ന്യൂനപക്ഷ, പിന്നാക്ക സ്കോളർഷിപ്: 1,000 കോടി കുറവ്

Mail This Article
ന്യൂഡൽഹി ∙ ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പുകൾക്ക് അനുവദിച്ച തുകയിൽ ആയിരം കോടിയോളം രൂപ കുറവ്. യുജി, പിജി വിദ്യാർഥികൾക്കുള്ള മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിനു കഴിഞ്ഞ വർഷം 33.8 കോടി രൂപയാണു വകയിരുത്തിയത്. പുതുക്കിയ ബജറ്റ് വിഹിതത്തിൽ ഇതു 45.08 കോടി രൂപയാക്കിയെങ്കിൽ ഇക്കുറിയതു 7.34 കോടി മാത്രമായി കുറഞ്ഞു. പ്രീ മെട്രിക് സ്കോളർഷിപ് കഴിഞ്ഞ വർഷം 326.16 കോടി രൂപയായിരുന്നത് ഇക്കുറി 195.70 കോടി രൂപയായി. പോസ്റ്റ് മെട്രിക് സ്കോളർഷിപ് 1145.38 കോടി രൂപയിൽനിന്നു 413.99 കോടി രൂപയാക്കി കുറച്ചു.
അതേസമയം ദലിത്, ട്രൈബൽ, ഒബിസി വിഭാഗക്കാരുടെ വിവിധ സ്കോളർഷിപ്പുകളിൽ നേരിയ വർധനയുണ്ടായി. എസ്‌സി വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ് കഴിഞ്ഞ വർഷത്തെ 6349 കോടി രൂപയിൽനിന്ന് ഇക്കുറി 6360 കോടിയായി വർധിച്ചു. ഒബിസി വിഭാഗക്കാരുടെ സ്കോളർഷിപ് 921 കോടിയിൽനിന്നു 1250 കോടി രൂപയായി. ഒബിസി വിദ്യാർഥികളുടെ നാഷനൽ ഫെലോഷിപ് 190 കോടി രൂപയായിരുന്നത് 245 കോടിയായി വർധിച്ചു.
വിദ്യാഭ്യാസമേഖലയ്ക്കു ഗണ്യമായ വർധനയുണ്ടായി. ഇക്കുറി 1.20 ലക്ഷം കോടി രൂപയാണു വകയിരുത്തിയത്; 6.84% വർധന. സ്കൂൾ വിദ്യാഭ്യാസത്തിന് 73,008 കോടി രൂപയും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കു 47,619 കോടി രൂപയുമാണു ലഭിച്ചത്. സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിക്കു കഴിഞ്ഞ വർഷത്തെ 37,010 കോടി രൂപ ഇക്കുറി 41,250 കോടിയായി ഉയർന്നു; 11.46% വർധന. പിഎം ശ്രീ പദ്ധതിക്ക് ഇക്കുറി 7500 കോടിയാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ബജറ്റിൽ യുജിസിയുടെ വിഹിതം ഗണ്യമായി വെട്ടിക്കുറച്ചിരുന്നെങ്കിൽ ഇക്കുറി നേരിയ തോതിൽ വർധിപ്പിച്ചു. കഴിഞ്ഞ വർഷം 2500 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇക്കുറിയത് 3335.97 കോടി രൂപയായി. 2023–24ൽ 5360 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്. കേന്ദ്രസർക്കാർ സർവകലാശാലകൾക്കുള്ള വിഹിതത്തിലും വർധനയുണ്ടായി.