ഒരു മര്യാദയൊക്കെ വേണ്ട, കുട്ടികളുടെ ഭാവിവച്ച് കളിക്കരുത്! അധ്യാപികയുടെ മൂല്യനിർണയത്തെ വിമർശിച്ച് വെർച്വൽ ലോകം

Mail This Article
എന്തും ഏതും വൈറലാകുന്ന പുതിയ കാലത്ത് ആളുകളെ ഇരുത്തി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒരു റീലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ബിഹാറിലെ അധ്യാപകർ എന്ന എക്സ് ഹാൻഡിലിലൂടെയാണ് (പഴയ ട്വിറ്റർ) വിഡിയോ ദൃശ്യങ്ങൾ തരംഗമായത്. ബിഹാറിൽ ഒരു അധ്യാപിക ഉത്തരക്കടലാസ് നോക്കുന്നതിന്റെ ദൃശ്യങ്ങളാണ് പരക്കെ പ്രചരിപ്പിക്കപ്പെട്ടത്. പിപിയു പരീക്ഷയുടെ മൂല്യനിർണയമാണ് അധ്യാപിക വളരെ ലാഘവത്തോടെ നിർവഹിക്കുന്നത്.
വിദ്യാർഥികൾ രണ്ടും രണ്ടരയും മണിക്കൂറെടുത്ത് വളരെ കഷ്ടപ്പെട്ടെഴുതുന്ന പരീക്ഷയുടെ ഉത്തരക്കടലാസ് വെറും നിമിഷങ്ങൾ കൊണ്ടാണ് അധ്യാപിക മൂല്യനിർണയം നടത്തുന്നത്. ഉത്തരക്കടലാസിലെന്താണ് എഴുതിയിരിക്കുന്നതെന്ന് വായിച്ചു നോക്കാനുള്ള മര്യാദപോലും അവർ കാട്ടുന്നില്ല. ഉത്തരക്കടലാസിലെ താളുകൾ ധ്രുതഗതിയിൽ മറിച്ച് മാർക്കിടുന്ന അധ്യാപികയെയാണ് ദൃശ്യങ്ങളിൽ കാണാനാവുക.
സമൂഹമാധ്യമത്തിൽ റീലിടാനായി മാത്രം ഇത്രയും നിരുത്തരവാദിത്തപരമായി ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുന്ന അധ്യാപികയെ വിമർശിച്ചുകൊണ്ട് നിരവധിപേരാണ് റീലിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഇത്രയും ലാഘവത്തോടെ ഉത്തരക്കടലാസിൽ മാർക്കിടുന്ന അധ്യാപികയ്ക്കെതിരെ എഫ്ഐആർ ചുമത്തണമെന്നും വിദ്യാർഥികളുടെ ഭാവിവച്ച് അഹങ്കാരം കാട്ടുന്ന ഇവർക്ക് ഉചിതമായ ശിക്ഷ നൽകണമെന്നും അഭിപ്രായപ്പെട്ടവർ കുറവല്ല.
അധ്യാപകരുടെ മൂഡ് മാറുന്നതിനനുസരിച്ച് അർഹിക്കുന്നതിൽ കൂടുതൽ മാർക്ക് കിട്ടിയവരും മോശം മൂഡായതിനാൽ അർഹിക്കുന്ന മാർക്ക് പോലും കിട്ടാത്തവരുമായി ഒരുപാടാളുകൾ ഈ സമൂഹത്തിലുണ്ടെന്നും വിദ്യാർഥികളുടെ ഭാവിവച്ചുള്ള ഇത്തരം കളികൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നവർ കുറവല്ല.33,20,000 ൽ അധികം പ്രാവശ്യം ആളുകൾ ഈ വിഡിയോ കണ്ടു കഴിഞ്ഞു.