മൃദംഗമുണ്ടായതു പാലക്കാട് മണി അയ്യർക്കു വേണ്ടിയായിരുന്നോ?

Palghat-Mani-Iyer
SHARE

മൃദംഗമുണ്ടായതു പാലക്കാട് മണി അയ്യർക്കു വേണ്ടിയായിരുന്നു. മണി അയ്യർ കൊട്ടിക്കയറിയ ഉയരങ്ങളിലേക്കു ചെന്നെത്തുക ദുഷ്‌കരം. ‘കലിയുഗനന്ദി’യെ മറികടക്കാൻ കെൽപ്പുള്ള വിരലുകളൊന്നും മൃദംഗത്തിൽ പതിഞ്ഞിട്ടില്ല. 1912 ജൂൺ പത്തിനാണ് അദ്ദേഹം ജനിച്ചത്. ഹരികഥാകാലക്ഷേപകലാകാരനായിരുന്നു അച്‌ഛൻ ശേഷഭാഗവതർ. നല്ലൊരു മൃദംഗവാദകൻ കൂടിയായിരുന്നു അദ്ദേഹം. അമ്മ അനന്താംബാളിനും മൃദംഗം വഴങ്ങുമായിരുന്നു. 

പഴയന്നൂർ ക്ഷേത്രത്തിൽ നിന്നുയർന്ന വാദ്യമേളങ്ങൾ മണിയുടെ ഉള്ളിലെത്തിയിരുന്നു. ആറുവയസ്സുള്ളപ്പോൾ ചാത്തപുരം സുബ്ബയ്യരുടെ കീഴിൽ മൃദംഗം പഠിക്കാൻ തുടങ്ങി. ഒൻപതാം വയസ്സിലായിരുന്നു അരങ്ങേറ്റം. പന്ത്രണ്ടാം വയസ്സിൽ, സാക്ഷാൽ ചെമ്പൈയുടെ കച്ചേരിക്ക് ആ കുട്ടി മൃദംഗം വായിച്ചപ്പോൾ സദസ്സ് തരിച്ചിരുന്നു. അതുപോലൊന്ന് അവർ ആദ്യമായി കേൾക്കുകയായിരുന്നു. 

പതിനഞ്ചാം വയസ്സിൽ തഞ്ചാവൂർ വൈദ്യനാഥയ്യരുടെ ശിഷ്യനായി ചേർന്നു. പാലക്കാട് ടി.എസ്. മണി അയ്യരില്ലാത്ത കച്ചേരികൾ ആലോചിക്കാനാവാത്ത അവസ്‌ഥയായി. പുകൾപെറ്റ സംഗീതജ്‌ഞർക്കെല്ലാമൊപ്പം മൃദംഗത്തിൽ മണി അയ്യരുണ്ടായിരുന്നു. ചെമ്പൈ, ശെമ്മാങ്കുടി, അരിയാക്കുടി, എം.ഡി. രാമനാഥൻ...ആ നിര നീളുന്നു. 

ശുദ്ധസംഗീതത്തിന്റെ ഉപാസകനായിരുന്നു അദ്ദേഹം. മൈക്ക് സംഗീതത്തിന്റെ തനിമ ചോർത്തിക്കളയുമെന്ന് കരുതി. 1940ൽ തിരുവിതാംകൂർ മഹാരാജാവ് അദ്ദേഹത്തെ ആസ്‌ഥാനവിദ്വാനായി തിരഞ്ഞെടുത്തു. 1966ൽ സംഗീതകലാനിധി പട്ടവും 1979ൽ പത്മഭൂഷൺ ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. പേരും പ്രശസ്‌തിയുമുണ്ടായപ്പോഴും മണി അയ്യർ മാറിയില്ല. ഖദർ മുണ്ടും ഷർട്ടും കൂടെയൊരു ചെറിയ വേഷ്‌ടിയും..അതുമതിയായിരുന്നു മഹാനായ ഈ സംഗീതജ്‌ഞന്. രാഷ്‌ട്രപതിയുടെ പുരസ്‌കാരം വാങ്ങാൻ ഈ വേഷത്തിലാണോ പോകുന്നതെന്നു പുരികം ചുളിച്ചവരോട് മണി അയ്യർ പറഞ്ഞത്, എനിക്കു പുരസ്‌കാരം ലഭിച്ചതു സംഗീതത്തിനാണ്, വേഷവിധാനത്തിനല്ല എന്നായിരുന്നു. മൃദംഗം നന്നായി വായിക്കുക മാത്രമല്ല നന്നായി കൊണ്ടുനടക്കുകയും ചെയ്‌ത മറ്റൊരാളുണ്ടാവില്ല. മൃദംഗം തുണിയിൽ കെട്ടി കൊണ്ടുപോകുന്ന രീതി അദ്ദേഹം പിന്തുടർന്നില്ല. തുണികൾ ചുറ്റി ബാഗിലാക്കിയാണ് അദ്ദേഹം കച്ചേരികൾക്കു മൃദംഗം കൊണ്ടുപോയിരുന്നത്. ഒന്നിലധികം മൃദംഗങ്ങൾ കൂടെയുണ്ടാകുമായിരുന്നു. ഓരോ മൃദംഗത്തെയും ഓരോ നിറത്തിലുള്ള തുണികൾ കൊണ്ടാണ് പൊതിഞ്ഞിരുന്നത്. വെറുതെ കാണുന്നിടത്തെല്ലാം മൃദംഗം വയ്‌ക്കുമായിരുന്നില്ല. കടലാസോ തുണിയോ വിരിച്ചു ഭദ്രമാക്കിയശേഷം അതിനു മുകളിലാണ് മൃദംഗം വച്ചിരുന്നത്. വാദ്യത്തോടുള്ള അർപ്പണവും സ്‌നേഹവും അദ്ദേഹം ഒരിക്കലും കൈവിട്ടുകളഞ്ഞില്ല. 

പലതരത്തിലുള്ള മൃദംഗങ്ങൾ നിർമിക്കാനും മണി അയ്യർ ഉൽസാഹം കാണിച്ചു. മണ്ണിൽ വരെ അദ്ദേഹം മൃദംഗം തീർത്തു. പല വലിപ്പത്തിൽ, പല മരങ്ങൾ കൊണ്ടുള്ള മൃദംഗങ്ങൾ. മദ്ദളത്തിന്റെയും തിമിലയുടെയും ചെണ്ടയുടെയും താളങ്ങളെ അദ്ദേഹം മൃദംഗത്തിലേക്ക് ആവാഹിച്ചുവരുത്തുമായിരുന്നു. 1975ൽ പൊതുപരിപാടികൾ അവസാനിപ്പിച്ച്, കൃഷ്‌ണമൂർത്തി ഫൗണ്ടേഷനു കീഴിലുള്ള ഋഷിവാലി സ്‌കൂളിൽ സംഗീതം പഠിപ്പിച്ചു കഴിയാൻ മണി അയ്യർ തീരുമാനിച്ചു. സംഗീതപ്രേമികൾക്കു തീരാനഷ്‌ടമായിരുന്നു അത്. ഒടുവിൽ എംജിആറിന്റെ അഭ്യർഥനയെത്തുടർന്ന് മൃദംഗമാന്ത്രികൻ കച്ചേരികളിലേക്കു തിരികെയത്തി. സംഗീതേതിഹാസങ്ങൾക്കൊപ്പം മൃദംഗം വായിച്ച അദ്ദേഹം പുതിയ തലമുറയ്‌ക്കൊപ്പവും വലിപ്പചെറുപ്പങ്ങൾ പരിഗണിക്കാതെ വായിച്ചു. ചെമ്പൈ ലോകത്തിനു പരിചയപ്പെടുത്തിയ അന്നുതൊട്ട് 1981 മേയ് 30ന് ഈ ലോകത്തു നിന്നു പോയ്‌മറയുവോളം കുനിയാത്ത ശിരസ്സോടെ, മങ്ങാത്ത പ്രതിഭയോടെ അദ്ദേഹം മൃദംഗത്തിൽ പെയ്‌തു. 

സമാനതകളില്ലാത്ത സാന്നിധ്യം
‘ആകാശത്തിനു സമാനം ആകാശം, സമുദ്രത്തിനു സമാനം സമുദ്രം, മണി അയ്യർക്കു സമാനം മണി അയ്യർ’ എന്നാണ് ശെമ്മാങ്കുടി വിശേഷിപ്പിച്ചത്. ടൈഗർ വരദാചാര്യർ പറഞ്ഞത് ഇങ്ങനെ: ‘സാധാരണസമയങ്ങളിൽ മണി അയ്യർക്ക് മറ്റെല്ലാവരെയും പോലെ പത്തുവിരലുകളാണുള്ളത്. എന്നാൽ അദ്ദേഹം മൃദംഗം വായിച്ചുതുടങ്ങിയാൽ അൻപതുവിരലുകളുണ്ടോ എന്നു തോന്നിപ്പോകും’.

പിഎസ്‌സി പരീക്ഷയ്ക്ക് ഒരുങ്ങാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
FROM ONMANORAMA