ADVERTISEMENT

കുട്ടിക്കാലം ഒരുപാട് നിറങ്ങളുള്ള ഓർമകളുടെ കാലം കൂടിയാണ്. സ്കൂൾ കാലത്തെ അത്തരം സുന്ദരമായ ഓർമകൾ സ്കൂൾ മെമ്മറീസ് എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുകയാണ് കണ്ണൂർ സ്വദേശിയായ പി.കെ ഗോകുൽ. ഹൈസ്കൂൾ കാലത്ത് നടന്ന അത്തരമൊരു ഗൃഹാതുരമായ ഓർമ ഗോകുൽ പങ്കുവയ്ക്കുന്നതിങ്ങനെ :- 

പറശ്ശിനിക്കടവ് ഹൈസ്കൂളിൽ എട്ടാം തരത്തില്‍ പഠിക്കുന്ന കാലം. പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിന്റെ മടപ്പുരയോടടുത്താണ് സ്കൂള്‍. സ്കൂളിലെ ആയിരത്തിലധികം വരുന്ന കുട്ടികള്‍  ദിവസേന ഉച്ച ഭക്ഷണം കഴിക്കുന്നത് മടപ്പുരയിൽ നിന്നാണ്.  ജാതി വിവേചനം ഇല്ലാതെ ആര്‍ക്കും  വയറു നിറയെ ഭക്ഷണം കഴിക്കാം. എന്‍റെ മനസ്സില്‍ ഒളിമങ്ങാത്ത ഓര്‍മകളായി ആ ദിവസങ്ങളുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്ക് ബെല്ലടിച്ചാലുടൻ ഒറ്റയോട്ടമാണ് മടപ്പുരയിലേക്ക്. ഏകദേശം ആയിരത്തിലധികം വരുന്ന പടികള്‍ കണ്ണടച്ച് തുറക്കും മുമ്പ് ചാടി ഇറങ്ങി ഭക്ഷണശാലയുടെ മുന്നില്‍ വരി വരിയായി നില്‍ക്കും. (വെറുതെയാട്ടോ വരിവരിയായി അനുസരണയോടെ നില്‍ക്കാന്‍ അതും കുരുത്തം കെട്ട ഈ ഞാന്‍. അവിടെ പിന്നെ ഒരാള്‍ക്കും നില്‍ക്കാന്‍ സാധിക്കില്ല എന്തൊരു ഒച്ചപ്പാടണെന്നോ . ഹൊ! ഓര്‍ക്കാന്‍ കൂടി വയ്യ). ആദ്യം എത്താനുള്ള ആവേശത്തില്‍ എത്ര തവണ താഴെ വീണിരിക്കുന്നു.

ഭക്ഷണം കഴിക്കാന്‍ കയറ്റി തുടങ്ങുമ്പോഴേക്കും  തിക്കും തിരക്കും തുടങ്ങും. ഭക്ഷണം കഴിക്കാനുള്ള ഇല തരുമ്പോള്‍ തന്നെ തുടങ്ങും അടുത്ത പ്രശ്നം. കിട്ടുന്നത് ചെറിയ ഇല ആണെങ്കില്‍ കുരുത്തം കെട്ട പിള്ളേര്‍ തന്നെ അത്കീറീ വലിയ ഇല വാങ്ങാന്‍ നോക്കും. കിട്ടിയാൽ കിട്ടി. ഇല വിതരണം ചെയ്യുന്ന  നാരായണേട്ടന്റെ മുഖം അപ്പോഴേക്കും  ചുവന്നിരിക്കും.  ചോറിനോടൊപ്പം സാമ്പാറും മോരു കറിയും കൂട്ടി ഒറ്റ  ഇരിപ്പിനു വാരി വലിച്ചു തിന്നയുടനെ കൈയും കഴുകി രണ്ട് ഗ്ലാസ്സ് കഞ്ഞിവെള്ളവും  കുടിച്ച ശേഷം വീണ്ടും ഓടും. എവിടേക്കാണന്നല്ലേ?. മുത്തപ്പന്‍റെ പ്രസാദമായ പയര്‍ പുഴുങ്ങിയത് വാങ്ങാന്‍.  എന്തൊരു സ്വാദാണെന്നോ. അത് രണ്ട് തവണയെങ്കിലും വാങ്ങും.  പാന്‍റിന്‍റെ കീശയില്‍ പയറും ഇട്ട് സാവധാനം പടികള്‍ കയറാന്‍ തുടങ്ങും . എപ്പോഴും ഭക്ഷണം കഴിച്ച് ആദ്യം എഴുന്നേല്‍ക്കുന്നത് ഈ ഞാന്‍ തന്നെയാവും.  കുട്ടികളെ കൂടാതെ എത്രയെത്ര ആളുകളാണ് ദിവസേന അവിടെ നിന്നും ഭക്ഷണം കഴിക്കാന്‍ വരുന്നത്. അവരുടെ മുന്നിലൂടെ ഒന്നാമനായി എഴുന്നേല്‍ക്കുക എന്നതു വല്യ കാര്യമല്ലേ. ഒരിക്കലും മറക്കാനാവാത്ത എത്രയെത്ര ഓര്‍മകള്‍ .ഇതെഴുതുമ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അനശ്വരമായ ഓര്‍മകള്‍ മനസ്സില്‍ ആനന്ദ നൃത്തം ചവിട്ടുന്ന പോലെ.

English Summary:

The Charm of School Days: PK Gokul Reminisces about Dining Adventures at Parasshinikadav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com