സീറ്റ് ക്ഷാമം: മന്ത്രിയുടെ മറുപടി എല്ലാ റിപ്പോർട്ടുകളും നടപ്പാക്കാനൊക്കുമോ?

Mail This Article
തിരുവനന്തപുരം∙ മലപ്പുറത്തെ സീറ്റ് ക്ഷാമം പഠിക്കാൻ സർക്കാർ വീണ്ടും പുതിയ കമ്മിറ്റിയെ നിയോഗിക്കുമ്പോൾ ഒരു വർഷം മുൻപു തന്നെ ഈ വിഷയം സമഗ്രമായി പഠിച്ച് നിർദേശങ്ങൾ നൽകിയ പ്രഫ. വി.കാർത്തികേയൻ നായർ കമ്മിറ്റി റിപ്പോർട്ട് വെളിച്ചം കണ്ടില്ല. നടപടിയെടുക്കുന്നതു പോയിട്ട് അതു പരസ്യപ്പെടുത്താൻ പോലും തയാറായിട്ടില്ല.
മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നൂറ്റൻപതിലേറെ ബാച്ചുകൾ അധികമായി അനുവദിക്ക ണമെന്നായിരുന്നു ഹയർ സെക്കൻഡറി മുൻ ഡയറക്ടർ കൂടിയായ കാർത്തികേയൻ നായർ അധ്യക്ഷനായ അഞ്ചംഗ സമിതിയുട മുഖ്യശുപാർശ.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ കുട്ടികൾ തീരെക്കുറഞ്ഞ ബാച്ചുകൾ ഇവിടങ്ങളിലേക്കു മാറ്റാമെന്നു ശുപാർശ ചെയ്ത കമ്മിറ്റി ഏതെല്ലാം സ്കൂളുകളിൽ നിന്നുള്ള ബാച്ചുകൾ എവിടേക്കാണ് മാറ്റേണ്ടത് എന്നതടക്കം വ്യക്തമാക്കിയിരുന്നു.
മലപ്പുറത്തെ മുപ്പതോളം ഹൈസ്കൂളുകൾ ഹയർ സെക്കൻഡറിയായി ഉയർത്താനും അൻപതോളം സ്കൂളുകളിലെ വിഷയ കോംബിനേഷൻ മാറ്റത്തിനും ശുപാർശ ചെയ്തു. എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ട പ്രവേശനത്തിൽ മെറിറ്റ് അട്ടിമറിക്കപ്പെടുന്നതിനാൽ സർക്കാർ ഏറ്റെടുക്കണമെന്നതടക്കമുള്ള നിർദേശങ്ങളും ഉണ്ടായിരുന്നു. ഇന്നലെ പുതിയ കമ്മിറ്റി പ്രഖ്യാപനം നടത്തിയ മന്ത്രി വി.ശിവൻകുട്ടിയോട് ഈ റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘എല്ലാ റിപ്പോർട്ടുകളും നടപ്പാക്കാനൊക്കുമോ? സർക്കാരിന് പരിമിതികളുണ്ടാകും’ എന്നായിരുന്നു മറുപടി.