ഉദ്ദേശിച്ച ലക്ഷ്യം നേടാതെ പിഎം ഇന്റേൺഷിപ് പദ്ധതി

Mail This Article
ന്യൂഡൽഹി ∙ ആദ്യ റൗണ്ടിൽ 1.25 ലക്ഷം വിദ്യാർഥികളെ ലക്ഷ്യമിട്ട പിഎം ഇന്റേൺഷിപ് പദ്ധതിയിലൂടെ കമ്പനികളിൽ പ്രവേശിച്ചത് വെറും 7,304 പേർ. കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കിലാണ് ഇതു വ്യക്തമായത്. കേരളത്തിൽ 198 പേർ മാത്രമാണ് ഇന്റേൺഷിപ് സ്വീകരിച്ചത്. 2024 ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായ പദ്ധതി കാര്യമായി മുന്നോട്ടുപോയില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ആദ്യ റൗണ്ടിൽ 1.27 ലക്ഷം ഇന്റേൺഷിപ് ഒഴിവുകളാണ് 500 മുൻനിര കമ്പനികൾ ലിസ്റ്റ് ചെയ്തത്. ഇതിലേക്ക് 6.21 ലക്ഷം അപേക്ഷകളെത്തി. തിരഞ്ഞെടുക്കപ്പെട്ട 60,866 വിദ്യാർഥികൾക്ക് കമ്പനികൾ 82,077 ഓഫറുകൾ അയച്ചു. ചിലർക്ക് ഒന്നിലേറെ ഓഫറുകൾ നൽകിയിരുന്നു. എന്നാൽ 7,304 പേർ മാത്രമാണ് ഇതു സ്വീകരിച്ചത്. പ്രായപരിധി, സ്ഥലം, സ്റ്റൈപൻഡ് തുടങ്ങിയ പലതും ആകർഷകമായിരുന്നില്ലെന്നാണു പങ്കാളിത്തം സൂചിപ്പിക്കുന്നത്.
7,304 പേർക്ക് വേണ്ടി 4.38 കോടി രൂപയാണ് കേന്ദ്രം ചെലവഴിച്ചിരിക്കുന്നത്. കേരളത്തിൽ ഇത് 11.88 ലക്ഷം രൂപയാണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന ഇന്റേൺഷിപ്പിൽ 5,000 രൂപയാണ് പ്രതിമാസ സ്റ്റൈപൻഡ്. കേന്ദ്രം വീണ്ടും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്: pminternship.mca.gov.in
കേരളത്തിലെ സ്ഥിതി
∙ ആകെയുണ്ടായിരുന്ന അവസരങ്ങൾ: 2,807
∙ അപേക്ഷകർക്ക് നൽകിയ ഓഫറുകൾ: 1,938
∙ ഓഫറുകൾ സ്വീകരിച്ചവർ: 198