിഎ) ജനറൽ സെക്രട്ടറി എസ്.മനോജ് വിദ്യാഭ്യാസ മന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു.