എസ്എസ്എൽസി: സ്പോർട്സ് ഗ്രേസ് മാർക്ക് പലർക്കും കിട്ടിയില്ല

Mail This Article
തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷയിൽ സ്പോർട്സുമായി ബന്ധപ്പെട്ട് ഗ്രേസ് മാർക്കിന് അർഹതയുള്ള പലർക്കും അത് ഫലത്തിൽ ഉൾപ്പെടുത്തിയില്ലെന്നു പരാതി. നേരത്തേ തന്നെ സ്പോർട്സ് കൗൺസിലിന്റെ അംഗീകൃത സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും ഗ്രേസ് മാർക്ക് ഉൾപ്പെടുത്താതെ ഫലം പ്രഖ്യാപിച്ചെന്നാണു പരാതി. ഇതു ഗ്രേഡിനെയും ബാധിച്ചു. സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നാണ് സ്പോർട്സ് ഗ്രേസ് മാർക്ക് അനുവദിക്കുന്നത്. മറ്റു ഗ്രേസ് മാർക്കുകൾ ഡപ്യൂട്ടി ഡയറക്ടർ(ഡിഡി) ഓഫിസുകൾ മുഖേനയാണ് അനുവദിക്കുക.
കഴിഞ്ഞ 8ന് ആണ് എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചത്. 6 വരെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്ന് ഓൺലൈൻ ആയി അനുവദിച്ച സ്പോർട്സ് ഗ്രേസ് മാർക്ക് ഉൾപ്പെടുത്തിയാണ് ഫലം പ്രഖ്യാപിച്ചതെന്ന് പരീക്ഷാ ഭവൻ സെക്രട്ടറി എസ്.സന്തോഷ് കുമാർ അറിയിച്ചു. അതിനു ശേഷം അനുവദിക്കുന്ന ഗ്രേസ് മാർക്കും ഉൾപ്പെടുത്തി ഫലം പരിഷ്കരിച്ചു നൽകിക്കൊണ്ടിരിക്കു കയാണെന്നും വ്യക്തമാക്കി. മാന്വൽ ആയാണ് ഇത് ചെയ്യുന്നത്. പരീക്ഷാഭവൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പരീക്ഷാഫലത്തിൽ ഗ്രേസ് മാർക്ക് ഉൾപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമായാൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് വഴിയും ഡിഡി ഓഫിസ് വഴിയും ഇനിയും പ്രശ്നം പരിഹരിക്കാവുന്നതാണ്.