മൽസരപ്പരീക്ഷകളിലെ കുഴപ്പിക്കുന്ന ചോദ്യങ്ങൾ എങ്ങനെ നേരിടാം?

SHARE

ഏതു കാര്യവും ഭംഗിയായി ചെയ്യണമെങ്കിൽ മുൻപേ തന്നെ നല്ല രീതിയിൽ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഒബ്ജെക്റ്റീവ് ടെസ്റ്റിനെ നേരിടുന്നതും അങ്ങനെതന്നെ. വിവരങ്ങൾ കൃത്യതയോടെ ശേഖരിക്കുക, പ്രയോജനമുള്ള പുസ്തകങ്ങളും വെബ്സൈറ്റുകളും തിരഞ്ഞെടുക്കുക, ബുദ്ധിപൂർവം പ്രായോഗിക ടൈം ടേബിൾ തയാറാക്കുക, ആ ടൈം ടേബിൾ ശുഷ്കാന്തിയോടെ പാലിക്കുക, ഇടയ്ക്കിടെ പഠനപുരോഗതി വിലയിരുത്തി ആവശ്യാനുസരണം ടൈം ടേബിൾ പരിഷ്കരിക്കുക, നാം എഴുതാനുദ്ദേശിക്കുന്ന ടെസ്റ്റിന്റെയും സമാന ടെസ്റ്റുകളുടെയും ചോദ്യക്കടലാസുകൾ കണ്ടെത്തി സമയബദ്ധമായി ഉത്തരം നൽകി ശീലിക്കുക, സ്വന്തം പ്രവർത്തനത്തിലെ ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞു യഥാസമയം തിരുത്തുക, വിജയം വരിക്കുമെന്ന് വിശ്വസിച്ചു മുന്നേറുക എന്നിവയാവണം നമ്മെ നയിക്കുന്നത്. 

ഉദ്യോഗസമ്പാദനത്തിനുള്ള മൽസരപ്പരീക്ഷകളിലെ മുൻചോദ്യക്കടലാസുകൾ എവിടെ കിട്ടുമെന്നു പലരും അന്വേഷിക്കാറുണ്ട്. പരീക്ഷ എഴുതുന്നവർക്കു ചോദ്യക്കടലാസുകൾ പുറത്തുകൊണ്ടുവരാൻ അനുവാദമില്ലായിരിക്കാം. പക്ഷേ മുൻചോദ്യക്കടലാസുകൾ അന്യഥാ സമ്പാദിച്ചു പ്രസിദ്ധപ്പെടുത്തുന്ന രീതി നിലവിലുണ്ട്. പരീക്ഷാസഹായികളിലും മൽസരിക്കുന്നവരെ ലക്ഷ്യമാക്കിയുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ഇത്തരം ചോദ്യങ്ങൾ കാണാം. ഉത്തരങ്ങളിലും മറ്റും ചെറിയ തെറ്റുകൾ ഇടയ്ക്കിടെ കണ്ടേക്കാമെങ്കിലും ഇങ്ങനെയുള്ള ഗ്രന്ഥസഹായത്തെ ആശ്രയിക്കുകയാണു വിജയാർഥികൾക്കു പ്രായോഗികമായി ചെയ്യാവുന്നത്. 

മുൻപരീക്ഷകളിലെ ചോദ്യങ്ങളും ഉത്തരങ്ങളും പ്രസിദ്ധപ്പെടുത്തുന്ന ധാരാളം വെബ്സൈറ്റുകളുണ്ട്. അവ നോക്കുമ്പോൾ ഉത്തരങ്ങൾ ആദ്യംതന്നെ വായിക്കാതിരിക്കുക. തനിയെ ഉത്തരങ്ങൾ നൽകിയിട്ടു വെബ്സൈറ്റിലെ ഉത്തരങ്ങളുമായി ഒത്തുനോക്കുകയാണു വേണ്ടത്. 

മൽസരപ്പരീക്ഷകളുടെ സിലബസ് മാത്രം നോക്കി പരിശീലനക്രമം നന്നായി ആസൂത്രണം ചെയ്യാൻ ആർക്കും കഴിയില്ലെന്ന് ഓർക്കുക. അവ്യക്തമായ സൂചനകൾ മാത്രമേ സിലബസിൽ നിന്നു ലഭിക്കൂ. സിലബസിനെക്കാളേറെ മുൻ പരീക്ഷകളിലെ ചോദ്യമാതൃകകളെ ആധാരമാക്കിയാണു ചോദ്യകർത്താക്കൾ പുതിയ ചോദ്യക്കടലാസുകൾ തയാറാക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല. 

പല നിലവാരങ്ങളിലുള്ള മൽസരപ്പരീക്ഷകളിലെ സിലബസിലെ ചില വാക്യങ്ങൾ ഒരു പോലെയിരിക്കാം. പക്ഷേ ചോദ്യനിലവാരം വ്യത്യസ്തമായിരിക്കും. ഒരു ഉദാഹരണം കൊണ്ട് ഇതു വ്യക്തമാക്കാം. കുഞ്ചൻ നമ്പ്യാരുടെ കല്യാണസൗഗന്ധികത്തിലെ പതിനാറു വരി നാലാം ക്ലാസിലെ പാഠപുസ്തകത്തിലുണ്ടാവാം. ഇതേ വരികൾ എംഎ ക്ലാസിലും പഠിക്കാനുണ്ടാവാം. പക്ഷേ ഇതിനെ ആസ്പദമാക്കി നാലാം ക്ലാസിലെ കുട്ടികളോടും എംഎ വിദ്യാർഥികളോടും ചോദിക്കുന്ന ചോദ്യങ്ങൾ എത്രയോ വ്യത്യസ്തമായിരിക്കും. ബാങ്ക് ക്ലെറിക്കൽ ടെസ്റ്റിലും പ്രൊബേഷനറി ഓഫിസർ ടെസ്റ്റിലും യുക്തിചിന്താപരിശോധന ഉണ്ടെങ്കിലും ചോദ്യനിലവാരങ്ങൾ വ്യത്യസ്തമായിരിക്കും. അതിനാലാണ് മുൻചോദ്യക്കടലാസുകൾ നോക്കിത്തന്നെ വേണം പരിശീലനമെന്നു പറയുന്നത്. 

അറിവ് എന്ന പോലെ പരീക്ഷയിലെ ടെക്നിക്കുകൾ സ്വായത്തമാക്കുന്നതും സുപ്രധാനമാണെന്നു സൂചിപ്പിച്ചിരുന്നല്ലോ. ചോദ്യക്കടലാസുകൾ ഉപയോഗിച്ചു യുക്തിചിന്തയിലെയും മറ്റും പ്രശ്നങ്ങൾക്ക് ഉത്തരം കാണാൻ തുടങ്ങുമ്പോൾ, തുടക്കത്തിൽ പ്രയാസം തോന്നിയാൽ പിന്തിരിഞ്ഞ് ഓടിക്കളയരുത്. എത്ര സമർഥനും ഇത്തരം ക്ലേശങ്ങൾ അനുഭവപ്പെടാറുണ്ട്. പരിചയം കൂടുന്തോറും ചോദ്യങ്ങളുടെ കാഠിന്യം ക്രമേണ ലാളിത്യമായി മാറുന്നതു കാണാം. ഇതിന്റെ പിന്നിലെ രഹസ്യം ആവർത്തിച്ചുള്ള പരിശീലനം മാത്രമാണ്. ടെസ്റ്റ് ശൈലിയെ പഴിച്ചിട്ടു കാര്യമില്ല. 

ലക്ഷക്കണക്കിന് അപേക്ഷകരിൽ നിന്ന് 500 പേരെ തിരഞ്ഞെടുക്കേണ്ട സാഹചര്യത്തിൽ ബഹുഭൂരിപക്ഷം പേരെയും ഒഴിവാക്കി ഏറ്റവും പറ്റിയവരെ കണ്ടെത്തുന്നതിനുതകുന്ന വിധത്തിൽ വൈദഗ്ധ്യത്തോടെ ആവിഷ്കരിച്ചുള്ള ടെസ്റ്റ് ശൈലികളാണിവ. കാലികമായി ഇവ പരിഷ്കരിക്കാറുമുണ്ട്. പിരിമുറുക്കത്തിനു വിധേയരായിരുന്നുകൊണ്ടു പണത്തിന്റെ കണക്ക് കൂട്ടാനും, ആവർത്തനവിരസമായ കൃത്യങ്ങൾ മനംമടുക്കാതെ ചെയ്യാനും നൂതന സാഹചര്യങ്ങളെ ബുദ്ധിപൂർവം വിശകലനം ചെയ്യാനും ആവശ്യാനുസരണം നന്നായി ഭാഷ പ്രയോഗിക്കാനും സാമർഥ്യമുള്ളവരെ തിരഞ്ഞെടുക്കുന്ന ടെസ്റ്റിൽ ഇപ്പറഞ്ഞവയുമായി ബന്ധപ്പെട്ട ഘടകങ്ങൾ ഉൾപ്പെടുത്തുന്നതു യുക്തിയുക്തം തന്നെയല്ലേ? അക്കാരണത്താൽ അവയെ സന്തോഷപൂർവം നേരിടാൻ ശ്രമിക്കുന്നതാണു വിജയത്തിലേക്കുള്ള വഴി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
FROM ONMANORAMA