പ്ലസ് വൺ പ്രവേശനം: മുഖ്യഘട്ടത്തിലെ അവസാന അലോട്മെന്റായി

Mail This Article
തിരുവനന്തപുരം ∙ പ്ലസ് വൺ പ്രവേശനം മുഖ്യഘട്ടത്തിലെ അവസാന അലോട്മെന്റ് പ്രസിദ്ധീകരിച്ചു. 21നു വൈകിട്ട് 5 വരെ പ്രവേശനം നേടാം. സ്പോർട്സ് ക്വോട്ട അലോട്മെന്റ് ലഭിച്ചവർക്ക് നാളെ വൈകിട്ട് 4 വരെയാണ് പ്രവേശന സമയം. പട്ടികക്ഷേമ വകുപ്പിനു കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്ക് അലോട്മെന്റ് ലഭിച്ചവരും 21നു വൈകിട്ട് 5ന് അകം പ്രവേശനം നേടണം. 24ന് ആണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്.
താഴ്ന്ന ഓപ്ഷനുകളിൽ അലോട്മെന്റ് ലഭിച്ചതിനെ തുടർന്ന് താൽക്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഉയർന്ന ഓപ്ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടായിരിക്കില്ല. അതിനാൽ അലോട്മെന്റ് ലഭിച്ചവരെല്ലാം ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ സപ്ലിമെന്ററി അലോട്മെന്റുകളിലും പരിഗണിക്കില്ല.
ഇനി സപ്ലിമെന്ററി ഘട്ടം
വിദ്യാർഥികൾക്ക് അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ ഏകജാലക പോർട്ടലിലൂടെ അറിയാനാകും. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും മുഖ്യഘട്ടത്തിൽ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാലും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്മെന്റിനു പരിഗണിക്കാത്തവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ നൽകാം. അപേക്ഷിച്ചിട്ട് അലോട്മെന്റ് ലഭിക്കാത്തവർക്ക് സീറ്റ് ഒഴിവുകൾ അനുസരിച്ച് അപേക്ഷ പുതുക്കി നൽകാം. അലോട്മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ നൽകിയതു മൂലം പ്രവേശനം നിഷേധിക്കപ്പെട്ടവർക്കും തെറ്റു തിരുത്തി നൽകാൻ അവസരമുണ്ട്.