മത്സരപ്പരീക്ഷകളിൽ മലയാളികൾ എന്തുകൊണ്ടു പിന്നിലാകുന്നു?

SHARE

ദേശീയതലത്തിലുള്ള മത്സരപ്പരീക്ഷകളിൽ കേരളത്തിലെ കുട്ടികളുടെ പ്രകടനം തീരെ തൃപ്തികരമല്ലെന്ന അഭിപ്രായം പരക്കെയുണ്ടായിരുന്നു. ഐഎഎസ് / ഐഎഫ്എസ് /ഐപിഎസ് തുടങ്ങിയവയിലേക്ക് സിലക്ഷൻ നടത്തുന്നതിനുള്ള സിവിൽ സർവീസസ് പരീക്ഷ, ഐഐടി/ ഐഐഎം (ക്യാറ്റ്) / അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷ (ഇപ്പോഴത്തെ നീറ്റ്), ഗേറ്റ് (ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് ഇൻ എൻജിനീയറിങ്), കോളജ് അധ്യാപകൻ / ജൂനിയർ റിസർച് ഫെലോ ആകാൻ അർഹത നിർണയിക്കുന്ന ദേശീയ പരീക്ഷ (നെറ്റ്), സായുധസേനാ വിഭാഗങ്ങളിലേക്കു കമ്മിഷൻഡ് ഓഫിസർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള എസ്എസ്ബി.ഇന്റർവ്യൂ, ബഹുരാഷ്ട്ര കമ്പനികളടക്കം വൻകിട സ്ഥാപനങ്ങൾ പ്രഫഷനൽ / എക്സിക്യൂട്ടീവ് തലങ്ങളിലേക്കു നടത്തുന്ന സിലക്ഷൻ തുടങ്ങിയവയിലെല്ലാം കേരളത്തിന്റെ പ്രകടനം തീരെ മോശമാണെന്ന ആക്ഷേപം നിലനിന്നു.

തൊഴിലന്വേഷകർക്കു ചിട്ടയൊപ്പിച്ചു മാർഗദർശനം നൽകുന്ന പ്രസിദ്ധീകരണങ്ങളും ദിനപത്രങ്ങളിലെ കരിയർ പംക്തികളും ഏതാനും വർഷങ്ങളായി നൽകിവരുന്ന സേവനം, കേരളീയയുവജനങ്ങളുടെ വിജയകഥകളടങ്ങുന്ന ഫീച്ചറുകൾ എന്നിവ മൂലം മത്സരപ്പരീക്ഷകളെയും അവയ്ക്കുള്ള പരിശീലനത്തെയും കുറിച്ചു സമൂഹം കൂടുതൽ മനസിലാക്കിയിട്ടുണ്ട്. മൽസരപ്പരീക്ഷകൾ തുറന്നുതരുന്ന വാതിലുകൾ യുവജനങ്ങളെ അർഹതയുള്ള സ്ഥാനങ്ങളിലെത്തിക്കുന്നതിൽ ഈ പുതിയ ബോധവും ആരോഗ്യകരമായ സമീപനവും സഹായിച്ചിട്ടുമുണ്ട്. സിവിൽ സർവീസസ് പരീക്ഷയിലും മറ്റും കേരളത്തിലെ കുട്ടികൾ അടുത്ത കാലത്തു ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചത് ഇതു തെളിയിക്കുന്നു. എന്നിരിക്കിലും നാം ഇക്കാര്യത്തിൽ ഇനിയും ഏറെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.

എനിക്കെല്ലാം അറിയാം
നമ്മുടെ പല കുട്ടികൾക്കും അർഹമായ സിലക്ഷൻ കിട്ടാതെ പോകുന്നതിന്റെ ഒരു കാരണം പരിശീലനത്തിന്റെ പ്രാധാന്യം മനസിലാക്കാത്തതാണ്. രണ്ടു ദൃഷ്ടാന്തങ്ങൾ കാണുക.

1. ബാങ്ക് ജോലിക്കുള്ള തിരഞ്ഞെടുപ്പിൽ ന്യൂമെറിക്കൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവയിൽ നിന്നു ചോദ്യങ്ങളുണ്ടെന്നു കേട്ടാലുടൻ, ബിഎസ്സി മാത്തമാറ്റിക്സ് ഉയർന്ന മാർക്കോടെ നേടിയ ചില കുട്ടികൾ, ‘ഓ, മാത്സല്ലേ; എനിക്കെല്ലാം അറിയാം. ഞാൻ നിസാരമായി അതിൽ മുഴുവൻ മാർക്കും വാങ്ങും’ എന്നു വിചാരിച്ചുകളയും. പക്ഷേ ടെസ്റ്റിനിരിക്കുമ്പോഴാണ് സ്കൂളിലോ കോളജിലോ ചെയ്തു ശീലിച്ച ശൈലിയിലുള്ള കണക്കുകളെയല്ല നേരിടേണ്ടത് എന്നു തിരിച്ചറിയുന്നത്. ചോദ്യശൈലികൾ മനസിലാക്കിവരുമ്പോഴേക്കും ആർക്കും വേണ്ടി കാത്തുനിൽക്കാത്ത വാച്ചിന്റെ സൂചി ഏറെ കറങ്ങി മുന്നേറിക്കാണും. ചില ചോദ്യങ്ങൾ വായിക്കാൻ പോലും നേരം കിട്ടാതെ വരുകയും ചെയ്യും. ചോദ്യശൈലിയും നിലവാരവും ഗ്രഹിച്ച്, മുൻപരീക്ഷകളിലെ ചോദ്യങ്ങൾ സമയംനോക്കി ആവർത്തിച്ചു പരിശീലിച്ചു ടെസ്റ്റിനെ വിജയകരമായി നേരിടാനുള്ള അറിവും വേഗവും ആത്മവിശ്വാസവും കൈവരിച്ച ഉദ്യോഗാർഥി, കണക്കിലെ സാമർഥ്യം തെല്ലു കുറവാണെങ്കിൽപ്പോലും ഉയർന്ന സ്കോർ നേടിയെന്നിരിക്കും. Practice makes perfect എന്ന മൊഴി മൽസരപ്പരീക്ഷയുടെ തയാറെടുപ്പിൽ ഏറെ പ്രസക്തം.

ഒരു പടികൂടെ കടന്നും ചിന്തിക്കാം. സംഖ്യകളെ സംബന്ധിക്കുന്ന ചോദ്യങ്ങൾ ക്ലറിക്കൽ മുതൽ സിവിൽ സർവീസസ് വരെയുള്ള സിലക്ഷനിലുണ്ട്. പക്ഷേ പൊതുവായ ഗണിതപ്രാവീണ്യത്തിന്റെ ബലത്തിൽ പരിശീലനം കൂടാതെ എല്ലാ ടെസ്റ്റിലും മികച്ച സ്കോർ നേടിക്കളയാമെന്നതു വ്യാമോഹമാണ്. ഒരു അത്ലിറ്റ് നല്ല ഓട്ടക്കാരനാണെന്നു പലരും പറയുന്നതുകൊണ്ട് 100 മീറ്ററിലും 10,000 മീറ്ററിലും മാരത്തോണിലും എല്ലാം അയാൾ മെഡൽ നേടുമെന്നു കരുതിയാൽ എങ്ങനെയിരിക്കും? നാം നേരിടാനുദ്ദേശിക്കുന്ന ടെസ്റ്റിലെ പഴയ ചോദ്യങ്ങൾ ഉപയോഗിച്ചുള്ള ഡ്രില്ലിങ്ങിന്റെ പ്രാധാന്യത്തിലേക്ക് ഇക്കാര്യം വിരൽ ചൂണ്ടുന്നു.

2. ഇംഗ്ലിഷ് ബിഎയ്ക്കോ എംഎയ്ക്കോ ഉയർന്ന മാർക്ക് നേടിയ ഉദ്യോഗാർഥി ആ ഒറ്റക്കാരണം കൊണ്ടു ക്ലറിക്കൽ ടെസ്റ്റിലെ ഇംഗ്ലിഷ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കണമെന്നില്ല. സർവകലാശാലാ പരീക്ഷകളിലെ അനോട്ടേഷനും എസ്സേയും അല്ല മത്സരപ്പരീക്ഷകളിലെ ഇംഗ്ലിഷ് വിഭാഗത്തിൽ പതിവ്. ഏതാനും വിശേഷശൈലികളിലുള്ള ചോദ്യങ്ങൾ ടെസ്റ്റുകളിൽ ആവർത്തിച്ചു വരുന്നു. അവയുടെ ശൈലിയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞാൽ, കോളജിൽ മികവു തെളിയിച്ച വിദ്യാർഥിക്ക് ഇവിടെയും നല്ല സ്കോർ നേടാനാവും.

സമീപനം ആരോഗ്യകരമാകട്ടെ
ഏതു കഠിനമൽസരത്തിൽ വിജയിക്കാനും ദീർഘകാലാസൂത്രണം കൂടിയേ തീരൂ. അതിനുതക്ക സമീപനം ഇവിടുത്തെ കുട്ടികളും മാതാപിതാക്കളും അധ്യാപകരും സ്വീകരിക്കണം. ദേശീയതലത്തിൽ തൊഴിലന്വേഷണ രംഗത്തു മികവു പുലർത്തണമെങ്കിൽ ഇതിന് അനുഗുണമായ സമീപനം നാം ആവിഷ്കരിക്കേണ്ടതുണ്ട്. ആരോഗ്യകരമായ സമീപനം പകർന്നുകൊടുക്കുന്നതിൽ അധ്യാപകർക്കും പങ്കുണ്ട്.

കേരളത്തിലെ കുട്ടികളുടെ ഒറ്റപ്പെട്ട വിജയങ്ങളും ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്ന മലയാളികളുടെ വിജയങ്ങളും ശ്രദ്ധയോടെ വിശകലനം ചെയ്താൽ ദീർഘകാലാസൂത്രണത്തിന്റെയും സമീപനത്തിന്റെയും പ്രാധാന്യം വെളിവാകും.

തുടക്കത്തിൽ സൂചിപ്പിച്ച ദേശീയ മത്സരങ്ങളിൽ പലതിലും സംഘചർച്ച (ഗ്രൂപ്പ് ഡിസ്കഷൻ), ഇന്റർവ്യൂ എന്നിവയ്ക്കു നിർണായകപ്രാധാന്യമുണ്ട്. ഇവയ്ക്കു വേണ്ടി നമ്മുടെ കുട്ടികൾ എന്തെങ്കിലും തയാറെടുപ്പു നടത്താറുണ്ടോ? പരീക്ഷയ്ക്കു പഠിച്ച അക്കാദമിക വിഷയങ്ങൾ ഒന്നു മറിച്ചുനോക്കിയിട്ടു പോകുന്ന കാര്യമല്ല ഇവിടെ സൂചിപ്പിക്കുന്നത്.

ചുരുക്കം ചിലരെയൊഴിച്ചാൽ ആശയങ്ങളുടെയും ഭാഷയുടെയും കാര്യത്തിൽ നമ്മുടെ കുട്ടികൾ തീരെ പിൻനിലയിലാണെന്നതാണു വാസ്തവം. പരിശ്രമവും പരിശീലനവും കൊണ്ടു പരിഹരിക്കാവുന്ന ദൗർബല്യങ്ങൾ. പരിഹരിക്കേണ്ട ദൗർബല്യങ്ങൾ എന്നു പറയുന്നതാവും കൂടുതൽ പ്രസക്തം.

‘ഗ്രൂപ്പ് ചർച്ചയുടെ സങ്കേതങ്ങൾ’ എത്രയൊക്കെ വശമാക്കിയാലും പ്രസക്ത വിവരങ്ങൾ ദൃഷ്ടാന്തസഹിതം അവതരിപ്പിക്കാത്തപക്ഷം ചർച്ചയിൽ വിജയിക്കാൻ കഴിയില്ല. വസ്തുതകൾ േവലം അറിഞ്ഞതുകൊണ്ടു മാത്രമായില്ല. ചർച്ചയിലെ പങ്കാളിത്തം അർത്ഥപൂർണമാകണമെങ്കിൽ പ്രശ്നത്തിന്റെ കാതലായ അംശം ഗ്രഹിക്കുക, അതിനെ അപഗ്രഥിക്കുക, അനുകൂലമായും പ്രതികൂലമായുമുള്ള വാദമുഖങ്ങൾ അവതരിപ്പിക്കുക, പ്രസക്തമായ ദൃഷ്ടാന്തങ്ങളും ശ്രദ്ധേയമായ വിദഗ്ദ്ധാഭിപ്രായങ്ങളും ചൂണ്ടിക്കാട്ടുക, സ്ഥിതിവിവരക്കണക്കുകളുൾപ്പെടെയുള്ള അടിസ്ഥാന വിവരങ്ങളുടെ പിൻബലത്തോടെ വാദങ്ങൾക്ക് ഉൾക്കരുത്തു നൽകുക, പക്ഷപാതരഹിതവും സന്തുലിതവുമായ നിഗമനത്തിലെത്തുക എന്നിവയൊക്കെ വേണ്ടിവരും. ഇപ്പറഞ്ഞതൊക്കെ സാധിക്കണമെങ്കിൽ എങ്ങനെയാണ് നാം തയാറെടുത്തിരിക്കേണ്ടത്?

ദിനപത്രങ്ങളിലെ പ്രധാന വാർത്തകൾ സശ്രദ്ധം വായിച്ച് ഏറ്റവും മുഖ്യമായ വിവരങ്ങളെപ്പറ്റി ഡയറിക്കുറിപ്പെഴുതുന്നതു ശീലമാക്കുകയാണ് ആദ്യപടി. പത്രങ്ങളിലെ മുഖപ്രസംഗങ്ങളിൽ വിവിധ വീക്ഷണങ്ങളിലൂടെ സംഭവങ്ങളെ വിശകലനം ചെയ്തു വിലയിരുത്തുന്നതിനാൽ അവ വായിക്കുക വഴി കഴമ്പുള്ള വാദമുഖങ്ങൾ ഗ്രഹിക്കാൻ കഴിയും. പ്രമുഖ വാർത്താ വാരികകളിൽ ഒന്നെങ്കിലും സ്ഥിരമായി നോക്കുകയും വേണം. മനുഷ്യനു മറവി സഹജമാകയാൽ കുറിപ്പെഴുതുന്നതു ചിട്ടയോടെ പാലിക്കേണ്ടതുണ്ട്. ഇത്രയൊക്കെയുണ്ടെങ്കിൽ ആനുകാലിക സംഭവങ്ങളെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങളും വിശകലനവും ഒട്ടുംതന്നെ ക്ലേശകരമാവില്ല.

തൊഴിലന്വേഷണത്തിനു വേണ്ടി ലക്ഷ്യബോധത്തോടെ ദീർഘകാല തയാറെടുപ്പിൽ ഏർപ്പെടുന്നവർ പത്രം വായിക്കുന്നതിൽപ്പോലും ചില ചിട്ടകളൊക്കെ പാലിക്കേണ്ടതുണ്ടെന്നു വ്യക്തം. പ്രാദേശികപ്രാധാന്യം മാത്രമുള്ള കുറ്റകൃത്യങ്ങൾ, ക്ഷണികമൂല്യത്തിൽ കവിഞ്ഞ് ഒന്നുമില്ലാത്ത രാഷ്ട്രീയ സംഭവങ്ങൾ, സ്തോഭജനകമായ വാർത്തകൾ, ട്രാഫിക് അപകടങ്ങൾ മുതലായവ മാത്രം വായിക്കുകയും നാലു ദിവസത്തിനകം മറക്കുകയും ചെയ്യുന്നവരാണു നമ്മിൽ ഭൂരിപക്ഷവും. പക്ഷേ, മത്സരപ്പരീക്ഷകൾ മുന്നിൽ കാണുന്നവർക്ക് ഈ ശൈലി പറ്റില്ല. ശ്രദ്ധയോടെ പ്രധാന വാർത്തകൾ നോക്കി നോട്ടെഴുതുന്ന ശീലം പൊതുവിജ്ഞാന പരീക്ഷകളിലും ഇന്റർവ്യൂകള?ലും തുണയായി വരുമെന്ന ഗുണവുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
FROM ONMANORAMA