Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂപ്പർ ബുദ്ധിക്കും ഓർമശക്തിക്കും

memory

സ്വന്തം കുട്ടി ഭാവിയിൽ ഒരു ഐൻസ്റ്റീനോ വിശ്വനാഥൻ ആനന്ദോ ഗാരി കാസ്പറോവോ ഒക്കെ ആകണമെന്ന് ആഗ്രഹിക്കാത്ത ഏതു മാതാപിതാക്കളാണുള്ളത്? കുട്ടിയുടെ തലച്ചോർ വളരാൻ എന്തൊക്കെ പൊടിക്കൈകളാണ് അച്ഛനമ്മമാർ പ്രയോഗിക്കാറുള്ളത്. ച്യവനപ്രാശ്യങ്ങളും ലേഹ്യങ്ങളും മന്ത്രചരടുകളും... ഇനി ഇത്തരം വളഞ്ഞ സൂത്രങ്ങളുടെയൊന്നും ആവശ്യമില്ല. കുട്ടികളു‍ടെ വളർച്ചാഘട്ടങ്ങളിൽ മാതാപിതാക്കളുടെ കരുതലും ശ്രദ്ധയും മാത്രം മതി. കുട്ടികളുടെ ബ്രെയിൻ സൂപ്പർ ബ്രെയിൻ ആകും, തീർച്ച.

എന്തു വസ്തുവായാലും കുറെനാൾ പ്രവർത്തിക്കാതിരുന്നാൽ ഉപയോഗശൂന്യമാകും. അതുപോലെയാണ് നമ്മുടെ തലച്ചോറിന്റെ കാര്യവും. ശരിയായ സമയത്ത് ശരിയായ അളവിൽ, ക‍ൃത്യമായി പ്രവര്‍ത്തിപ്പിച്ചാൽ ഐക്യൂവും ആല്‍ബർട്ട് ഐൻസ്റ്റീനെ പോലെയാകും എന്ന കാര്യത്തിൽ സംശയമില്ല. നമ്മുടെയെല്ലാം തലച്ചോറിൽ ലക്ഷക്കണക്കിന് ന്യൂറോണുകൾ ഉണ്ട്. നമ്മൾ സ്മാർട് ആകുന്നതിലും ഊർജസ്വലരാകുന്നതിലും ഈ ന്യൂറോണുകൾ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഈ ന്യൂറോണുകളെ കൃത്യമായി ഉപയോഗിക്കുകയാണ് കുട്ടികള്‍ ബുദ്ധിമാൻമാരായി വളരാൻ ഏറ്റവും അത്യാവശ്യം. ഊർജസ്വലതയും ബുദ്ധിശക്തിയും ഉള്ള കുട്ടികൾ പല പോസിറ്റീവ് സ്വഭാവങ്ങളുടെയും ഗുണങ്ങളുടെയും ഉപോൽപ്പന്നമാണ്. കാഴ്ച, കേൾവി, ഭാഷാപാണ്ഡിത്യം, അവബോധം, യുക്തി എന്നിവയാണ് അവ. മുകളിൽ വിവരിച്ച പല സ്വഭാവങ്ങളും ഗുണങ്ങളും കൃത്യമായി ബന്ധപ്പെടുത്തി ഉപയോഗിക്കുന്നതിലാണ് കുട്ടിയുടെ മിടുക്കിരിക്കുന്നത്.

കുട്ടികളുടെ സ്വഭാവവും പെരുമാറ്റവും നിരീക്ഷിച്ച്, അവരുടെ ബുദ്ധിയും ഓർമശക്തിയും വളർത്താനുള്ള പല മാഗങ്ങളും രക്ഷിതാക്കളുടെ മുന്നിൽ ഇന്നുണ്ട്. അവ മനസ്സിലാക്കിക്കൊള്ളൂ....

അച്ഛനമ്മമാർ അരികെ
മാതാപിതാക്കളുടെ സാമീപ്യം കുട്ടികളുടെ തലച്ചോറിന്റെ വളർച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. പ്രത്യേകിച്ച് ആദ്യ ആറ് മാസകാലം. നല്ല പിന്തുണയുള്ള, സംരക്ഷണമേകുന്ന, സ്നേഹഭരിതമായ അന്തരീക്ഷം കുഞ്ഞിന്റെ ആന്തരിക ബുദ്ധി വളർച്ചയ്ക്ക് അനുകൂലമായ ഘടകമാണ് കുഞ്ഞിന്റെ കൂടെ സമയം ചെലവഴിക്കണം. കുട്ടിയുടെ വികാരങ്ങളും ചലനങ്ങളും സസൂക്ഷ്മം ശ്രദ്ധിക്കണം. അവരോട് സംസാരിക്കണം. കരഞ്ഞാൽ എടുത്ത് ആശ്വസിപ്പിക്കണം. കളിക്കുന്നതിനിടെ ഓമനിക്കണം... ഇത്രയുമൊക്കെ ചെയ്യുന്നതുതന്നെ കുഞ്ഞിന്റെ ബുദ്ധിവളർച്ചയെ സഹായിക്കും. അമ്മയുടെ മാത്രമല്ല അച്ഛന്റെ സാമീപ്യവും കുട്ടിക്ക് വളരെ ആവശ്യമാണ്.

പ്രായമനുസരിച്ച് കളിപ്പാട്ടം
കുട്ടികളുടെ ബുദ്ധിശക്തി വികസിപ്പിക്കാൻ സഹായിക്കുന്ന കളിക്കോപ്പുകൾ നൽകുക. ഇന്ന് ടിവിയെ ഒരു നല്ല കളി‌പ്പാട്ടമായാണ് മിക്ക മാതാ‌പിതാക്കളും കാണുന്നത്. എന്നാൽ മൂന്നു വയസ്സിനുതാഴെയുള്ള കുട്ടികളെ യാതൊരു കാരണവശാലും ടിവിക്കു മുന്നിലേക്കു കൊണ്ടുവരരുത്. ടിവി കാണുമ്പോള്‍ ആശയ വിനിമയം പൂർണമാകുന്നില്ല. ടിവിയിൽ നിന്ന് കേള്‍ക്കുന്ന ശബ്ദങ്ങളോട് പ്രതികരിക്കാൻ കുട്ടിക്ക് അവസരം ലഭിക്കുന്നില്ല. മുഖത്തോടു മുഖം നോക്കി, നേരിട്ടുള്ള സംവാദത്തിലൂടെ മാത്രമേ കുട്ടിക്ക് സംസാരിക്കാനുള്ള കഴിവ് വളർത്തിയെടുക്കാനാവൂ. നിങ്ങൾ സംസാരിക്കുന്നതു മാത്രമല്ല പ്രധാനം. കുട്ടികൾ മറുപടി പറയാൻ പ്രോത്സാഹിപ്പിക്കുകയും വേണം. അഞ്ചു വയസ്സുവരെ കുട്ടികൾക്ക് വീഡിയോ ഗെയിമുകൾ നൽകരുത്. അഞ്ച് വയസ്സിനു ശേഷം നിശ്ചിത സമയത്തേക്കു മാത്രം കളിക്കാൻ നൽകുക. അതു വയലൻസ് കൂടുതലുള്ള ഗെയിമുകൾ കുട്ടികള്‍ക്ക് ഒരിക്കലും നൽകരുത്. 3–5 വയസ്സുവരെയുള്ള കുട്ടികളെ ദിവസവും അര മണിക്കൂറും അഞ്ച് വയസ്സിനും മുകളിലുള്ള കുട്ടികളെ ദിവസവും ഒരു മണിക്കൂറും ടിവി കാണാൻ അനുവദിക്കാം.

മൂന്നു വയസ്സാകുന്നതോടെ അക്കങ്ങള്‍ എണ്ണാൻ സഹായിക്കുന്ന തരത്തിലുള്ള ഉപകരണങ്ങൾ‌ നൽകാം. ഉദാഹരണത്തിന് ഒരേ വലുപ്പത്തിലുള്ള പന്തുകള്‍ വച്ച് അവ എണ്ണാൻ ആവശ്യപ്പെടാം. അല്ലെങ്കില്‍ കുട്ടിയെ തിരക്കുള്ള കടയിൽ ക്യൂ നിൽക്കുമ്പോള്‍ കൂടെ നിർത്തുക. മുന്നിൽ എത്ര പേർ എന്നത് എണ്ണുവാൻ പറയുക. ഒരു പൂന്തോട്ടത്തിലോ പാർക്കിലോ കൊണ്ടുപോയ ശേഷം അവിടെ എത്ര മരങ്ങളുണ്ട് എന്ന് എണ്ണി പറയാൻ ആവശ്യപ്പെടുക. വീടിനു ചുറ്റും എത്ര വീടുകളുണ്ട് എന്ന് പറയുകയും ചെയ്യാം. ഇതെല്ലാം വീട്ടിലെ മുതിർന്ന ഏതൊരു വ്യക്തിക്കും കുട്ടിയെകൊണ്ട് ചെയ്യിക്കാവുന്ന ലളിതമായ മാർഗങ്ങളാണ്.

മനുഷ്യനെ മറ്റ് ജീവികളിൽ നിന്ന് വ്യത്യസ്തനാക്കുന്ന ഒരു ഘടകം നിരീക്ഷിക്കാനും പല രൂപങ്ങൾ നിര്‍മ്മിക്കാനുമുള്ള കഴിവാണ്. പല രൂപത്തിലും ഭാവത്തിലുമുള്ള വസ്തുക്കളെ തമ്മിൽ ബന്ധപ്പെടുത്താനുള്ള വിവേകവും മനുഷ്യനുണ്ട്. ഈ കഴിവ് കുട്ടികളിൽ വളർത്തുന്നത് ബുദ്ധിവികാസത്തിനും ഓർമശക്തി മെച്ചപ്പെടുത്താനും സഹായിക്കും. വസ്തുക്കളുടെ ആകൃതി പഠിക്കാൻ സഹായിക്കുന്ന കളിപ്പാട്ടങ്ങളും മൂന്നു വയസ്സു മുതല്‍ നൽകി തുടങ്ങാം. പല തരത്തിലുള്ള ബ്ലോക്കുകൾ ഉപയോഗിച്ച് വസ്തുക്കൾ നിർമ്മിക്കാനുള്ള ബിൽഡിങ് ബ്ലോക്കുകൾ ഇതിന് ഉദാഹരണമാണ്. പല വലുപ്പത്തിലുള്ള റിങ്ങുകൾ കമ്പിൽ ഇടാൻ നൽകുന്നത് വലുത് ചെറുത് എന്നീ സങ്കൽപ്പങ്ങളെ മനസ്സിലാക്കാൻ സഹായിക്കും.

കളികളിലൂടെ ബുദ്ധിവളർച്ച
പലതരത്തിലുള്ള കളികളിലൂടെ കുട്ടികളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കാം. ബോർഡ് ഗെയിംസ് എന്നറിയപ്പെടുന്ന കാരംസ്, ചെസ്സ് എന്നിവ ഉദാഹരണം. വിവേചനപരമായ ചിന്താശക്തി, അവബോധം, സങ്കൽപ്പിക്കാനുള്ള കഴിവ്, ദൃശ്യപരമായ കഴിവ് എന്നിവ വളരാൻ ബോർഡ് ഗെയിംസ് സഹായിക്കും. കണക്ക് എന്ന വിഷയത്തിൽ നല്ല ഗ്രാഹ്യമുണ്ടാകാനും കളികൾ സഹായിക്കും. ബുദ്ധിശക്തി വളരാന്‍ ഏറ്റവും നല്ല കളിയാണ് ചെസ്സ്. കുട്ടിക്ക് ആറ് വയസ്സായാൽ ബാലപാഠങ്ങൾ പഠിക്കാൻ തുടങ്ങാം. ചിന്താശക്തി, ഓർമ, ഏകാഗ്രത എന്നിവ വർധിപ്പിക്കാന്‍ ചെസ്സ് സഹാ‌യിക്കും. ചെറിയ കു‌ട്ടികൾക്ക് ഉപ‌യോഗിക്കാവുന്ന തര‌ത്തിൽ ആകർഷകമായ രൂപത്തിലുള്ള ചെറിയ ചെസ്സ് ബോർഡുകൾ ലഭിക്കും.

അക്ഷരങ്ങൾ ബോർ‍ഡില്‍ ചേര്‍ത്തുവച്ച് വാക്കുകൾ ഉണ്ടാക്കുന്ന സ്ക്രാബിൾ, പാമ്പും ഏണിയും തുടങ്ങിയവയൊക്കെ ബോർഡ് ഗെയിംസിൽ ഉൾപ്പെടുന്നവയാണ്. കളിക്കുമ്പോൾ മാതാപിതാക്കളും കുട്ടികളോടൊപ്പം ചേരുന്നത് അവരുടെ താൽപര്യത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കും. ഒരു വാക്ക് കൊണ്ട് വാക്യം ഉണ്ടാക്കുക. ഡിബേറ്റ് (ഒരൽപ്പം മുതിർന്ന കുട്ടികളിൽ), റോൾപ്ലേ (ഒരു സന്ദർഭം വിവരിച്ചിട്ട് അഭിനയിക്കുക), ഗ്രൂപ്പ് ഡിസ്കക്ഷൻ എന്നിവയും ബുദ്ധിവികാസത്തിന് സഹായിക്കുന്ന മാർഗങ്ങളാണ്.

കണക്കിലെ കളികൾ
കണക്കിലെ ചെറിയ കൂട്ടലുകളും കളികളും കുട്ടികളുടെ തലച്ചോറിന്റെ ശേഷിയെ പരിപോഷിപ്പിക്കും. ഇതു ചിന്താശക്തിയെയും വിവേചനബുദ്ധിയേയും ഉത്തേജിപ്പിക്കുക വഴി നല്ലൊരു ബ്രെയിൻ ബൂസ്റ്റർ ആയി പ്രവര്‍ത്തിക്കുന്നു. ഏഴ് വയസ്സിനു താഴെയുള്ള കുട്ടികളെ എണ്ണാൻ പ്രേരിപ്പിക്കാം. അതുവഴി കണക്കുമായി കൂട്ടുകൂടാൻ അവർക്കു കഴിയും. കൂടാതെ അക്കങ്ങള്‍ തമ്മിൽ കൂട്ടൽ, ഗുണിക്കൽ, ഹരിക്കൽ തുടങ്ങിയ ചെറിയ കണക്കുകൾ പതിവായി ചെയ്യുന്നത് കാര്യങ്ങൾ അപഗ്രഥിക്കാനുള്ള കുട്ടിയുടെ കഴിവിനെ വർധിപ്പിക്കുന്നു. കുട്ടിയെ കണക്ക് പഠിപ്പിക്കുമ്പോൾ ഗണിതപ്രശ്നത്തിന്റെ എല്ലാം വഴികളും കൃത്ത്യമായി മനസ്സിലാക്കി കൊടുക്കുവേണം. ഇത്തരത്തിലേക്ക് എത്തിക്കുവാൻ.

ശരീരത്തിന്റെ ഫിറ്റ്നസ്
തലച്ചോർ ഉണർന്നു പ്രവർത്തിക്കാനും ഓർമശക്തി റോക്കറ്റ് പോലെ കുതിക്കാനും ശരീരം നല്ല ആരോഗ്യത്തോടെയിരിക്കണം. 10 നും 15 വയസ്സിനും മധ്യേയുള്ളവർ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. വ്യായാമം എ‌ന്നുപറയുമ്പോൾ ജിമ്മിൽ ചെയ്യുന്ന തരത്തിലുള്ളതുവേണ്ട. കളികളായാലും മതി. സ്കിപ്പിങ്, ഊഞ്ഞാലാട്ടം, നീന്തൽ, പന്തുകൊണ്ടുള്ള കളികൾ എന്നിവയെല്ലാം‌ം ചെ‌യ്യാം. നിരന്തരവ്യായാമം ശരീരത്തിലെ ഓക്സിജൻ ആഗീരണം വർധിപ്പിക്കുകയും നല്ല ഉറക്കം നല്‍കുകയും ചെയ്യുന്നു. രാത്രി ഉറക്കത്തിൽ നല്ല വിശ്രമം ലഭിക്കുന്ന തലച്ചോർ അടുത്ത ദിവസം കൂടുതൽ ഊർജത്തോടെയാകും പ്രവർ‌ത്തിക്കുക. കളി‌‌കൾ വീടിനുള്ളിൽ ഒതുക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. സൂര്യപ്രകാശം ശരീര‌ത്തിൽ ഏൽക്കുന്നത് വിറ്റാമിൻ ഡിയുടെ അളവ് കൂടാൻ സഹായിക്കും.

ചെറിയ രീതിയിലുള്ള ശ്വസനക്രിയകളും കുട്ടികൾക്ക് ഗുണം ചെയ്യും. അഞ്ച് വയ‌‌‌‌‌‌‌‌‌‌‌‌‌‌‌സ്സുള്ള കുട്ടികൾക്ക് വരെ ഇതു പരിശീലിക്കാവുന്നതാണ്. ശ്വാസം വലിച്ചെടുക്കുകയും വിടുകയും ചെയ്യുന്നതുപോലും നല്ല വ്യായാമമാണ്. എട്ട് വയസ്സാകുമ്പോൾ പ്രാണായാമം പരിശീലിപ്പിക്കാം. നീന്തലും നല്ലൊരു വ്യാ‌യാമമാണ്. ഏഴു വയസ്സാണ് നീന്തൽ പരിശീലനം തുടങ്ങാൻ അനുയോജ്യമായ പ്രായം.

സംഗീതം, നൃത്തം
കുട്ടിയെ ചെറുപ്രായത്തിൽ തന്നെ സംഗീതമോ സംഗീതോപകരണമോ അഭ്യസിപ്പിക്കുന്നത് നല്ലതാണ്. ഉപകരണങ്ങളിൽ കീബോർഡ് പഠിക്കുന്നത് ഏറ്റവും ഉത്തമം. കാല്‍, കൈ, കണ്ണ്, ചെവി തുടങ്ങിയ എല്ലാ അവയവങ്ങളെയും ഒരുമിച്ച്‌ പ്ര‌വർത്തിക്കുന്നതിന്റെ ഫലമാണ് നൃത്തം. രണ്ട് വയസ്സാകുമ്പോൾ ചെ‌റിയ ചുവടുകള്‍ കുട്ടിയെ പഠിപ്പിക്കാം.

പ്രീസ്കൂളിലേക്ക്
അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളെ അക്ഷരം അഭ്യസിപ്പിക്കണമെന്നില്ല. മൂന്നു വയസ്സാണ് പ്രീസ്കൂളിൽ ചേർക്കാൻ പറ്റിയ പ്രായം. മറ്റ് കുട്ടികളുമായി കൂട്ടുകൂടുന്നതും കളികളിൽ ഏർപ്പെടുന്നതും കുട്ടിയുടെ ബുദ്ധിവളർച്ചയെ ത്വരിതപ്പെടുത്തും.

തട്ടിപ്പുകളിൽ വീഴരുത്
കുട്ടികളുടെ ബുദ്ധിശക്തി വർധിപ്പിക്കാം എന്ന അവകാശവാദവുമായി മിഡ് ബ്രെയിൻ സ്റ്റിമുലേഷൻ കോഴ്സ് എന്നിങ്ങനെ പുത്തൻ രീതികൾ ഇന്ന് നമ്മുടെ നാട്ടിൽ ‌വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇവയിൽ പലതും വേണ്ടത്ര ഗുണ‌കരമല്ലെന്ന് പല വിദഗ്ധരും അഭിപ്രായപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇത്തരം കബളിപ്പിക്കലിനു ഇരയാകാതിരിക്കാൻ രക്ഷകർത്താക്കൾ ശ്രദ്ധിക്കുക.

കുഞ്ഞുങ്ങളുടെ തലച്ചോർ റബ്ബർ പോലെയാണെന്നു വേണമെങ്കിൽ പറയാം.‌ ‌അതുകൊണ്ടു തന്നെ ആ കുഞ്ഞു തലച്ചോറിനെ എങ്ങനെ വേണമെങ്കിൽ രൂപ‌പ്പെടുത്തിയെടുക്കാം.... അതു മാതാപിതാക്കളുടെ കൈയിലാണെന്നു‌ ‌മാത്രം. 

വിവരങ്ങൾക്ക് കടപ്പാട്
ഡോ. നീന ഷിലൻ
കൺസൾട്ടന്റ് ഡെവലപ്മെന്റ് പീഡിയാട്രീഷൻ
സൺറൈസ് ഹോസ്പിറ്റൽ, കാക്കനാട്