ADVERTISEMENT

ദേശീയതലത്തിൽ എംബിബിഎസ്, ബിഡിഎസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, വെറ്ററിനറി സയൻസ് വിഭാഗങ്ങളിൽ 2025-26 വർഷത്തെ അണ്ടർ–ഗ്രാജ്വേറ്റ് പ്രവേശനത്തിനായി നീറ്റ് യുജി പൊതുപരീക്ഷ മേയ് 4ന് നടത്തും. ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് ആശുപത്രികളിലെയടക്കം ബിഎസ്‌സി നഴ്സിങ് കോഴ്സ് പ്രവേശനത്തിനും ഈ സ്കോർ ഉപയോഗിക്കും. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണു പരീക്ഷയുടെ ചുമതല (www.nta.ac.in). വിവരങ്ങൾ, അപേക്ഷ: https://neet.nta.nic.in. ആയുഷ് അടക്കം ഇന്ത്യയിലെ എല്ലാ അംഗീകൃത മെഡിക്കൽ സ്ഥാപനങ്ങൾ, എയിംസ്, ജിപ്മർ, കൽപിത സർവകലാശാലകൾ ഉൾപ്പെടെയുള്ള വിവിധ സർവകലാശാലകൾ, കേന്ദ്രീയ സ്ഥാപനങ്ങൾ, എന്നിവയിലെ ബാച്‌ലർ ബിരുദ പ്രവേശനം നീറ്റ് സ്കോർ നോക്കി മാത്രമേ നടത്താനാവൂ. ഓൾ ഇന്ത്യ ക്വോട്ട, സംസ്ഥാന ക്വോട്ട തുടങ്ങിയ സീറ്റുകളെല്ലാം ഇതിൽപെടും. സ്വകാര്യ, അൺ–എയ്ഡഡ്, എ‍യ്ഡഡ് മൈനോറിറ്റി, നോൺ–മൈനോറിറ്റി മെഡിക്കൽ കോളജുകളിലെയെല്ലാം എൻആർഐ / മാനേജ്മെന്റ് ക്വോട്ട, സെൻട്രൽ പൂൾ ക്വോട്ട (മെഡിക്കൽ വിദ്യാഭ്യാസത്തിൽ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ സർക്കാർ ജീവനക്കാർക്ക്) ഉൾപ്പെടെ എല്ലാ സീറ്റുകളിലെയും പ്രവേശനവും ഇതിൽ വരും. ബാച്‌ലർ ഓഫ് വെറ്ററിനറി സയൻസിലെ 15% ഓൾ ഇന്ത്യ ക്വോട്ട സിലക്‌ഷനും നീറ്റ് സ്കോർ അടിസ്ഥാനമാക്കിയായിരിക്കും. പക്ഷേ അഗ്രികൾചർ–അനുബന്ധ ബാച്‌ലർ കോഴ്സുകളിലെ 20% ഓൾ ഇന്ത്യ ക്വോട്ടയുടെ സിലക്‌ഷൻ നീറ്റ് സ്കോർ നോക്കിയല്ല; അതിന് ‘സിയുഇടി–ഐസിഎആർ–യുജി എൻട്രൻസ്’ വേറെയുണ്ട്. മലയാളമുൾപ്പെടെ 13 ഭാഷകളിൽ നീറ്റ് നടത്തും. അപേക്ഷാവേളയിൽ തിരഞ്ഞെടുക്കുന്ന ഭാഷ പിന്നീട് മാറ്റാനാകില്ല.

അപേക്ഷ
https://neet.nta.nic.in എന്ന സൈറ്റിൽ ഓൺലൈൻ അപേ‌ക്ഷ സമർപ്പിക്കാം. നിർദേശങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിന്റെ 3–8, 44-53 പുറങ്ങളിലുണ്ട്. അപേക്ഷ തയാറാക്കുന്നതിനു മുൻപ് 15–ാം അനുബന്ധത്തിലുള്ള അപേക്ഷാഫോമിന്റെ മാതൃകയും നിർദേശങ്ങളും പഠിക്കുകയും വേണം. നീറ്റിൽ സ്കോർ നേടിയതുകൊണ്ടു മാത്രം പ്രവേശനം കിട്ടില്ല. സ്ഥാപനങ്ങളുടെ നിബന്ധനകൾ പാലിച്ച് യഥാസമയം അപേക്ഷിക്കുകയും വേണം. 15% അ‌ഖിലേന്ത്യ ക്വോട്ട, കേന്ദ്രീയ സർവകലാശാലകൾ, എഎഫ്എംസി മുതലായവയിലെ പ്രവേശനം സംബന്ധിച്ച വിവരങ്ങൾക്ക് www.mohfw.gov.in,https://dghs.gov.in, www.mcc.nic.in, https://afmc.nic.in എന്നീ സൈറ്റുകളും ഓരോ സ്ഥാപനത്തിന്റെയും സൈറ്റും യഥാസമയം നോക്കാം. നീറ്റ് സ്കോർ ആധാരമാക്കി ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി ബിരുദപ്രവേശനത്തിനുള്ള (ആയുഷ്) കൗൺസലിങ് നടത്തുന്നത് ഓൾ ഇന്ത്യ ആയുഷ് സെൻട്രൽ കൗൺസലിങ് കമ്മിറ്റിയാണ്– https://aaccc.gov.in.

പരീക്ഷ
പരീക്ഷയ്ക്ക് കടലാസും പേനയും ഉപയോഗിച്ചുള്ള ഒരു പേപ്പർ. 180 മിനിറ്റ്. 180 മൾട്ടിപ്പിൾ–ചോയ്സ് നിർബന്ധചോദ്യങ്ങൾ. കഴിഞ്ഞ വർഷമുണ്ടായിരുന്ന ചോയ്സ് രീതി ഇത്തവണയില്ല. ഓരോ ചോദ്യത്തിനും നേർക്കുള്ള നാലുത്തരങ്ങളിൽ നിന്നു ശരിയുത്തരം, അഥവാ ശരിയുടെ അംശം ഏറ്റവും കൂടുതലുള്ള ഉത്തരം തിരഞ്ഞെടുക്കണം. ശരിയുത്തരത്തിനു 4 മാർക്കു കിട്ടും. തെറ്റിന് ഒരു മാർക്കു കുറയ്‌ക്കും. ഏതെങ്കിലും ചോദ്യം ഉത്തരമെഴുതാതെ വിട്ടുകളഞ്ഞാൽ അതിനു പൂജ്യം മാർക്ക്. കാൽക്കുലേറ്റർ പരീക്ഷാഹാളിൽ അനുവദിക്കില്ല.  കേരളത്തിലെ എല്ലാ ജില്ലകളിലും കവരത്തിയിലും മാഹിയിലും അടക്കം ഇന്ത്യയിൽ 552 പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഇവയ്ക്കു പുറമേ ദുബായ്, അബുദാബി, ഷാർജ, കുവൈത്ത്, ഖത്തർ, ദോഹ, മനാമ, മസ്കത്ത്, റിയാദ്, സിംഗപ്പൂർ ഉൾപ്പെടെ 14 വിദേശകേന്ദ്രങ്ങളും. ഇവയിൽ 3 കേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ അപേക്ഷയിൽ കാണിക്കാം. സ്ഥിരം മേൽവിലാസത്തിന്റെയോ ഇപ്പോഴത്തെ മേൽവിലാസത്തിന്റെയോ അടുത്തുള്ള കേന്ദ്രങ്ങൾ മാത്രം.

പ്രവേശനയോഗ്യത
എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനു ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി (അഥവാ ബയോടെക്‌നോളജി) എന്നിവയ്ക്കു മൊത്തം 50% എങ്കിലും മാർക്കോടെ 12 ജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 40% മാർക്ക് മതി. 12ലെ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പക്ഷേ, ആദ്യറൗണ്ട് കൗൺസലിങ് സമയത്തെങ്കിലും യോഗ്യത നേടിയിരിക്കണം. വിദേശത്തു പഠിച്ച് യോഗ്യത നേടിയവർക്ക് ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി (അഥവാ ബയോടെക്‌നോളജി), ഇംഗ്ലിഷ് എന്നിവയുള്ള 12–ാം ക്ലാസ് പരീക്ഷയിൽ 50% മാർക്കു വേണം. അക്കാദമികയോഗ്യതയ്ക്കു പുറമേ നീറ്റ്–യുജി 2025ലെ മെറിറ്റ് ലിസ്റ്റിൽ വരുകയും വേണം. എയിംസിലും മറ്റും മിനിമം യോഗ്യതയ്ക്കുള്ള വിശേഷനിബന്ധനകൾ പാലിക്കണം. കേന്ദ്രലിസ്റ്റ് പ്രകാരമുള്ള പിന്നാക്കജാതിക്കാരെയാണ് സംവരണത്തിനു പരിഗണിക്കുക – www.ncbc.nic.in.

ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി ബിരുദപ്രവേശനത്തിനു ബയോടെക്നോളജി പരിഗണിക്കില്ല. സിദ്ധയ്ക്ക് പത്തിലോ പന്ത്രണ്ടിലോ തമിഴ് പഠിച്ചിരിക്കണം. ഇല്ലെങ്കിൽ ബിഎസ്എംഎസ് ആദ്യവർഷം തമിഴ് പഠിക്കണം. യുനാനിക്ക് പത്തിൽ ഉറുദു, അറബിക്, പേർഷ്യൻ ഇവയിലൊരു ഭാഷ പഠിച്ചിരിക്കണം. ഇല്ലാത്തപക്ഷം നിർദിഷ്ട ഉറുദു പരീക്ഷയിൽ യോഗ്യത നേടണം. 2025 ഡിസംബർ 31ന് 17 വയസ്സ് തികയണം. ഉയർന്ന പ്രായപരിധിയില്ല. എൻആർഐ / ഒസിഐ / പിഐഒ വിഭാഗക്കാർക്കും നീറ്റെഴുതാം. വിദേശരാജ്യങ്ങളിൽ എംബിബിഎസ് പ്രവേശനത്തിനു ശ്രമിക്കുന്നവരും നീറ്റ്–യുജി യോഗ്യത നേടേണ്ടതുണ്ട്. ഓൾ ഇന്ത്യ റാങ്ക് മാത്രമാണു വിദ്യാർഥികളെ എൻടിഎ അറിയിക്കുക.

‌നീറ്റ് പെർസന്റൈൽ
നീറ്റിൽ യോഗ്യത നേടി എംബിബിഎസ്, ബിഡിഎസ് പ്രവേശനാർഹത കൈവരിക്കാൻ ജനറൽ കാറ്റഗറിക്കാർ 50–ാം പെർസെന്റൈൽ / പട്ടിക, പിന്നാക്ക വിഭാഗക്കാർ 40–ാം പെർസെന്റൈൽ / ഭിന്നശേഷിക്കാർ 45–ാം പെർസന്റൈൽ സ്കോറെങ്കിലും നേ‍ടണമെന്ന രീതിയിൽ വ്യവസ്ഥകൾ പ്രസിദ്ധപ്പെടുത്താറുണ്ട്.

ഓൾ ഇന്ത്യ ക്വോട്ട
ദേശീയതലത്തിൽ കേരളത്തിലേതടക്കം സർക്കാർ മെഡിക്കൽ–ഡെന്റൽ കോളജുകളിലെ 15% എംബിബിഎസ് / ബിഡിഎസ് സീറ്റുകളിലേക്ക് കുട്ടികളെ ഓൺലൈനായി അലോട്ട് ചെയ്യുന്നത് കേന്ദ്ര ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള എംസിസി (മെഡിക്കൽ കൗൺസലിങ് കമ്മിറ്റി) ആയിരിക്കും.

കേരളത്തിൽ
ദേശീയ റാങ്ക്‌ലിസ്റ്റിൽനിന്ന് കേരളത്തിൽ പ്രവേശനത്തിന് അർഹതയുള്ളവരെ തിരഞ്ഞെടുത്ത് അവർ മാത്രമുൾപ്പെടുന്ന സംസ്ഥാന റാങ്ക്‌ലിസ്റ്റ് തയാറാക്കും. അത് അടിസ്ഥാനമാക്കിയാണു കേരളത്തിലെ മെഡിക്കൽ–അനുബന്ധ ബാച്‌ലർ കോഴ്സ് സിലക്‌ഷൻ. ഇങ്ങനെ സംസ്ഥാന റാങ്ക്‌ലിസ്റ്റ് തയാറാക്കി, കേരളത്തിലെ സംവരണക്രമവും മറ്റു വ്യവസ്ഥകളും പാലിച്ച് എൻട്രൻസ് പരീക്ഷാ കമ്മിഷണർ സിലക്‌ഷനും സീറ്റ് അലോട്മെന്റും നടത്തും. കേരളത്തിലെ മെഡിക്കൽ, അനുബന്ധ / കാർഷിക കോഴ്‌സുകളിലെയും സംസ്ഥാനക്വോട്ട പ്രവേശനത്തിനു നീറ്റ്–യുജി റാങ്കാണു നോക്കുക.
സംശയപരിഹാരം
ഫോൺ : 011-40759000 / 01169227700 ; neetug2025@nta.ac.in

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com