ഐസിഎആർ യുജി കൗൺസലിങ് ചോയ്സ് ഫില്ലിങ് ഇന്നവസാനിക്കും
Mail This Article
∙ രാജ്യത്തെ വിവിധ കാർഷിക സർവകലാശാലകളിലെ ബിരുദ പ്രോഗ്രാമുകളിലേക്ക് അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലെ പ്രവേശനം നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തിയ ‘കോമൺ യൂണിവേഴ്സിറ്റി ഐസിഎആർ അണ്ടർ ഗ്രാജ്വേറ്റ്’ എൻട്രൻസ് ടെസ്റ്റിലെ (CUET-ICAR-UG–2024) റാങ്ക് ആധാരമാക്കി നടത്തും. ഐസിഎആർ നടത്തുന്ന പ്രവേശന കൗൺസലിങ്ങിന്റെ ചോയ്സ് ഫില്ലിങ് ഇന്നവസാനിക്കും: വെബ്സൈറ്റ് : https://icaradmission.in.
ദേശീയതലത്തിലെ സീറ്റുകൾ
∙ ദേശീയതലത്തിലെ 20% സീറ്റുകൾ∙ ബിഹാറിലെ രാജേന്ദ്രപ്രസാദ് സെൻട്രൽ അഗ്രികൾചറൽ യൂണിവേഴ്സിറ്റി, ഝാൻസിയിലെ റാണി ലക്ഷ്മീബായ് സെൻട്രൽ അഗ്രികൾചറൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെയും കൽപിത സർവകലാശാലകളിലെയും 100% സീറ്റുകൾ.
പഠനം ഇവയിൽ
∙ 12 ശാഖകളിൽ പഠനസൗകര്യമുണ്ട് (ബ്രാക്കറ്റിൽ സീറ്റുകളുടെ എണ്ണം): അഗ്രികൾചർ (2890), ഹോർട്ടികൾചർ (654), ഫിഷറീസ് (246), ഫോറസ്ട്രി (243), കമ്യൂണിറ്റി സയൻസ് (239), ന്യുട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് (60), സെറികൾചർ (23), ബിടെക് അഗ്രികൾചറൽ എൻജിനീയറിങ് (357), ബിടെക് ഡെയറി ടെക് (167), ബിടെക് ഫുഡ് ടെക് (195), ബിടെക് ബയോടെക് (229), നാച്വറൽ ഫാമിങ് (50)∙
സംവരണ സീറ്റുകൾ ഉൾപ്പെടെയുള്ളവയാണിത്. സാമ്പത്തിക പിന്നാക്ക സംവരണസീറ്റുകൾ ഇവയ്ക്കു പുറമേയാണ്.
ചോയ്സ് ഫില്ലിങ്
ഒരു കോഴ്സും ഒരു യൂണിവേഴ്സിറ്റിയും ചേർന്നതാണ് ഒരു ചോയ്സ്. ഐസിഎആർ യൂണിവേഴ്സിറ്റികളിലേക്കു മാത്രമാണ് അലോട് ചെയ്യുക; ഏതു കോളജാണെന്നു യൂണിവേഴ്സിറ്റി തീരുമാനിക്കും. എത്ര ചോയ്സുകൾ വേണമെങ്കിലും സമർപ്പിക്കാം. നിശ്ചിത സമയം തീരുംവരെ ഇതിൽ മാറ്റങ്ങളും വരുത്താം. പ്ലസ്ടുവിലെ പഠനവിഷയങ്ങളും CUET (ICAR-UG) പരീക്ഷയിൽ എഴുതിയ വിഷയങ്ങളും ഓരോരുത്തരുടെയും റാങ്ക് കാർഡിലുണ്ട്. ഇവ കൂടി പരിഗണിച്ച് സർവകലാശാലകൾ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ പ്രവേശനം നടത്തും. കമ്യൂണിറ്റി സയൻസ് പ്രോഗ്രാമിൽ ചില സർവകലാശാലകൾ പെൺകുട്ടികളെ മാത്രമേ പ്രവേശിപ്പിക്കൂ.