ADVERTISEMENT

മൽസരപ്പരീക്ഷകൾ ഏറിയ പങ്കും ഒബ്ജെക്റ്റീവ് മാതൃകയിലാണ്. സ്കൂൾ / കോളജ് പരീക്ഷകളിലെ വിവരണരീതിയിൽ നിന്നു തീർത്തും വിഭിന്നമാണ് ഈ പരീക്ഷകൾ. പല ശൈലികളിൽ ഒബ്ജെക്റ്റീവ് ടെസ്റ്റുകളുണ്ടെന്നു പറ‍ഞ്ഞാ‌ലും കോളജ് പ്രവേശനത്തിനും ഉദ്യോഗനിയമനത്തിനും ഉപയോഗിക്കാറുള്ള പരീക്ഷകളിൽ പൊതുവായി ചില വസ്തുതകൾ കണ്ടുവരുന്നുണ്ട്.

ഒബ്‌ജെക്‌റ്റീവ് ടെസ്‌റ്റുകളിലെ പൊതുരീതികൾ
പരീക്ഷയിൽ ജയാപരാജയങ്ങളില്ല. ഡിസ്റ്റിങ്ഷൻ, ഫസ്റ്റ് ക്ലാസ് തുടങ്ങി പ്രകടനമനുസരിച്ചുള്ള വേർതിരിവുമില്ല. പങ്കെടുക്കുന്നവരെയെല്ലാം സ്കോറനുസരിച്ച്  റാങ്ക് ചെയ്യുകയെന്ന പരിമിതലക്ഷ്യമേയുള്ളൂ. ഒഴിവുകളനുസരിച്ച് മികച്ച പ്രകടനം കാഴ്ച വച്ചവരെ റാങ്ക് അനുസരിച്ച് തിരഞ്ഞെടുക്കും. സംവരണക്രമം നിയമാനുസൃതം പാലിക്കുകയും ചെയ്യും.

മിക്കപ്പോഴും മൾട്ടിപ്പിൾ ചോയ്സ് ശൈലിയിലാണു പരീക്ഷ. ഓരോ ചോദ്യത്തിനും നേർക്ക് നാലോ അഞ്ചോ ഉത്തരങ്ങൾ നൽകിയിട്ടു ശരിയുത്തരം തിരഞ്ഞെടുക്കാൻ ആവശ്യപ്പെടും. പലപ്പോഴും ഇത് തീരെ ലളിതമായിരിക്കില്ല. പല ഉത്തരങ്ങളിലും ശരിയുടെ അംശം ഏറിയും കുറഞ്ഞുമാകും. അപ്പോൾ ശരിയുടെ അംശം ഏറ്റവും കൂടുതലുള്ള ഉത്തരമാണ് തിരഞ്ഞെടുക്കേണ്ടത്. ശ്രദ്ധ തെല്ലു കുറഞ്ഞുപോയാൽ വഴിതെറ്റിപ്പോകാവുന്ന ഈ ചോദ്യങ്ങളുടെ കുരുക്കിൽ വീഴാതെ നോക്കണം. ഉദാഹരണത്തിന് തെർമോമീറ്റർ വഴി അളക്കുന്നത് ഇനിപ്പറയുന്നവയിൽ ഏത് എന്ന ചോദ്യം കാണുക.

(a) Pressure

(b) Heat

(c) Humidity

(d) Energy

(e) Temperture

സമയക്കുറവിന്റെ സമ്മർദ്ദത്തിലിരുന്ന് തിടുക്കത്തിൽ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്ന കുട്ടി (b) Heat എന്ന ഓപ്ഷൻ കാണുമ്പോൾതന്നെ ശരിയെന്നു കരുതി ആ ഉത്തരം അടയാളപ്പെടുത്തിയേക്കാം. തെർമോമീറ്ററും ചൂടും തമ്മിൽ എന്തോ ബന്ധമുണ്ടെന്നതു ശരിയാണല്ലോ. പക്ഷേ ഹീറ്റ് എന്ന് കണ്ടപാടേ അതു തിരഞ്ഞെടുക്കാതെ, അഞ്ചാമത്തെ ഉത്തരത്തിൽ വരെ ക്ഷമയോടെ കണ്ണോടിക്കുന്നവർ (e) Temperture എന്ന ശരിയുത്തരത്തിലെത്തും. ഏറെയൊന്നും ഓർമ വയ്ക്കേണ്ടെങ്കിലും തെറ്റുകൾക്കിടയിലെ ശരിയെ തിരിച്ചറിയാൻ വിവേചനബുദ്ധി പ്രയോഗിക്കണം.  

ചോയ്സില്ലാതെ എല്ലാം നിർബന്ധചോദ്യങ്ങൾ ചോദ്യങ്ങൾക്കെല്ലാം തുല്യമാർക്ക്
സമയക്കുറവിന്റെ പിരിമുറുക്കത്തിലിരുന്ന് യുക്‌തിപൂർവം ചിന്തിക്കേണ്ടിവരും. ഏറ്റവും സമർഥരെ തിരഞ്ഞെടുക്കുന്നതിന് ഈ സമ്മർദ്ദവും പരീക്ഷകർ ബോധപൂർവം പ്രയോഗിക്കാറുണ്ട്. എല്ലാം നേർചോദ്യങ്ങളായിരിക്കില്ല. തത്വങ്ങളുടെ പ്രയോഗത്തിലൂന്നിയ ചോദ്യങ്ങൾ വരാം. സ്കൂൾ / കോളജ് പരീക്ഷകളിൽ പതിവില്ലാത്തതാണിത്. പാഠപുസ്തകം വെള്ളംപോലെ പഠിച്ചവർക്ക് പ്രയാസം കൂടാതെ ഉത്തരം നൽകാവുന്ന ചോദ്യങ്ങൾ മാത്രമാവും അക്കാദമിക പരീക്ഷകളിൽ. പല വിഷയഭാഗങ്ങളിലെയും ആശയങ്ങൾ ബുദ്ധിപൂർവം സമന്വയിച്ചാൽ മാത്രം  ഉത്തരം നൽകാവുന്ന  സങ്കീർണ ചോദ്യങ്ങളും വരാം.

വലിയ ടെൻഷൻ വേണ്ട
മൽസരപ്പരീക്ഷ ജീവൻമരണസമരമായി കണ്ടാൽ ടെൻഷൻ അഥവാ മാനസികപിരിമുറുക്കം അതിശക്‌തമാകും. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ഉത്തരം കണ്ടെത്തേണ്ടിവരുന്ന വിദ്യാർഥി/ ഉദ്യോഗാർഥിക്കു പിരിമുറുക്കം മൂലം സംഭവിക്കുന്ന തകരാറുകൾ കുറച്ചൊന്നുമല്ല. അവ ഇങ്ങനെ നീളുന്നു. 

∙ചിന്താശേഷി വഴിവിട്ടു പോകും

∙മനസിന്റെ സമനിലയിൽ വ്യത്യാസം വരും

∙യുക്‌തിചിന്തയ്‌ക്കു കോട്ടം സംഭവിക്കും

∙ആത്മവിശ്വാസം കുറയും

∙പ്രവർത്തനക്ഷമത മോശമാകും

∙ചെയ്യുന്നതൊന്നും ശരിയാകില്ല

∙അറിയാവുന്നതു പോലും ചെയ്യാൻ കഴിയില്ല

∙സ്വന്തം കഴിവു മുഴുവൻ പ്രകടമാക്കാനാവില്ല

നമൽസരപ്പരീക്ഷയിലെ പ്രകടനം മോശമാകും

∙റാങ്ക് കുറയും

തെല്ലു മനസ് വച്ചാൽ ഇപ്പറഞ്ഞതെല്ലാം നിഷ്‌പ്രയാസം ഒഴിവാക്കാം. ‘‘ഞാൻ നല്ല രീതിയിൽ പഠിച്ചു തയാറെടുത്തിട്ടുണ്ട്. വിഷയഭാഗങ്ങളിലെ അറിവും മൽസരപ്പരീക്ഷയിൽ മികവു പുലർത്താനുള്ള തന്ത്രങ്ങളും എനിക്കു നിശ്‌ചയമുണ്ട്. അന്യർക്കുള്ള ശേഷികളെല്ലാം എനിക്കുമുണ്ട്. മുൻനിരയിലെത്തുന്ന മറ്റുള്ളവരെപ്പോലെ ഞാനും നല്ല പ്രകടനം കാഴ്‌ച വയ്‌ക്കും’’ എന്നു വിശ്വസിച്ചു സ്വയം പറഞ്ഞു ബോധ്യപ്പെടുത്തുന്നതു പരമപ്രധാനം.

ഇത്രയെല്ലാം പറഞ്ഞെങ്കിലും തീരെെച്ചറിയ തോതിൽ ടെൻഷനുള്ളതു നല്ലതാണ്. പരീക്ഷയെ ഗൗരവത്തോടെ കണ്ടു പരമാവധി കഴിവു പ്രകടിപ്പിക്കാൻ ചെറിയ പിരിമുറുക്കം സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com