ADVERTISEMENT

പരീക്ഷാ ഹാളിലെ അന്തരീക്ഷം കൃത്രിമമായി സൃഷ്ടിച്ച് അതിനിണങ്ങുന്ന രീതിയിൽ ആവർത്തിച്ചു സമയബദ്ധമായി ടെസ്റ്റ്-റിഹേഴ്സൽ നടത്തി പരിശീലിക്കുക. വിഷയങ്ങളും വിഷയഭാഗങ്ങളും മാറിമാറി നിത്യവും 30 മിനിറ്റ് നേരം വാച്ച് വച്ചു പരമാവധി ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ ശ്രമിക്കുക. നമ്മുടെ വേഗം ക്രമേണ ഉയരും. പുസ്തകങ്ങളിലും വെബ്സൈറ്റുകളിലും ധാരാളമായുള്ള മോഡൽ ചോദ്യങ്ങൾ പ്രയോജനപ്പെടുത്താം. 

കേരള എൻജിനീയറിങ് എൻട്രൻസിൽ 120 ചോദ്യങ്ങൾക്ക് 150 മിനിറ്റിൽ ഉത്തരം അടയാളപ്പെടുത്തണം. ജെഇഇ മെയിനിൽ 90 ചോദ്യം – 180 മിനിറ്റ്, നീറ്റിന് 180 ചോദ്യം –180 മിനിറ്റ്.

പരിശീലനസമയത്ത് ഉത്തരം അടയാളപ്പെടുത്തിപ്പോകുമ്പോൾ ഇടയ്ക്കിടെ ഉത്തരങ്ങൾ ശരി തന്നെയോ എന്നു പരിശോധിക്കാൻ ടെക്സ്റ്റ്ബുക്കിലേക്കു പോകരുത്. 30 മിനിറ്റും തീർന്നിട്ട് ഉത്തരങ്ങൾ പരിശോധിച്ചു തെറ്റുണ്ടെങ്കിൽ തിരുത്താം.

ടെസ്റ്റിനു മുൻപ് 

1. ഏതു ടെസ്റ്റ്, എത്ര ഭാഗങ്ങൾ, ഓരോ ഭാഗത്തിനും വകയിരുത്തി നൽകേണ്ട സമയം എത്ര എന്നീ കാര്യങ്ങൾ ഉറപ്പിക്കുക. 
(ഒന്നിലേറെ ഭിന്നഭാഗങ്ങളുള്ള ടെസ്റ്റിൽ ഓരോ ഭാഗത്തിനും എത്ര നേരം വകയിരുത്തണമെന്നതു സ്വയം തീരുമാനിച്ചു കൊള്ളണം. സഹായക ഗ്രന്ഥങ്ങളിലും മറ്റും സമയവിഭജനത്തെപ്പറ്റി ചില നിർദ്ദേശങ്ങൾ കണ്ടേക്കാം. അവ കണ്ണടച്ച് അതേപടി സ്വീകരിക്കുന്നത് അഭികാമ്യമല്ല. ഉദാഹരണത്തിന്, കണക്കിൽ പ്രാഗൽഭ്യവും അഭിരുചിയുമുള്ളയാൾക്ക് ആ വിഭാഗം അതിവേഗത്തിൽ കൈകാര്യം ചെയ്യാൻ കഴിയും. അയാൾക്കു യുക്തിചിന്തയിലെ ചിത്രങ്ങൾ വെല്ലുവിളി ആയേക്കാം. എന്നാൽ, രണ്ടാമതൊരാളെ സംബന്ധിച്ചിടത്തോളം കണക്ക് കീറാമുട്ടിയും ചിത്രങ്ങൾ പഥ്യവും ആയെന്നുവരാം. ആദ്യത്തെയാൾ കണക്കിനുള്ള നേരം കുറച്ച് യുക്തി ചിന്തയ്ക്കു കൂടുതൽ നേരം വകയിരുത്തണം. രണ്ടാമനാകട്ടെ, നേരെമറിച്ചുള്ള സമയവിഭജനമാകും പ്രയോജനകരം). 

2. ടെസ്റ്റ് നേരിടാനുള്ള കരുക്കളെല്ലാം ഒരുക്കിയിരിക്കണം. 

3. വീട്ടിലെ പരിശീലനമാണെങ്കിൽ
ഒതുക്കമുള്ള മുറി, ഒരുക്കിയ മേശപ്പുറം എന്നിവ വേണം. പരിശീലനസമയത്തു വിളിച്ചു ശ്രദ്ധ തിരിക്കരുതെന്നു മറ്റുള്ളവരോടു നേരത്തേ ആവശ്യപ്പെട്ടിരിക്കണം. നിർദ്ദിഷ്ട സമയത്തിനുള്ളിൽ എത്ര ചോദ്യങ്ങൾക്കു ശരിയുത്തരം നൽകാൻ കഴിഞ്ഞെന്നു കണക്കാക്കി പരിശീലനം മെച്ചപ്പെടുത്താനാണു ശ്രമിക്കേണ്ടതെന്ന് ഓർക്കുക. അടയാളപ്പെടുത്തിയ ഉത്തരം ശരി തന്നെയോ എന്നറിയാൻ പുസ്തകം മറിച്ചു നോക്കുന്ന ശ്രമം ഈ ഡ്രില്ലിനിടയിൽ വേണ്ട. പരീക്ഷാഹാളിലെപ്പോലെ ഇടമുറിയാതെ ചോദ്യോത്തരങ്ങളിൽ മാത്രം ഏർപ്പെടുക. നിർദ്ദിഷ്ടസമയം തീർന്നു കഴിഞ്ഞുമതി ഉത്തരങ്ങളിലെ തെറ്റും ശരിയും കണ്ടെത്താൻ പാഠഭാഗങ്ങളിലേക്കു മടങ്ങുന്നത്. 

4. നേരത്തേ പരിശീലനം കഴിച്ചിരുന്നെങ്കിൽ 
അവയിൽ നിന്നു ഗ്രഹിച്ച പാഠങ്ങൾ ഓർമ വച്ചു പഴയ തെറ്റുകൾ ആവർത്തിക്കാതെ നോക്കണമെന്ന കാര്യം മനസിൽ കരുതുക. 

5. ടെസ്റ്റ് സംബന്ധിച്ച നിർദ്ദേശങ്ങൾ ഒരിക്കൽക്കൂടി നോക്കി ഉറപ്പിക്കുക
പരമ്പരാഗത ശൈലിയിൽ ആവർത്തിച്ചുവരുന്ന നിർദ്ദേശങ്ങൾ തന്നെയാവും ഒട്ടുമിക്കപ്പോഴും പല ടെസ്റ്റുകളിലും ഉണ്ടായിരിക്കുക. പക്ഷേ, നിർദ്ദേശങ്ങൾക്കു മാറ്റം വന്നുകൂടെന്നില്ല. ഇക്കാരണത്താൽ മൽസരപ്പരീക്ഷയിൽ പങ്കെടുക്കുന്നവർ ഓരോ പ്രാവശ്യവും പൊതു നിർദ്ദേശങ്ങളും ചോദ്യങ്ങളോടൊപ്പമുള്ള വിശേഷ നിർദ്ദേശങ്ങളും വായിക്കുകതന്നെ വേണം. ഈ ഘട്ടത്തിൽ തെറ്റു വരുത്തിയാൽ തുടർന്നു നടത്തുന്ന ശ്രമങ്ങളെല്ലാം വ്യർഥമായതുതന്നെ. തെറ്റു വരുത്തി പിന്നീടു തിരുത്താൻ ഒരു മൽസരപ്പരീക്ഷയിലും നേരം കിട്ടില്ല. രാജ്യാന്തര തലത്തിൽ നടത്താറുള്ള പല മൽസരപ്പരീക്ഷകളിലും ചോദ്യശൈലി വ്യക്തമാക്കുന്നതിനുവേണ്ടി മാതൃകാചോദ്യവും അതിന്റെ ഉത്തരവും ചോദ്യങ്ങളുടെ തുടക്കത്തിൽ എഴുതിക്കാണിക്കാറുണ്ട്. അത്തരം മാതൃകകളിൽ തീർച്ചയായും ശ്രദ്ധ പതിപ്പിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com