ADVERTISEMENT

പരീക്ഷയുടെ കാര്യം നിൽക്കട്ടെ. നല്ല പൗരനായി ജീവിക്കണമെങ്കിൽ നമുക്കു ചുറ്റും നടക്കുന്നതും നടന്നതും ആയ കാര്യങ്ങളെപ്പറ്റി ഏകദേശരൂപമെങ്കിലും വേണം. നമ്മുടെ രാജ്യത്തും ലോകത്തിൽത്തന്നെയും നടക്കുന്ന കാര്യങ്ങൾ, മഹാമനുഷ്യരുടെ പ്രവർത്തനങ്ങൾ, ശാസ്ത്രസാങ്കേതികരംഗത്തെ മുന്നേറ്റങ്ങൾ തുടങ്ങിയവയെക്കുറിച്ച് അറിയുന്നത് ആരോഗ്യകരം. അങ്ങനെ അറിയാനുള്ള ആഗ്രഹമുള്ളവർക്കു മൽസരപ്പരീക്ഷയിലോ ഇന്റർവ്യൂവിലോ മാത്രമല്ല, തൊഴിൽരംഗത്തും ജീവിതത്തിൽ പൊതുവേയും പല സൗകര്യങ്ങളും ലഭിക്കും. ഇന്നത്തെ വികസ്വരലോകത്ത് വിജയകരമായ ജീവിതം പുലർത്തേണ്ടവർക്കു ജിജ്ഞാസ കൂടിയേ തീരൂ. നമുക്കിനി തൊഴിലന്വേഷണത്തിൽ പൊതുവിജ്ഞാനത്തിന്റെ പങ്ക് എന്തെന്നു നോക്കാം.

ഉദ്യോഗനിയമനത്തിനുള്ള ഒട്ടെല്ലാ പരീക്ഷകളിലും പൊതുവിജ്ഞാനം നിർണായകഘടകമാണ്. ലാസ്റ്റ് ഗ്രേഡ് ജോലിക്കുള്ള തിരഞ്ഞെടുപ്പു മുതൽ ഐഎഎസ്, ഐഎഫ്എസ് ആദിയായ ഇരുപതിൽപ്പരം സർവീസുകളിലേക്ക് സിലക്ഷൻ നടത്തുന്നതിനുള്ള സിവിൽ സർവീസസ് പരീക്ഷ വരെ പൊതുവിജ്ഞാനത്തിലെ ചോദ്യങ്ങൾ തീർച്ച. ചോദ്യശൈലിയും നിലവാരവും വ്യത്യസ്തമായിരിക്കുമെന്നു മാത്രം.

ജനഗണമന ഏതു ഭാഷയിലെന്നോ ഇന്ത്യയുടെ രാഷ്ട്രപതി ആരെന്നോ പോലുള്ള അറിവാകാം ലാസ്റ്റ് ഗ്രേഡ് പരീക്ഷയിൽ പരിശോധിക്കുക. സിവിൽ സർവീസസ് പരീക്ഷയിലെത്തുമ്പോൾ തീരെച്ചുരുക്കം പേർ മാത്രം ശ്രദ്ധിച്ചേക്കാവുന്ന കാര്യങ്ങളിലെ കിറുകൃത്യമായ അറിവായിരിക്കും പരിശോധിക്കുക.

ആകട്ടെ, എന്തിനാണു മൽസരപ്പരീക്ഷകളിലെല്ലാം ഉദ്യോഗാർഥിയുടെ പൊതുവിജ്ഞാനം പരിശോധിക്കുന്നത്? ആദായനികുതി ഇൻസ്പെക്ടറോ സ്റ്റെനോഗ്രഫറോ ആയി പ്രവർത്തിക്കുന്നയാൾ പൊതുവിജ്ഞാനത്തിൽ വിദഗ്ധനായിരിക്കേണ്ട ആവശ്യമുണ്ടോ? ജോലി സംബന്ധിച്ച ചട്ടങ്ങളും വകുപ്പുകളും, അത്യാവശ്യത്തിനു ഭാഷയും കണക്കും അറിഞ്ഞിരുന്നാൽ പോരേ? ഉദ്യോഗാർഥികളെ ആവശ്യമില്ലാതെ വിഷമിപ്പിക്കാമെന്നതൊഴികെ, ഈ വൈതരണി മൽസരപ്പരീക്ഷയിൽ വലിച്ചുവയ്ക്കുന്നതുകൊണ്ടു വല്ല നേട്ടവുമുണ്ടോ?

നേട്ടം പലതുമുണ്ടെന്നതാണു വാസ്തവം. ചുറ്റുപാടും നിത്യേന നടക്കുന്ന സംഭവങ്ങളിലെന്നപോലെ നമ്മുടെ ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും ശാസ്ത്രത്തിന്റെ മുന്നേറ്റത്തിലുമൊക്കെ ക്രിയാത്മകമായ താത്പര്യമുള്ളയാളിന്റെ സമഗ്രവ്യക്തിത്വം ഏതു സ്ഥാപനത്തിനും മുതൽക്കൂട്ടാണ്. സാധാരണ രീതിയിലുള്ള സേവനങ്ങൾപോലും മെച്ചമായ രീതിയിൽ മനസറിഞ്ഞ് നിർവഹിക്കാനും നൂതനസാഹചര്യങ്ങളെ കാര്യക്ഷമമായി നേരിടാനും ഇത്തരം വ്യക്തികൾക്കു കഴിയും. പൊതുവിജ്ഞാനപരീക്ഷകളിൽ സാധാരണമായി ഉൾപ്പെടുത്താറുള്ള മേഖലകൾ ഏതെല്ലാമെന്നു നാം ആദ്യംതന്നെ ശ്രദ്ധിക്കേണ്ടതുണ്ട്.

ഈ മേഖലകളെ പൊതുവേ രണ്ടായി തരംതിരിക്കാം.

1. പരമ്പരാഗത മേഖല

2. ആനുകാലിക സംഭവങ്ങൾ

പരമ്പരാഗതമേഖലയിലെ അറിവ് കാലേക്കൂട്ടിത്തന്നെ ശേഖരിച്ചു തുടങ്ങാം. ഇതിലെ പല അംശങ്ങളും സ്കൂൾ / കോളജ് ക്ലാസുകളിലെ പാഠ്യവിഷയങ്ങളിൽപെട്ടിരിക്കുമെന്ന സൗകര്യമുണ്ട്. പരീക്ഷകർ ആവർത്തിച്ച് ചോദ്യങ്ങൾ ചോദിക്കാറുള്ള വിഷയഭാഗങ്ങൾ ഏതൊക്കെയെന്ന് നോക്കാം. സൂചനകളും ദൃഷ്ടാന്തങ്ങളും മാത്രമാണ് ചുവടെ നൽകുന്നത്.

നാം പാർക്കുന്ന ഭൂമി: ആകൃതി, ഘടന, ഭൂഖണ്ഡങ്ങൾ, സമുദ്രങ്ങൾ, നദികൾ, മരുഭൂമികൾ, പർവതങ്ങൾ, കൊടുമുടികൾ (ഏറ്റവും വലുത് / ചെറുത് / ഉയരം കൂടിയത് മുതലായവ), ദിനചലനം, വാർഷികചലനം, ഭൂമിയിലെ മൂലകങ്ങൾ, ജലപ്രവാഹങ്ങൾ, അന്തരീക്ഷം, ഗ്രീനിച്ച് സമയം.

സൗരയൂഥം: ഗ്രഹങ്ങൾ (വലുത് / ചെറുത് / ഏറ്റവും അടുത്തുള്ളത് മുതലായവ), ഗ്രഹണങ്ങൾ.

ലോകം: രാഷ്ട്രങ്ങൾ (തലസ്ഥാനം, ഭാഷ, ജനസംഖ്യ, നാണയം), നദീതീര നഗരങ്ങൾ, രാജ്യങ്ങളുടെ ഓമനപ്പേരുകൾ (Land of a thousand lakes - Finland), പഴയതും പുതിയതുമായ പേരുകൾ (Allahabad- Prayagraj), കാർഷികോൽപന്നങ്ങൾ, (ഏറ്റവും കൂടുതൽ കാപ്പി ഉൽപാദിപ്പിക്കുന്ന രാജ്യം-ബ്രസീൽ), ഖനിജങ്ങൾ, പ്രമുഖ വ്യവസായങ്ങൾ, ലോകസംഘടനകൾ (ഐക്യരാഷ്ട്രസഭ, കോമൺവെൽത്ത്, സാർക്, Asia Pacific Economic Cooperation).

ചരിത്രം: ലോകചരിത്രത്തിലെയും ഇന്ത്യാചരിത്രത്തിലെയും ശ്രദ്ധേയമായ സംഭവങ്ങളും അവ നടന്ന വർഷങ്ങളും (ഒന്നാം ലോകമഹായുദ്ധം തുടങ്ങിയത് 1914-ൽ), ചരിത്രനായകന്മാർ (നെപ്പോളിയൻ, ചർച്ചിൽ, ഗാന്ധിജി).

ഗ്രന്ഥങ്ങളും ഗ്രന്ഥകാരന്മാരും: (Brothers Karamazov by Fyodor Dostoevsky; കഥാസരിത്സാഗരം: സോമദേവൻ).

കഥാപാത്രങ്ങളും കൃതികളും: (ഷൈലോക്ക്: മർച്ചന്റ് ഓഫ് വെനീസ്).

പ്രശസ്ത വചനങ്ങൾ: (A person who never made a mistake never tried anything new - Albert Einstein).

മഹാവ്യക്തികളും പ്രവർത്തനരംഗവും: (ജഗദീശ് ചന്ദ്രബോസ്-ശാസ്ത്രജ്ഞൻ; മൊസാർട്ട്-സംഗീതപ്രതിഭ; ഹൗഡിനി-ഐന്ദ്രജാലികൻ; നർഗീസ്-സിനിമാനടി ; ക്രിസ്റ്റഫർ കൊളംബസ് - നാവികൻ).

വ്യക്തികളുടെ അപരനാമങ്ങൾ: (ബാപ്പു-ഗാന്ധിജി; ദേശബന്ധു - സി.ആർ. ദാസ്)

ഒന്നാം സ്ഥാനക്കാർ: (ഉത്തരധ്രുവത്തിലെത്തിയത് - റോബർട്ട് പിയറി; സ്പേസ് വനിത - വാലന്റിന തെരഷ്കോവ; ലോകസുന്ദരിപ്പട്ടം നേടിയ ഇന്ത്യക്കാരി-റീത്താ ഫാരിയ).

അവാർഡ് ജേതാക്കൾ: (ആദ്യത്തെ ജ്ഞാനപീഠം - ജി. ശങ്കരക്കുറുപ്പ്; നൊബേൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ - രവീന്ദ്രനാഥ ടാഗോർ).

കണ്ടുപിടിത്തങ്ങൾ: (ബരോമീറ്റർ - ടോറിസെല്ലി)

കലാരംഗം: കലാരൂപങ്ങൾ, മഹാപ്രതിഭകൾ

ഒളിംപിക്സ് മൽസരങ്ങൾ: പ്രശസ്ത ജേതാക്കൾ; പ്രശസ്ത ലോക / ഇന്ത്യൻ സ്പോർട്സ് താരങ്ങൾ, ട്രോഫികൾ (സന്തോഷ് ട്രോഫി - ഫുട്ബോൾ)

കളികളും സാങ്കേതികപദങ്ങളും: (ചെക്ക്മേറ്റ്-ചെസ്; CUE-ബില്യാർഡ്സ്; ചൈനാമാൻ - ക്രിക്കറ്റ്)

ചരിത്രനേട്ടങ്ങൾ കൈവരിച്ച കായികപ്രതിഭകൾ

കോമൺവെൽത്ത് ഗെയിംസ്, സാഫ് ഗെയിംസ്, വേൾഡ് കപ്പ് (ഫുട്ബോൾ, ക്രിക്കറ്റ്) മൽസരങ്ങൾ.

പ്രശസ്ത കളിസ്ഥലങ്ങൾ: (ലോഡ്സ് - ക്രിക്കറ്റ്, ലണ്ടൻ; ഫോറസ്റ്റ് ഹിൽ-ടെന്നിസ്, യുഎസ്എ; ഈഡൻ ഗാർഡൻസ് - ക്രിക്കറ്റ്, കൊൽക്കത്ത)

ചുരുക്കെഴുത്തുകളുടെ പൂർണരൂപം: AIDS– Acquired Immuno Deficiency Syndrome; SEBI –Security Exchange Board of India; SLV – Satellite Launch Vehicle

തൂലികാനാമങ്ങൾ: ഉറൂബ് – പി സി കുട്ടിക്കൃഷ്ണൻ; Lewis Carroll – Charles Lutwidge Dodgson

ദിനങ്ങൾ : ഫെബ്രുവരി 28- ദേശീയ ശാസ്ത്രദിനം; ഓഗസ്റ്റ് 12 – രാജ്യാന്തര യുവജനദിനം

ദേശീയ പതാക : അളവുകൾ – വശങ്ങളുടെ അനുപാതം, നിറങ്ങൾ, അശോകചക്രം എന്നിവയുടെ വിശദാംശങ്ങൾ

ദേശീയ പക്ഷി : മയിൽ; ദേശീയ മൃഗം - ബംഗാൾ കടുവ; ദേശീയ പുഷ്പം – താമര; ദേശീയഫലം – മാങ്ങ

ദേശീയ ഗാനം, ഗീതം :National Anthem of India: Jana Gana Mana by Rabindranath Tagore (ബംഗാളി)

National Song of India: Vande Mataram by Bankimchandra Chatterjee (സംസ്കൃതം)

സ്ഥലങ്ങളുടെ അപരനാമങ്ങൾ: പിങ്ക് സിറ്റി – ജയ്പുർ; ഉദയസൂര്യന്റെ നാട് (Land of the Rising Sun) – ജപ്പാൻ

വിജ്ഞാനശാഖകൾ: haematology – രക്തത്തെക്കുറിച്ചുള്ള പഠനം; petrology – പാറകളെക്കുറിച്ചുള്ള പഠനം

ശാസ്ത്രീയോപകരണങ്ങളുടെ ഉപയോഗം: sphygmomanometer – രക്ത സമ്മർദ്ദം അളക്കുന്നു; Seismometer - ഭൂകമ്പംകൊണ്ടും മറ്റുമുണ്ടാകുന്ന ഭൂചലനങ്ങൾ അളക്കുന്നു

മാത്രകൾ: സെക്കൻഡ് - സമയം; കെൽവിൻ - താപനില.

ലളിതമായ ശാസ്ത്രീയ പ്രതിഭാസങ്ങൾ: Photosynthesis, osmosis

മൂലകങ്ങൾ, സംയുക്തങ്ങൾ (Elements, compounds)

രാസനാമങ്ങൾ: തുരിശ് (blue vitriol) – കോപ്പർ സൾഫേറ്റ്.; നവസാരം - അമോണിയം ക്ലോറൈഡ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com