ഇങ്ങനെ പഠിച്ചോളൂ, ആദ്യ റാങ്ക് ഉറപ്പ്

SHARE

ഉദ്യോഗാർഥികളെ പരീക്ഷിച്ചു റാങ്ക് ചെയ്യുന്നതിന്, ബാങ്ക് ടെസ്റ്റുകളിലുൾപ്പെടെ യൂക്തിപൂർവം ചിന്തിക്കാനുള്ള കഴിവ് പരിശോധിച്ചുവരുന്നു. സ്കൂൾ / കോളജ് പരീക്ഷകളില്ലാത്തതാണിത്. അതുകൊണ്ടു തന്നെ ഇതിനായി വിശേഷപരിശീലനം കൂടിയേ തീരൂ. നിരവധി ശൈലികളിൽ ഇതിനു ചോദ്യങ്ങൾ തയാറാക്കാനാവും. പക്ഷേ, ഓരോ തരത്തിലുള്ള ടെസ്റ്റിനും ചില വിശേഷശൈലികൾ കൂടുതലായി സ്വീകരിച്ചുവരുന്നതായി കാണാം. ചിത്രങ്ങളുപയോഗിച്ചും അല്ലാതെ വാക്കുകളോ വാക്യങ്ങളോ സംഖ്യകളോ മാത്രം ചേർത്തും ചോദ്യങ്ങളുണ്ട്. എസ്എസ്സി, യുപിഎസ്സി, ഐബിപിഎസ് തുടങ്ങി പല ടെസ്റ്റുകളിലെയും ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ‘തൊഴിൽവീഥി’യിൽ ധാരാളമായി ചേർക്കാറുണ്ടല്ലോ.

നമുക്കു യുക്തിച്ചോദ്യങ്ങളെ സംബന്ധിച്ച ചില പൊതു കാര്യങ്ങൾ നോക്കാം. സാധാരണമായി സ്വന്തം യുക്തി വേണ്ടവിധം പ്രയോജനപ്പെടുത്താത്തവരാണ് മിക്കവരും. ആ സമീപനത്തിൽ അടിസ്ഥാനപരമായി മാറ്റം വരുത്തി, ചുറ്റുമുള്ള കാര്യങ്ങൾ കഴിയുന്നിടത്തോളം യുക്തിപൂർവം വിശകലനം ചെയ്യുന്ന ശീലം വളർത്തുന്നത് മൽസരപ്പരീക്ഷകളിലും നമുക്കു പ്രയോജനപ്പെടും. ഉദാഹരണത്തിന്, മൂന്നു കസേരയുടെ വിലയ്ക്കു നാലു കസേര തരാമെന്ന പരസ്യം കാണുമ്പോൾ പലരും അതു വാങ്ങാൻ തിരക്കു കൂട്ടും. അൽപം യുക്തി പ്രയോഗിച്ചാലറിയാം ഒരു കച്ചവടക്കാരനും നാട്ടുകാർക്കെല്ലാം ഇങ്ങനെ സൗജന്യം നൽകി ബിസിനസ് നടത്താൻ കഴിയില്ലെന്ന്. പലരും 1500 രൂപയ്ക്കു വിൽക്കാവുന്ന കസേരയുടെ വില 2000 രൂപയെന്ന് എഴുതിവയ്ക്കുന്നു. അങ്ങനെ മൂന്നു കസേരയ്ക്കെന്നു കരുതി 6000 രൂപ കൊടുത്തു നാലാമത്തേത് വെറുതേ കിട്ടിയെന്നു സന്തോഷിച്ചു നാം മടങ്ങുന്നു. പക്ഷേ കച്ചവടക്കാരന് 1500 രൂപ പ്രകാരം നാലു കസേരയ്ക്കു കിട്ടേണ്ട 6000 രൂപ കൃത്യമായി കിട്ടി. പോരെങ്കിൽ, ഏറെപ്പേർ കസേര വാങ്ങാനെത്തി സാധാരണഗതിയിൽ നടക്കാനിടയില്ലാത്തവിധം കച്ചവടം പുഷ്ടിപ്പെടുകയും ചെയ്തു.

28 ദിവസമുള്ള മാസമേത് എന്നു ചോദിച്ചാലുടൻ ഫെബ്രുവരി എന്ന് പലരും ചിന്തിക്കും. ഇതു ശരി തന്നെയോ? 12 മാസത്തിലുമില്ലേ 28 ദിവസം? അപ്പോൾ അതാണു ശരിയെന്നു യുക്തി പ്രയോഗിച്ചാൽ വ്യക്തം. 28 ദിവസം മാത്രം വരാറുള്ള മാസമേത് എന്നാണ് ചോദ്യമെങ്കിൽ, ഫെബ്രുവരിയാകും ശരി.

അഞ്ചു പൂച്ച അഞ്ച് എലിയെ കൊല്ലാൻ അഞ്ചു മിനിറ്റെടുക്കുമെങ്കിൽ നൂറു പൂച്ച നൂറ് എലിയെ കൊല്ലാൻ എത്ര മിനിറ്റെടുക്കുമെന്ന ക്വിസ് മോഡൽ ചോദ്യങ്ങൾ ചിലപ്പോൾ കാണും. കറ തീർന്ന യുക്തിയാണ് ഇവിടെ വേണ്ടത്. ഒരു പൂച്ച ഒരെലിയെ അഞ്ചു മിനിറ്റ് കൊണ്ട് കൊല്ലുമെന്ന് വേഗത്തിൽ കണ്ടെത്തണം. അപ്പോൾ നൂറു പൂച്ചയ്ക്ക് നൂറെലിയെ കൊല്ലാൻ വേണ്ടതും അഞ്ചു മിനിറ്റ് തന്നെ.

യുക്തിചിന്താചോദ്യങ്ങളിൽ ഒറ്റയാനെ (Odd Man Out) കണ്ടെത്താൻ ആവശ്യപ്പെടാറുണ്ട്. ആന, കുതിര, പരുന്ത്, കാള, പൂച്ച എന്ന ലിസ്റ്റ് തന്നാൽ ഏതു കുട്ടിയ്ക്കും ഉടൻ പറയാനാവും മൃഗങ്ങളുടെ കൂട്ടത്തിൽപ്പെടാത്ത ഒറ്റയാനായ പരുന്താണ് ശരിയുത്തരമെന്ന്. പക്ഷേ ചോദ്യം എപ്പോഴും ഇത്ര ലളിതമാവില്ല. ചില മുന്നറിവുകൾ വേണ്ടിവരും. ഉദാഹരണത്തിന്, കണ്ണ്, മൂക്ക്, പല്ല്, ചെവി, നാക്ക് എന്നിവയിലെ ഒറ്റയാൻ ഏതെന്നു പലരും പെട്ടെന്ന് പറഞ്ഞില്ലെന്നു വരാം. കണ്ണ്, മൂക്ക്, ചെവി, നാക്ക് എന്നിവ പഞ്ചേന്ദ്രിയങ്ങളിൽപ്പെടുമെന്നും, പല്ല് മാത്രം ഈ വർഗ്ഗത്തിൽ പെടില്ല എന്നും അറിയാവുന്നവർക്കേ ശരിയുത്തരം ‘പല്ല്’ എന്നു പറയാൻ കഴിയൂ.

ഒറ്റയാൻ ചോദ്യങ്ങളെപ്പറ്റി പരാതിയുണ്ടായ സന്ദർഭങ്ങളുമുണ്ട്. വ്യത്യസ്ത യുക്തികളനുസരിച്ച് വ്യത്യസ്ത ഉത്തരങ്ങൾ വരാതിരിക്കാൻ ചോദ്യകർത്താക്കൾ വിശേഷശ്രദ്ധ പുലർത്തേണ്ടിവരും. എന്നിട്ടും തെറ്റു വന്നതിന്റെ ഒരു ദൃഷ്ടാന്തം കാണുക. ചെന്നൈ, മുംബൈ, കറാച്ചി, ന്യൂഡൽഹി, കൊൽക്കത്ത എന്നിവയിലെ ഒറ്റയാനേത്? മിക്കവരും കറാച്ചി എന്നു പറയും. ഇതു മാത്രം പാകിസ്താനിലാണ് എന്നതാണ് അതിന്റെ യുക്തി. പക്ഷേ ന്യൂഡൽഹിയും ശരിയുത്തരമാണ്. കാരണം, അതു മാത്രം തുറമുഖനഗരമല്ല. ഭൂമിശാസ്ത്രത്തിന്റെ ഭാഷയിൽ ന്യൂഡൽഹി തീർത്തും ശരിയാണ്.

കാർത്തിക ഉണ്ണിയെ നോക്കിപ്പറഞ്ഞു: ‘‘നിന്റെ ഏക സഹോദരിയുടെ അച്ഛൻ എന്റെ ഭർത്താവാണ്.’’ എന്നാൽ ഉണ്ണിയുടെ ആരാണു കാർത്തിക? ശരിയുത്തരം ‘അമ്മ.’

മാത്യു ഒരിടത്തു നിന്ന് പുറപ്പെട്ട് ആദ്യം 200 മീറ്റർ കിഴക്കോട്ടും തുടർന്ന് 100 മീറ്റർ വടക്കോട്ടും 300 മീറ്റർ കിഴക്കോട്ടും 100 മീറ്റർ തെക്കോട്ടും നടന്നു. എങ്കിൽ ഇപ്പോൾ മാത്യുവിന്റെ സ്ഥാനം പുറപ്പെട്ട സ്ഥലത്തു നിന്ന് എത്ര ദൂരത്തിൽ, ഏതു ദിശയിൽ? ചെറിയൊരു സ്കെച്ച് വരച്ചാൽ പെട്ടെന്നു പറയാം 500 മീറ്റർ കിഴക്കെന്ന്.

തോൾ, വിരൽ, കൈമുട്ട്, മണിബന്ധം (wrist), കൈവെള്ള എന്നിവ ക്രമത്തിനു അടുക്കാൻ ആവശ്യപ്പെടാം. ശരീരത്തിൽ ഇവ വരുന്ന ക്രമം നോക്കിയാൽ തോൾ, കൈമുട്ട്, മണിബന്ധം, കൈവെള്ള, വിരൽ എന്നു പറയാം.

സംഖ്യാപരമ്പരകളിൽ തുടർന്നുവരുന്നതോ വിട്ടുപോയതോ ആയ സംഖ്യകൾ കണ്ടെത്താനുള്ള ചോദ്യങ്ങളിൽ യുക്തിക്കു പുറമേ സംഖ്യകൾ കൈകാര്യം ചെയ്യാനുള്ള ഗണിതബോധവും വേണ്ടിവരും.

ഐക്യൂ കണ്ടെത്താനുള്ള മാനസികപരീക്ഷകൾക്കുള്ള ഒരു വൈകല്യത്തെപ്പറ്റി നിങ്ങൾ കേട്ടിരിക്കാം. ഭാഷ, കണക്ക്, അടിസ്ഥാനശാസ്ത്രം, പൊതുവിജ്ഞാനം തുടങ്ങിയവയിലെ പല മുന്നറിവുകളുമുണ്ടെങ്കിലേ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയൂ. ന്യൂയോർക്ക് നഗരത്തിൽ ജനിച്ചുവളർന്ന കുട്ടിക്കും, ആഫ്രിക്കൻ ആദിവാസി സമൂഹത്തിൽ ജനിച്ചുവളർന്ന തുല്യപ്രായമുള്ള കുട്ടിക്കും ഒരേ ചോദ്യങ്ങൾ നൽകിയാൽ ബുദ്ധിശക്തി കൂടുതലുള്ള ആഫ്രിക്കൻ കുട്ടിയുടെ ഐക്യൂ കുറവായി കണ്ടേക്കാം. ഇതേ ദോഷം പല യുക്തിചിന്താചോദ്യങ്ങൾക്കുമുണ്ട്.

There are forty students in a class. All but five failed in the examination. How many students passed the examination? എന്ന ചോദ്യത്തിലെ but five എന്നതിന്റെ അർഥം ‘അഞ്ചു പേർ ഒഴികെ’ എന്ന് അറിയാത്തയാൾക്ക് ഉത്തരം പറയാൻ കഴിയില്ല. ശരിയുത്തരം ‘അഞ്ച്.’

1, 2, 5, 14, 41 എന്ന ലഘുപരമ്പരയിലെ അടുത്ത രണ്ടു സംഖ്യകൾ പറയണമെങ്കിൽ സംഖ്യകൾ വേഗം കൈകാര്യം ചെയ്യാനാവണം. സംഖ്യകൾ കൂടിവരുന്ന ക്രമം ആദ്യം കണ്ടെത്താം. വ്യത്യാസങ്ങൾ യഥാക്രമം 1, 3, 9, 27 എന്നിങ്ങനെ, മൂന്നു മടങ്ങു വീതം. 1+1 = 2; 2+3 = 5; 5+9 = 14; 14+27 = 41.

അതിനാൽ അടുത്ത രണ്ടു വ്യത്യാസങ്ങൾ 81, 243. അതിനാൽ പരമ്പരയിലെ അടുത്ത രണ്ട് സംഖ്യകൾ 41+81 =122, 122+243=365. അതായത് 122, 365 ആണ് അടുത്ത സംഖ്യകൾ. അൽപം ഓൾജിബ്ര അറിയാവുന്നവർ 3x-1 എന്ന രീതിയിൽ 122, 365 എന്ന് പെട്ടെന്നു കണ്ടെത്തുകയും ചെയ്യും.

പദസമ്പത്തോ ഗണിതപ്രാവീണ്യമോ മെച്ചമായ കുട്ടികൾക്ക് യുക്തിചിന്താവിഭാഗത്തിൽ അനർഹമായ മേൽക്കൈ കിട്ടാനുള്ള സാധ്യത കുറയ്ക്കാനായി വാക്കുകൾ തീരെക്കുറച്ചു ചിത്രങ്ങളുടെ സഹായത്തോടെയുള്ള ചോദ്യങ്ങൾ ധാരാളമായി ഉപയോഗിക്കുന്ന ടെസ്റ്റുകളുണ്ട്. ഇത്തരം ‘നോൺ–വെർബൽ’ (പദമുക്ത) ചോദ്യങ്ങൾ പത്തോളം ശൈലികളിലാണു പതിവ്. അവയിൽ ഓരോ ശൈലിയിലുമുള്ള മുൻപരീക്ഷച്ചോദ്യങ്ങൾ ആവർത്തിച്ചു ചെയ്തുശീലിച്ചു പോകുന്നവർക്ക് വേഗം ശരിയുത്തരത്തിലെത്താനാവും.

നിയതമായ ഏതെങ്കിലും ക്രമത്തിൽ മാറിമാറി വരുന്ന ചിത്രപരമ്പര, ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു ചിത്രം ഉൾക്കൊള്ളുന്ന അഞ്ചു ചിത്രങ്ങളുടെ കൂട്ടം, സമാനതകൾ കണ്ടെത്താനുള്ള ചിത്രങ്ങൾ എന്നിങ്ങനെ മുഖ്യമായി മൂന്നു തരത്തിലാണു ചിത്രങ്ങൾ പതിവ്. ഇവയെ യഥാക്രമം Series, Classification, Similarities എന്നു വിളിക്കുന്നു. ചിത്രപ്പരീക്ഷകളെ നേരിടാൻ കുറുക്കുവഴിയൊന്നുമില്ല. ധാരാളം ചോദ്യങ്ങൾ ചെയ്തു ശീലിക്കണം. ചില പ്രത്യേക തത്ത്വങ്ങൾ പല ചോദ്യങ്ങളിലും ആവർത്തിച്ചു വരുന്നതായി അനുഭവപ്പെടും. അവയുമായി പരിചയപ്പെട്ടു കഴിഞ്ഞാൽ മത്സരപ്പരീക്ഷയിൽ പ്രത്യക്ഷപ്പെടുന്ന യുക്തിചിന്താ പ്രശ്നങ്ങൾ ചിരപരിചിതമെന്ന് തോന്നും. വേഗത്തിൽ ഉത്തരം കണ്ടെത്താൻ കഴിയുകയും ചെയ്യും.

നാലായി മടക്കിവച്ച കടലാസിൽ നിന്നു വൃത്തവും ത്രികോണവും മറ്റും വെട്ടിനീക്കിക്കഴിഞ്ഞ് നിവർത്തിയാൽ എങ്ങനെയിരിക്കുമെന്നു ഭാവനയിൽ കാണുക, അക്ഷരക്കോഡുകളുടെ കുരുക്കഴിക്കുക, ആറു വശത്ത് ആറക്കങ്ങൾ എഴുതിയ ചതുരക്കട്ടയുടെ ചിത്രങ്ങൾ നോക്കി മറഞ്ഞിരിക്കുന്ന വശത്തെ അക്കങ്ങൾ ആലോചിച്ചു കണ്ടെത്തുക എന്നു തുടങ്ങി വേറെയും ചോദ്യരീതികളുണ്ട്. മുൻപരീക്ഷകളിലെ ചോദ്യങ്ങൾ കഴിയുന്നിടത്തോളം ചെയ്യുക, അതുതന്നെ വാച്ച് നോക്കി സമയബദ്ധമായി ചെയ്യുക എന്നതാണു തയാറെടുപ്പിന്റെ മുഖ്യരീതി.

താരതമ്യേന ബുദ്ധിശക്തി കുറവായ വിദ്യാർഥി അഭ്യാസബലത്തിന്റെ തുണയോടെ മുന്നേറുമ്പോൾ, കൂടുതൽ ബുദ്ധിയുണ്ടെങ്കിലും വിശേഷപരിശീലനമില്ലാത്തയാൾ പിൻനിരയിലായിപ്പോകുന്നു.

‘ആമയും മുയലും’ കഥയുടെ മറ്റൊരു രൂപം. വിശേഷ പരിശീലനത്തിന്റെ പിൻബലം കൂടെയുണ്ടെങ്കിൽ സമർഥന് ഉയർന്ന റാങ്ക് നേടാൻ കഴിയുകതന്നെ ചെയ്യും എന്നതു ശരി.

ചോദ്യശൈലികളെപ്പറ്റി ലഘുസൂചനകൾ നൽകുക മാത്രമാണ് ഇവിടെ െചയ്തത്. നന്നായി പരിശീലിച്ചാൽ ആർക്കും ഈ വിഭാഗത്തിൽ മികച്ച സ്കോർ നേടാനാവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
FROM ONMANORAMA