പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

Mail This Article
തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് ഏകജാലക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇന്ന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഇന്നലെ രാത്രി എട്ടരയോടെ തന്നെ പ്രസിദ്ധീ കരിക്കുകയായിരുന്നു. ഇതര സിലബസുകളിൽ നിന്നടക്കം 4,65,960 പേരാണ് അപേക്ഷിച്ചിരിക്കുന്നത്. താൽക്കാലിക ബാച്ചുകളും മാർജിനൽ സീറ്റുകളും ഉൾപ്പെടെ ആകെയുള്ളത് 4,33,231 സീറ്റുകളാണ്. സീറ്റുകളെക്കാൾ 32,729 അപേക്ഷകളാണ് കൂടുതൽ.
31ന് വൈകിട്ട് 5 വരെ ട്രയൽ അലോട്മെന്റ് പട്ടിക പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്താൻ അപേക്ഷകർക്ക് അവസരമുണ്ട്. ജാതി സംവരണ വിവരം, ബോണസ് പോയിന്റ് ലഭിക്കുന്ന വിവരങ്ങൾ, താമസിക്കുന്ന പഞ്ചായത്ത്, താലൂക്ക്, ടൈ ബ്രേക്കിന് പരിഗണിക്കുന്ന പാഠ്യേതര പ്രവർത്തനങ്ങളിലെ മികവ് തുടങ്ങിയവ തിരുത്താം. തിരുത്തലിനുള്ള അവസാന അവസരമാണിത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഭിച്ച അലോട്മെന്റ് റദ്ദാക്കപ്പെടും. ജൂൺ 5ന് ആണ് ആദ്യ അലോട്മെന്റ്.
27ന് പ്രസിദ്ധീകരിച്ച എസ്എസ്എൽസി പുനർമൂല്യനിർണയ ഫലം ട്രയൽ അലോട്മെന്റിൽ പരിഗണിച്ചിട്ടില്ല. ഗ്രേഡ് വ്യത്യാസമുണ്ടെങ്കിൽ അത് ഒന്നാമത്തെ അലോട്മെന്റിൽ പരിഗണിക്കും. എസ്എസ്എൽസി(എച്ച്ഐ), ടിഎച്ച്എസ്എൽസി വിഭാഗങ്ങളിലുള്ളവർക്കും മാറ്റം വന്ന ഗ്രേഡ് 31 വരെ ഉൾപ്പെടുത്താം. സ്പോർട്സ് ക്വോട്ടയിലേക്കും പട്ടിക ക്ഷേമവകുപ്പിനു കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനത്തിനും 30ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം.