ക്യുഎസ് ലോക റാങ്കിങ്ങിൽ ഇടംപിടിച്ച് രാജ്യത്തെ 46 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ
Mail This Article
ന്യൂഡൽഹി : പ്രശസ്തമായ ക്യുഎസ് ലോക റാങ്കിങ്ങിൽ രാജ്യത്തെ 46 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇടംപിടിച്ചു. ബോംബെ, ഡൽഹി ഐഐടികൾ ആദ്യ 150 റാങ്കിൽ ഉൾപ്പെട്ടു. ഐഐടി ബോംബെ ഇത്തവണ 118–ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 149–ാം റാങ്കായിരുന്നു. ഐഐടി ഡൽഹി 150–ാം സ്ഥാനം നേടി. ഡൽഹി യൂണിവേഴ്സിറ്റി (328), അണ്ണാ യൂണിവേഴ്സിറ്റി (383) എന്നീ സ്ഥാപനങ്ങൾ ആദ്യ 400 ൽ ഉൾപ്പെട്ടുവെന്നതും നേട്ടമായി.
മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് (എഐടി) ഒന്നാം റാങ്ക് നേടിയത്. ലണ്ടൻ ഇംപീരിയൽ കോളജ്, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങൾ രണ്ടും മൂന്നും റാങ്ക് സ്വന്തമാക്കി. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (211), ഐഐടി ഖരക്പുർ (270), ഐഐടി മദ്രാസ് (227), ഐഐടി കാൻപുർ (263) തുടങ്ങിയ സ്ഥാപനങ്ങളും ആദ്യ 400 ൽ ഉണ്ട്. ഏറ്റവുമധികം സ്ഥാപനങ്ങൾ ഉൾപ്പെട്ട രാജ്യങ്ങളിൽ ഇന്ത്യ ഏഴാമതാണ്. ഏഷ്യൻ രാജ്യങ്ങളിൽ ചൈന (71), ജപ്പാൻ (49) എന്നിവർക്കു പിന്നിൽ മൂന്നാമതും.