Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെരുവുമക്കളുടെ പട്ടിണി മാറ്റാന്‍ കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ച ചെറുപ്പക്കാരന്‍

Goutham-Kumar

പഠിച്ചിറങ്ങിയാല്‍ ഉടന്‍ കനത്ത ശമ്പള പാക്കേജിലൊരു ജോലി, യാത്ര ചെയ്യാന്‍ കാർ, താമസിക്കാന്‍ ആഡംബര ഫ്‌ളാറ്റ്, പിന്നെ സോഷ്യല്‍ സ്റ്റാറ്റസിനു ചേര്‍ന്ന കല്യാണം എന്നിങ്ങനെ പോകുന്നു ഒരു ശരാശരി ഇന്ത്യന്‍ യുവാവിന്റെ സ്വപ്നങ്ങള്‍. എന്നാല്‍ കൈയിലുള്ള കോര്‍പറേറ്റ് ജോലി പോലും വലിച്ചെറിഞ്ഞു തെരുവില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു ചെറുപ്പക്കാരനെ പരിചയപ്പെടാം.

ഇന്നത്തെ ചെറുപ്പക്കാര്‍ക്കിടയില്‍ ഗൗതം കുമാര്‍ എന്ന ഈ ഹൈദരാബാദുകാരനെ വ്യത്യസ്തനാക്കുന്നത് സാമൂഹിക സേവനത്തോട് ഇദ്ദേഹത്തിനുള്ള മനോഭാവമാണ്. സാമൂഹിക സേവനം ആഴ്ചയിലൊന്നോ രണ്ടോ തവണ ചെയ്യേണ്ട ഒരു പാര്‍ട്ട് ടൈം ജോലിയല്ല, മറിച്ച് മുഴുനീള പ്രഫഷനാകണം എന്നതാണ് ഗൗതമിന്റെ പക്ഷം. എക്‌സ്പീഡിയ അടക്കമുള്ള വന്‍കിട കോര്‍പറേറ്റ് കമ്പനികളിലെ ജോലി വലിച്ചെറിഞ്ഞാണ് അഞ്ചു വര്‍ഷം മുന്‍പ് ഗൗതം സേവനപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചത്.

നഗരത്തിന്റെ തെരുവുകളില്‍ വീടില്ലാതെ അലയുന്നവരെ സഹായിച്ചു കൊണ്ടായിരുന്നു തുടക്കം. എല്ലാവരും പകല്‍ ജോലി ചെയ്ത് രാത്രി വിശ്രമിക്കുമ്പോള്‍ ഗൗതമിന്റെയും കൂട്ടരുടെയും ജോലി ആരംഭിക്കുന്നത് അന്തി മയങ്ങുമ്പോഴാണ്. പകല്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ മിച്ചം വരുന്ന ഭക്ഷണം ശേഖരിച്ച് നഗരത്തിലെ ഭവനരഹിതര്‍ക്കും വിശന്നിരിക്കുന്നവര്‍ക്കും ഈ ചെറുപ്പക്കാര്‍ വിതരണം ചെയ്യും.

ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി അവര്‍ സേര്‍വ് നീഡി എന്ന പേരില്‍ ഒരു എന്‍ജിഒ രൂപീകരിച്ചു. വിശന്നിരിക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന അന്നദാതാ പദ്ധതി മുതല്‍ ബന്ധുക്കളുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പണമില്ലാത്തവരെ സഹായിക്കുന്നതു വരെയുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് സേര്‍വ് നീഡി ഹൈദരാബാദില്‍ നടത്തുന്നത്. 2015 ല്‍ ആരംഭിച്ച സേര്‍വ് നീഡി അനാഥാലയത്തില്‍, തെരുവില്‍നിന്നു രക്ഷിച്ചുകൊണ്ടുവന്ന നിരവധി കുട്ടികളാണുള്ളത്. കാന്‍സര്‍ രോഗികള്‍ക്കുള്ള സഹായം, ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍, പാവപ്പെട്ടവര്‍ക്കുള്ള മൊബൈല്‍ ആംബുലന്‍സ്, അവശതയനുഭവിക്കുന്ന മുതിർന്ന പൗരന്മാര്‍ക്കുള്ള സഹായങ്ങള്‍ എന്നിങ്ങനെ നീളുന്നു സേര്‍വ് നീഡിയുടെ മറ്റു പ്രവര്‍ത്തനങ്ങള്‍. തെലങ്കാന പൊലീസ്, വിവിധ ഗവണ്‍മെന്റ് ഏജന്‍സികള്‍ തുടങ്ങിയവയുടെ സഹായവും ഗൗതമിനുണ്ട്. 

Your Rating: