Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ സ്റ്റേഡിയത്തിനൊരു കഥ പറയാനുണ്ട്

Chandrasekharan Nair Stadium

തിരുവിതാംകൂറിലെ അവസാനത്തെയും കേരളത്തിലെ ആദ്യത്തെയും പൊലീസ് മേധാവി എന്ന തിരുത്തപ്പെടാത്ത ചരിത്രത്തിന് ഉടമ ഒരാളാണ് എൻ. ചന്ദ്രശേഖരൻ നായർ എന്ന തെക്കൻ തിരുവിതാംകൂറുകാരൻ. കേരളത്തിന്റെ കാക്കിക്കഥയിലെ തിളങ്ങുന്ന ചന്ദ്രക്കലയാണ് ഐജി പദവിയിൽ പൊലീസിലിരുന്നു ഭരിച്ച ഇദ്ദേഹം.

1902 ഡിസംബറിൽ നെയ്യാറ്റിൻകരയിൽ ജനിച്ച ചന്ദ്രശേഖരൻ നായർ. 1925 ൽ ഇരുപത്തി മൂന്നാം വയസ്സിൽ പൊലീസിൽ ചേർന്നു. അന്നു തിരുവിതാംകൂർ ദിവാനായിരുന്ന എം. ഇ. വാട്സാണ് ചന്ദ്രശേഖരൻ നായരെ പൊലീസ് സേവനയിൽ നിയമിച്ചത്. സേനയിൽ ചേർന്നശേഷം 1927 ൽ നിയമ ബിരുദമെടുത്തു. എസ്ഐയായി തിരുവനന്തപുരത്തും ആലപ്പുഴയിലും കൊച്ചിയിലും പ്രവർത്തിച്ചിരുന്നു. 1941 മുതൽ മൂന്നു വർഷം തിരുവനന്തപുരം കോർപറേഷൻ കമ്മിഷണറായി. കോട്ടയത്തും തിരുവനന്തപുരത്തും എസ്പിയായി.

ബ്രിട്ടിഷ് ഭരണത്തിലെ ഏറ്റവും ഉയർന്ന പൊലീസ് ബഹുമതിയായ ‘കിങ്സ് പൊലീസ് മെഡൽ’ ലഭിച്ച അദ്ദേഹത്തിന്, 1956 ൽ രാഷ്ട്രപതിയുടെ മെഡലും ലഭിച്ചു. 1948 മുതൽ കേരളപ്പിറവി വർഷം വരെ തിരുവിതാംകൂറിലെ പൊലീസ് സേനയെ അദ്ദേഹം തലയെടുപ്പോടെ നയിച്ചു. 1957 ഡിസംബറിൽ വിരമിക്കുന്നതിന്റെ ഇടവേളയിൽ തിരു–കൊച്ചിയുടെയും പൊലീസ് മേധാവിയായിരുന്നു. ഔദ്യോഗിക ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങൾ ഉൾക്കൊളളിച്ച് അദ്ദേഹം രചിച്ച ‘ഐജി സ്മരണകൾ’ എന്ന പുസ്തകം ഏറെ പ്രസിദ്ധമാണ്. തൊണ്ണൂറ്റൊന്നാം വയസ്സിൽ, 1993 ഡിസംബർ എട്ടിനായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

കേസ് തെളിയിക്കുന്നതിൽ ചന്ദ്രശേഖരൻ നായരുടെ മികവിന്റെ അടയാളമായി പറയപ്പെടുന്ന ഒരു സംഭവമുണ്ട്. കേസിന്റെ അന്വേഷണകാലത്തു നാലഞ്ചു ദിവസം കളളനെ കൂടെ നടത്തി അടുപ്പത്തിലായശേഷം അദ്ദേഹം കളളനോടു പറഞ്ഞു : ‘പല കളവും നീ വിജയകരമായി നടത്തിയതല്ലേ ? ഒരു കേസ് ഞാനും വിജയകമായി തെളിയിക്കട്ടെ. ഒരു അരക്കളവിന്റെ കാര്യമെങ്കിലും പറഞ്ഞു തരണം’ താൻ നടത്തിയ കളവിനെക്കുറിച്ചു കളളൻ അഭിമാനപൂർവ്വം വിവരിച്ചു. കിട്ടിയ വിവരങ്ങളെ പിന്തുടർന്ന് അഞ്ചു കളവുകേസുകളിൽ ആ കളളനെ ചന്ദ്രശേഖരൻ നായർ കുടുക്കുകയും ചെയ്തു. ഇതിന്റെ പേരിൽ 35 വർഷം ജയിൽ വാസം വേണ്ടി വന്നു. ആ കളളന് !

ചന്ദ്രശേഖരൻ നായരുടെ ഭാര്യ മാധവിയമ്മയുടെ അച്ഛൻ ആർ. കെ. കൃഷ്ണപിളള തിരുവിതാംകൂർ പൊലീസ് കമ്മിഷണറായിരുന്നു. ചന്ദ്രശേഖരൻ നായരുടെ മകളുടെ ഭർത്താവ് സി. എം. രാധാകൃഷ്ണൻ നായർ സിബിഐ അഡീഷനൽ ഡയറക്ടർ പദവിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു.

അപൂർവ്വ ബഹുമതി
∙ പൊലീസ് ഉദ്യോഗസ്ഥർക്ക് അത്യപൂർവമായി ലഭിക്കുന്ന ഒരു ബഹുമതിയുടെ സ്മാരകമാണു തിരുവനന്തപുരത്തു നിയമസഭാ മന്ദിരത്തിനു സമീപത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം.
∙ സർവീസിൽ നിന്നു വിരമിച്ചപ്പോൾ അദ്ദേഹത്തിനുളള ആദരവായാണ് സ്റ്റേഡിയത്തിന് ഈ പേര് നൽകിയത്.
∙ചന്ദ്രശേഖരൻ നായർ അറിയാതെ പൊലീസ് ഓഫിസർമാർ ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടുകയും സർക്കാർ അത് അംഗീകരിക്കുയുമായിരുന്നു.
∙ പൊലീസുകാർ മണ്ണു ചുമന്നു നിർമിച്ച ഈ സ്റ്റേഡിയം ഇപ്പോഴും ഓർമകളുടെ കാലടിയൊച്ചകളും ആരവത്തിന്റെ ഗ്യാലറിയൊച്ചകളും കൊണ്ടു സമ്പന്നം. 

Your Rating: