എംജി പിജി ഏകജാലകം: റജിസ്‌ട്രേഷൻ തുടങ്ങി

Mail This Article
കോട്ടയം ∙ എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളജുകളിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ ഏകജാലക പ്രവേശനത്തിന് ഓൺലൈൻ റജിസ്‌ട്രേഷൻ ആരംഭിച്ചു. എയ്ഡഡ്, എയ്ഡഡ് ഫോർവേഡ് കമ്യൂണിറ്റി കോളജുകളിലെ 70% മെറിറ്റ് സീറ്റുകളിലേക്കും 10% കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും എയ്ഡഡ് ബാക്ക്‌വേഡ് കമ്യൂണിറ്റി കോളജുകളിലെ 60% മെറിറ്റ് സീറ്റുകളിലേക്കും 20% കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും സർക്കാർ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും സ്വാശ്രയ കോളജുകളിലെ 50% സീറ്റുകളിലേക്കും പ്രവേശനം ഏകജാലകം വഴിയായിരിക്കും. വെബ്സൈറ്റ്: https://cap.mgu.ac.in
മാനേജ്‌മെന്റ്, ലക്ഷദ്വീപ് ക്വോട്ടകളിൽ ഓൺലൈൻ മുഖേന മാത്രമാണ് അപേക്ഷ സ്വീകരിക്കുക. രണ്ടു വിഭാഗത്തിലും പ്രവേശനം തേടുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ അപേക്ഷ നൽകുമ്പോൾ ഈ അപേക്ഷാ നമ്പർ നൽകുകയും ചെയ്യണം. ലക്ഷദ്വീപിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഓരോ കോളജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ഭിന്നശേഷി, സ്‌പോർട്‌സ്, കൾചറൽ ക്വോട്ടകളിൽ സംവരണം ചെയ്ത സീറ്റുകളിലേക്കും ഓൺലൈനിലാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷകർ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പതിപ്പ് അപേക്ഷയ്‌ക്കൊപ്പം അപ്‌ലോഡ് ചെയ്യണം. അക്കൗണ്ട് ക്രിയേറ്റ് ചെയ്തപ്പോൾ നൽകുന്ന ഓൺലൈൻ അപേക്ഷയിലെ പേര്, സംവരണ വിഭാഗം, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, പരീക്ഷാ ബോർഡ്, റജിസ്റ്റർ നമ്പർ, അക്കാദമിക് വിവരങ്ങൾ (മാർക്ക്) എന്നിവ ഒഴികെയുള്ള വിവരങ്ങൾ ആവശ്യമെങ്കിൽ തിരുത്താം. ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനും സൗകര്യമുണ്ടാകും. നിശ്ചിത തീയതിക്കു ശേഷം അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനോ ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനോ സാധിക്കില്ല.

സംവരാണാനുകൂല്യം വേണ്ടവർ ഓൺലൈൻ അപേക്ഷയോടൊപ്പം കമ്യൂണിറ്റി/കാസ്റ്റ് സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പതിപ്പ് അപ്‌ലോഡ് ചെയ്യണം. വിമുക്ത ഭടൻ, ജവാൻ, എൻസിസി, സ്‌കൗട്ട് എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ബോണസ് മാർക്ക് ലഭിക്കുന്നതിനു പ്രോസ്‌പെക്ടസിൽ നിർദേശിച്ച സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പതിപ്പ് അപ്‌ലോഡ് ചെയ്യണം. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവരും നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം ഓൺലൈനിൽ നൽകണം. എയ്ഡഡ് കോളജുകളിൽ കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിൽ പ്രവേശനം തേടുന്നവർ സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പതിപ്പ് സഹിതം ഓൺലൈനിൽ അപേക്ഷിക്കണം. ഈ സീറ്റുകളിലേക്ക് മെറിറ്റ് അടിസ്ഥാനത്തിലുള്ള അലോട്‌മെന്റ് സർവകലാശാല നേരിട്ടു നടത്തും.