സിയുഇടി–പിജി: 8 വരെ അപേക്ഷിക്കാം; 9 വരെ ഫീസടയ്ക്കാം

Mail This Article
ഇന്ത്യയിലെ വിവിധ കേന്ദ്ര / സംസ്ഥാന / കൽപിത /സ്വകാര്യ / സർവകലാശാലകളിലെയും ഓട്ടോണമസ് കോളജുകളടക്കം മറ്റു ചില സ്ഥാപനങ്ങളിലെയും 2025–26 പിജി പ്രവേശനത്തിനുള്ള പൊതു പരീക്ഷയായ സിയുഇടി–പിജി 2025ലേക്ക് 8നു രാത്രി 11.50 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഇന്നലെ വരെയായിരുന്നു ഇതിന് അനുമതി ഉണ്ടായിരുന്നത്. പുതിയ തീയതി ക്രമമനുസരിച്ച് 9നു രാത്രി 11.50 വരെ ഫീസ് അടയ്ക്കുകയും ചെയ്യാം. സമർപ്പിച്ച വിവരങ്ങൾ തിരുത്തേണ്ടതുണ്ടെങ്കിൽ, അതിന് 10 മുതൽ 12നു രാത്രി 11.50 വരെ സമയമുണ്ട്. ഡൽഹി ഹൈക്കോടതിയുടെ വിധി അനുസരിച്ച്, ഭിന്നശേഷിക്കാർക്കുവേണ്ടി പരീക്ഷയെഴുതാവുന്ന സ്ക്രൈബുകളുടെ പേര്, ജനനത്തീയതി, ആധാർ നമ്പർ തുടങ്ങിയവ അപേക്ഷയോടൊപ്പം സമർപ്പിക്കുന്നതു നിർബന്ധമല്ലെന്നും പരീക്ഷ നടത്തുന്ന എൻടിഎ അറിയിച്ചു. വെബ്: www.nta.ac.in & https://exams.nta.ac.in/CUET-PG. ഹെൽപ്‍ലൈൻ: 011–40759000; helpdesk-cuetpg@nta.ac.in.
കർണാടക മാനേജ്മെന്റ് ക്വോട്ട: പൊതു എൻട്രൻസ് വഴി പ്രവേശനം
ബെംഗളൂരു ∙ കർണാടകയിൽ എൻജിനീയറിങ് ഉൾപ്പെടെയുള്ള പ്രഫഷനൽ കോഴ്സുകളിലെ 40% മാനേജ്മെന്റ് ക്വോട്ടയിലേക്ക് കോമെഡ് കെ പരീക്ഷ, ഏകീകൃത പൊതുപ്രവേശന പരീക്ഷ (സിഇടി) എന്നിവയിൽ നിന്നു പ്രവേശനം നടത്താൻ തയാറാണെന്ന് സ്വകാര്യ സർവകലാശാലകൾ സർക്കാരിനെ അറിയിച്ചു. സ്വകാര്യപ്രഫഷനൽ കോളജുകളുടെ കൂട്ടായ്മയാണ് കോമെഡ് കെ. നിലവിൽ ഓരോ സർവകലാശാലയും വ്യത്യസ്ത പ്രവേശന പരീക്ഷകളാണു നടത്തിയിരുന്നത്. പ്രത്യേകം പരീക്ഷ എഴുതുന്നതു വിദ്യാർഥികൾക്കു സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന പരാതികളെ തുടർന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി.സുധാകർ സർവകലാശാലാ പ്രതിനിധികളുമായി ചർച്ച നടത്തിയത്.