‘കവിതിലകൻ’ കൊട്ടാരത്തിൽ ശങ്കുണ്ണി

Sankunni_Kottarathil
SHARE

‘ഐതിഹ്യമാല’യുടെ കർത്താവാണ് കൊട്ടാരത്തിൽ ശങ്കുണ്ണി. അറുപതിലേറെ ഗ്രന്ഥങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹത്തെ നിത്യപ്രശസ്തനാക്കിയത് ഐതിഹ്യമാലയാണ്. മലയാളി എക്കാലവും വായിക്കാനാഗ്രഹിക്കുന്ന കൃതിയാണിത്.

കോട്ടയത്ത് കൊട്ടാരത്തിൽ കുടുംബത്തിൽ 1855 മാർച്ച് 23 നാണ് ശങ്കുണ്ണി ജനിച്ചത്. കൊട്ടാരത്തിൽ വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനാണ്. വാസുദേവൻ എന്നായിരുന്നു യഥാർഥ പേര്. അച്ഛന്റെ പേരും ഇതുതന്നെയായതിനാൽ ആദ്യം ‘തങ്കു’ എന്നും പിന്നീട് തങ്കു മാറി ‘ശങ്കു’ എന്നും വിളിപ്പേര് വന്നു. ജാതിപ്പേരായ ‘ഉണ്ണി’ ചേർത്ത് പിൽക്കാലത്ത് ശങ്കുണ്ണി എന്നു പ്രസിദ്ധനായി.

അറുപതോളം ഗ്രന്ഥങ്ങൾ രചിച്ചെങ്കിലും ശങ്കുണ്ണി, സ്കൂൾ വിദ്യാഭ്യാസം നേടാത്തയാളാണ്. ഏഴാം വയസ്സിൽ നാട്ടാശാന്മാരുടെ കീഴിൽ പഠനം തുടങ്ങിയെങ്കിലും പത്താമത്തെ വയസ്സിൽ പഠനം അവസാനിപ്പിച്ചു. പിന്നീട് ഏഴു വർഷത്തിനുശേഷം പഠനരംഗത്തേക്കു തിരിച്ചുവന്ന അദ്ദേഹം മണർകാട് ശങ്കുവാര്യരുടെ ശിഷ്യനായി. പിന്നീട് വയസ്കര ആര്യൻ നാരായണൻ മൂസിന്റെ ശിഷ്യനായി പഠനം തുടർന്നു.

ആദ്യകാലത്ത് യൂറോപ്യൻ ക്രിസ്തുമത പ്രചാരകരെ മലയാളം പഠിപ്പിച്ചാണു ശങ്കുണ്ണി  ഉപജീവനം നടത്തിയത്. പിന്നീട് 1890 ൽ കണ്ടത്തിൽ വർഗീസ് മാപ്പിള ‘മലയാള മനോരമ’ ആരംഭിച്ചപ്പോൾ സുഹൃത്തായ ശങ്കുണ്ണിയെ അതിലെ കവിതാപംക്തിയുടെ ചുമതലക്കാരനാക്കി. മനോരമയിലെ ജീവിതകാലത്താണ് അദ്ദേഹത്തിന്റെ ഉള്ളില്‍ സാഹിത്യകാരൻ രംഗപ്രവേശം ചെയ്തത്. പഠനകാലത്തു തന്നെ കവിതയിൽ താൽപര്യം പ്രകടിപ്പിച്ച ശങ്കുണ്ണി, മണിപ്രവാളത്തിലാണ് ആദ്യ ഗ്രന്ഥം, ‘സുഭദ്രാഹരണം’ രചിച്ചത്.  1891 ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പ്രേരണയിലാണ് താൻ കാവ്യരചനയ്ക്കൊരുങ്ങിയതെന്ന് ശങ്കുണ്ണിതന്നെ പറഞ്ഞിട്ടുണ്ട്.

മണിപ്രവാളകൃതികൾ, നാടകങ്ങൾ, പരിഭാഷകൾ, കൽപിതകഥകൾ, ആട്ടക്കഥകൾ, കിളിപ്പാട്ട്, കൈകൊട്ടിപ്പാട്ട്, തുള്ളൽപാട്ട്, വഞ്ചിപ്പാട്ട്, ഗദ്യപ്രബന്ധങ്ങൾ എന്നീ വിഭാഗങ്ങളിലായി അറുപത് കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അന്ന് പ്രസിദ്ധീകരിച്ചിരുന്ന മിക്ക ആനുകാലികങ്ങളിലും ശങ്കുണ്ണി സ്ഥിരം എഴുത്തുകാരനായിരുന്നു. എങ്കിലും ഐതിഹ്യമാലയാണദ്ദേഹത്തെ പ്രശസ്തനാക്കിയത്. മനോരമയിൽ ജോലിചെയ്ത കാലത്ത് വിശ്രമവേളകളിൽ‌ മനോരമയിലെ വർഗീസ് മാപ്പിളയോട് സന്ദർഭവശാൽ പറയേണ്ടിവന്ന ഐതിഹ്യകഥകൾ പിന്നീട് ക്രോഡീകരിച്ചാണ് ഐതിഹ്യമാല ഉണ്ടാക്കിയത്. തൃശൂർ ‘മംഗളോദയ’മായിരുന്നു പ്രസാധകർ. പണ്ടത്തെ ജനങ്ങളുടെ ആചാരോപചാരങ്ങൾ, സംഭാഷണ രീതികൾ, നാട്ടുനടപ്പുകൾ, ജീവിതസമ്പ്രദായങ്ങൾ എന്നിവയുടെ ഒരുജ്വല പ്രതിഫലനമാണ് ഐതിഹ്യമാലയിൽ നാം ദർശിക്കുക. പ്രാചീന സാഹചര്യങ്ങളിൽ നോവലുകളും നാടകങ്ങളും രചിക്കാനൊരുങ്ങുന്ന സാഹിത്യകാരന്മാർക്ക് ഐതിഹ്യമാലയുടെ നിരീക്ഷണ പഠനങ്ങൾ കുറച്ചൊന്നുമല്ല പ്രയോജനപ്പെടുന്നത്.

ഇത്രയധികം രാജകീയ സമ്മാനങ്ങളും ബഹുമതികളും നേടിയ മറ്റൊരു കവി അക്കാലത്തുണ്ടായിരുന്നില്ല. 1919 ൽ എറണാകുളത്ത് കൊച്ചി മഹാരാജാവിന്റെ ഷഷ്ഠിപൂർത്തി ആഘോഷവേളയിൽ ശങ്കുണ്ണിക്ക് ‘കവിതിലകൻ’ ബഹുമതി സമ്മാനിച്ചു. 1937 ജൂലൈ 22ന് കൊട്ടാരത്തിൽ ശങ്കുണ്ണി അന്തരിച്ചു.

ഐതിഹ്യം
നൂറ്റാണ്ടുകളായി ജനങ്ങൾക്കിടയിൽ പ്രചാരം നേടിയ കഥകളാണ് ഐതിഹ്യങ്ങൾ. ‘ഇതി’, ‘ഹ’ എന്നീ വാക്കുകൾ ചേർന്നാണ് ഐതിഹ്യം എന്ന വാക്കുണ്ടായത്. ‘ഇതി’ എന്നാൽ ഇപ്രകാരമെന്നും ‘ഹ’ എന്നാൽ പ്രസിദ്ധം എന്നുമാണ് അർഥം. ഐതിഹ്യം ചരിത്രമല്ല വെറും ഭാവനയുമല്ല. എന്നാൽ രണ്ടും ഇതിലടങ്ങിയിരിക്കുന്നു. ഐതിഹ്യം ചിലപ്പോൾ കെട്ടുകഥകളോടും ചരിത്രസത്യങ്ങളോടും അടുത്ത് നിൽക്കുന്നതായി കാണാം. പറഞ്ഞും കേട്ടുമാണ് ഐതിഹ്യങ്ങൾ പ്രചരിക്കുന്നത്. അവ എഴുതി സൂക്ഷിക്കുന്ന പതിവ് പലപ്പോഴും ഉണ്ടാകാറില്ല. എന്നാൽ മലയാളികൾക്കിടയിൽ പ്രചാരമുള്ള നൂറുകണക്കിന് ഐതിഹ്യങ്ങൾ തേടിപ്പിടിക്കുകയും അവ മനോഹരമായി എഴുതി സൂക്ഷിക്കുകയും പിന്നീട് പുസ്തകരൂപത്തിലാക്കുകയും ചെയ്തതാണ് ഐതിഹ്യമാല എന്ന ഗ്രന്ഥം.

ഐതിഹ്യമാല
കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യങ്ങളെല്ലാം സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹദ് ഗ്രന്ഥമാണ് ഐതിഹ്യമാല. സാഹിത്യ വിദ്യാർഥികൾക്കും ചരിത്ര വിദ്യാർഥികൾക്കും ഗവേഷകർക്കും ഒരുപോലെ ഉപയോഗപ്രദമായ ഗ്രന്ഥമാണിത്. മലയാളത്തിന്റെ ‘കഥാസരിത് സാഗരം’ എന്നാണ് ഐതിഹ്യമാലയെപ്പറ്റി അതിന്റെ അവതാരികയിൽ അമ്പലപ്പുഴ രാമവർമ വിശേഷിപ്പിച്ചത്. അക്കാലത്ത് മലയാളത്തിൽ പ്രചരിച്ചിരുന്ന ഐതിഹ്യങ്ങളെല്ലാം 126 ലേഖനങ്ങളിലായി തന്മയത്തത്തോടെ അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. കുട്ടികൾക്കുപോലും രസിക്കുന്ന തരത്തിലാണ് ഇതിലെ വർണനകൾ. പണ്ഡിത സമൂഹത്തിനിടയിലും ആഢ്യകുലത്തിന്റെ സൊറപറയൽ വേദികളിലും മാത്രം ഒതുങ്ങിനിന്ന ഐതിഹ്യ സാഹിത്യത്തെ സാധാരണക്കാർക്കിടയിലേക്കു കൊണ്ടുവരാൻ ഐതിഹ്യമാല വഹിച്ച പങ്ക് വളരെ വലുതാണ്. പിൽക്കാലത്തു മലയാള സാഹിത്യത്തിൽ വേരുറപ്പിച്ച പല കഥാപാത്രങ്ങളും ലിഖിതമായി ആദ്യം പ്രത്യക്ഷപ്പെട്ടത് ഐതിഹ്യമാലയിലാണ്.

പിഎസ്‌സി പരീക്ഷയ്ക്ക് ഒരുങ്ങാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
FROM ONMANORAMA