ADVERTISEMENT

എൻട്രൻസ് അപേക്ഷാസമർപ്പണം 28ന് അവസാനിക്കുകയാണ്. എൻജിനീയറിങ്ങിന് ‘ഇഷ്‌ടംപോലെ’ സീറ്റുണ്ട്, എൻട്രൻസിലെ പ്രകടനം മോശമായാലും കുഴപ്പമില്ല എന്നു കരുതരുത്. മനസ്സിനിണങ്ങിയ എൻജിനീയറിങ് ശാഖയിലും നല്ല കോളജിലും ചെന്നെത്തണമെങ്കിൽ പരമാവധി മികവു പുലർത്തണം.

ചിട്ടയൊപ്പിച്ച് ഏകാഗ്രതയോടെ പ്രയത്നിക്കുക. പാഠ്യേതര പ്രവർത്തനങ്ങൾക്ക് താൽക്കാലിക അവധി കൊടുക്കുക. എത്രനേരം പഠിക്കുന്നു എന്നതിനേക്കാൾ പ്രധാനമാണ് കാര്യക്ഷമത. എൻട്രൻസ് പരീക്ഷയുടെ ശൈലിക്കൊപ്പിച്ച് പരിശീലിക്കു‌ക  

എൻട്രൻസ് സവിശേഷതകൾ
ചോദ്യങ്ങളെല്ലാം ഒബ്‌ജക്‌റ്റീവ് ശൈലിയിലെ മൾട്ടിപ്പിൾ ചോയിസ് തരം മാത്രമാണ്.എല്ലാം നിർബന്ധചോദ്യങ്ങൾ; സമയക്കുറവിന്റെ പിരിമുറുക്കത്തിലിരുന്ന് യുക്‌തിപൂർവം ചിന്തിക്കേണ്ടിവരും. ഇതു ടൈംടെസ്‌റ്റുമാണ്. പരീക്ഷയിൽ എല്ലാം നേർചോദ്യങ്ങളായിരിക്കില്ല. തത്ത്വങ്ങളുടെ പ്രയോഗത്തിലൂന്നിയ ചോദ്യങ്ങൾ വരാം. പല വിഷയഭാഗങ്ങളിലെയും ആശയങ്ങൾ ബുദ്ധിപൂർവം സമന്വയിച്ചാൽ മാത്രം  ഉത്തരം നല്‌കാവുന്ന ചോദ്യങ്ങളും വരാം.

പിരിമുറുക്കം  ഒഴിവാക്കുക
എൻട്രൻസ് ജീവന്മരണസമരമായി കണ്ടാൽ, പിരിമുറുക്കം അതിശക്‌തമാകും. ഇതുകൊണ്ടു തകരാറുകൾ പലതാണ്. ചിന്താശേഷി വഴിവിട്ടു പോകും, മാനസികനിലയിൽ വ്യത്യാസം വരും.യുക്‌തിചിന്ത, ആത്മവിശ്വാസം, പ്രവർത്തനക്ഷമത തുടങ്ങിയവ കുറയും.

സ്വന്തം കഴിവു മുഴുവൻ പുറത്തെടുക്കാനാകാത്തതിനാൽ എൻട്രൻസ് പരീക്ഷയിലെ പ്രകടനം മോശമാകുകയും റാങ്ക് കുറയുകയും ചെ‌യ്യും. മുൻനിരയിലെത്തുന്ന മറ്റുള്ളവരെപ്പോലെ ഞാനും നല്ല പ്രകടനം കാഴ്‌ച വയ്‌ക്കുക തന്നെ ചെയ്യും’’ എന്നു വിശ്വസിച്ചു സ്വയം പറഞ്ഞു ബോധ്യപ്പെടുത്തുക. പരീക്ഷാഹാളിലെ അന്തരീക്ഷം കൃത്രിമമായി സൃഷ്‌ടിച്ച് സമയബദ്ധിതമായി ടെസ്‌റ്റ്-റിഹേഴ്‌സൽ നടത്തി പരിശീലിക്കുക.

ശ്രദ്ധിക്കേണ്ട  കാര്യങ്ങൾ 
അവധിദിനത്തിനും അധ്യയനദിനത്തിനും പ്രത്യേകം ടൈംടേബിൾ സ്വയം തയാറാക്കി പാലിക്കുക. വിഷമമുള്ള വിഷയത്തിനു കൂടുതൽ നേരം. സിലബസിലെ  ഒന്നും വിട്ടുകളയരുത്. ഫോർമുലകളിലെ ആശയം മനസ്സിലാക്കി പഠിക്കുന്നതും മനക്കണക്കു കൂട്ടാൻ ശീലിക്കുന്നതും നല്ലതാണ്.ഫോർമുലകളെല്ലാം മനഃപാഠമാക്കുന്നതും ഓർമസൂത്രങ്ങൾ ഉണ്ടാക്കുന്നതും സഹായകമാകും.

ചോദ്യങ്ങളെല്ലാം തുടക്കത്തിൽ ഒരു തവണ വായിച്ചുനോക്കി നേരം പാഴാക്കാതിരിക്കുക. ഒന്നാമത്തെ ചോദ്യം മുതൽ മുറയ്‌ക്കു വായിച്ച്, അപ്പപ്പോൾ ഉത്തരം അടയാളപ്പെടുത്തിപ്പോകുക. കഠിനചോദ്യങ്ങള്‍ ആദ്യറൗണ്ടിൽ ഒഴിവാക്കി ‘സ്കിപ്’ ചെയ്യുക. ആവശ്യമെങ്കിൽ രണ്ടാം റൗണ്ടിലും ഈ രീതിയാകാം. ‘കറക്കിക്കുത്ത്’ വേണ്ട. 

നീറ്റ് എഴുതുന്നവർ 
കേരളത്തിലെ എംബിബിഎസ്, ഡെന്റൽ സർജറി,  ആയുർവേദം,  ഹോമിയോപ്പതി,  സിദ്ധ,  യുനാനി, അഗ്രിക്കൾചർ, വെറ്ററിനറി, ഫിഷറീസ്, ഫോറസ്‌ട്രി, ബാച്‌ലർ കോഴ്സുകളിലെ പ്രവേശനം നീറ്റ് റാങ്ക് അടിസ്ഥാനത്തിലാണ്.

180 ചോദ്യങ്ങൾക്ക് 180 മിനിറ്റിൽ ഉത്തരം അടയാളപ്പെടുത്തണം. ഒരു ചോദ്യം വായിച്ച് ആലോചിച്ച് ഉത്തരം അടയാളപ്പെടുത്താൻ ശരാശരി 60 സെക്കൻഡ് മാത്രം. ബയോളജിയിലെ അസാധാരണപദങ്ങളെല്ലാം ഒരിടത്തെഴുതിവച്ച് ഇടയ്ക്ക് നോക്കി അർഥമറിയാമോയെന്ന് പരിശോധിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com