ADVERTISEMENT

കാലത്തിനും മുന്നേ നടന്നു ചരിത്രത്തിൽ കയ്യൊപ്പിട്ട ഒട്ടേറെ മഹദ് വനിതകളെ നമുക്കറിയാം. സ്ത്രീകൾക്ക് അപ്രാപ്യം എന്നു മാറ്റിനിർത്താവുന്ന മേഖലകളൊന്നുമില്ലെന്ന് അവർ ജീവിതം കൊണ്ടു തെളിയിച്ചു. ഭരണ, ഉദ്യോഗസ്ഥ, ശാസ്ത്ര മേഖലകളിൽ ഉന്നതപദവികൾ വഹിക്കുന്ന വർത്തമാന കാലത്തെ ചില പ്രമുഖ ഇന്ത്യൻ വനിതകളെ ഇവിടെ പരിചയപ്പെടാം. ഇവരെക്കുറിച്ചുള്ള ചോദ്യങ്ങൾ മത്സരപ്പരീക്ഷകളിൽ ആവർത്തിച്ചു വരുന്നവയാണ്.

രാഷ്ട്രീയം

nirmala-sitharaman-us

നിർമല സീതാരാമൻ(കേന്ദ്ര ധനമന്ത്രി)

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള നിലവിലെ രണ്ടാം എൻഡിഎ സർക്കാരിൽ ധനകാര്യ മന്ത്രി. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ‘ഫുൾ ടൈം’ വനിതാ ധനമന്ത്രി (പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധി പ്രതിരോധ വകുപ്പിനൊപ്പം ധനമന്ത്രാലയത്തിന്റെ ചുമതല കൂടി ചുരുങ്ങിയ കാലത്തേക്കു വഹിച്ചിരുന്നു). 2017 ൽ നിർമല പ്രതിരോ മന്ത്രിയായപ്പോഴും ഇന്ദിരാഗാന്ധിക്കുശേഷം ഈ പദവിയിലെത്തുന്ന ആദ്യ വനിതയായിരുന്നു. 2006 ൽ ബിജെപിയിൽ ചേർന്ന നിർമലയ്ക്ക് 2014 ലെ പ്രഥമ മോദി സർക്കാരിൽ ധനകാര്യ, കോർപറേറ്റ്കാര്യ സഹമന്ത്രി സ്ഥാനവും വാണിജ്യത്തിന്റെ സ്വതന്ത്ര ചുമതലയുമായിരുന്നു. തമിഴ്നാട് മധുര സ്വദേശി. കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗം. സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി.

കമല ഹാരിസ്

kamala-haris

(യുഎസ് സെനറ്റർ)

അടുത്ത വർഷം നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ എതിരാളിയാകാൻ ഈ ഇന്ത്യൻ വംശജയും രംഗത്തുണ്ട്. ട്രംപിനെതിരെ പൊരുതേണ്ട ഡെമോക്രാറ്റ് സ്ഥാനാർഥിക്കായുള്ള മത്സരം അങ്ങനെ ചരിത്രത്താളുകളിൽ ഇടം പിടിക്കുകയാണ്–കമല ഹാരിസിലൂടെ. കലിഫോർണിയയിൽ നിന്നുള്ള യുഎസ് സെനറ്റർ ആണ കമല. അമ്മ ഇന്ത്യക്കാരി, പിതാവ് ജമൈക്കൻ സ്വദേശി. സ്ഥാനാർഥിത്വത്തിനായി 23 പേരാണു മത്സരിക്കുന്നത്. ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പു പ്രകാരം കമല ഇതിൽ ആദ്യ മൂന്നു പേരിലുണ്ട്. കമലയ്ക്കെതിരെ വംശീയ അധിക്ഷേപം ഉയർന്നതും ഈയിടെ വാർത്തയായിരുന്നു.

കിരൺ ബേദി

chennai-kiran-bedi

(ലഫ്. ഗവർണർ, പുതുച്ചേരി)

ഐപിഎസ് നേടിയ ആദ്യ ഇന്ത്യൻ വനിത. ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ വനിതാ ഐപിഎസ് ഓഫിസർ. 35 വർഷത്തെ പൊലീസ് സേവനത്തിനു ശേഷം 2007 ൽ ബ്യൂറോ ഓഫ് പൊലീസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഡയറക്ടർ ജനറൽ ആയിരിക്കെ സ്വയം വിരമിച്ചു. 2015 ൽ ബിജെപിയിൽ. തുടർന്നു ഡൽഹി മുഖ്യമന്ത്രിയാകാനൊരുങ്ങി നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016 മുതൽ പുതുച്ചേരിയുടെ ലഫ്. ഗവർണർ. ഡൽഹിയിൽ ജയിൽ ഐജി ആയിരിക്കെ തിഹാർ ജയിലിൽ കിരൺ നടത്തിയ പരിഷ്കാരങ്ങൾ അവരെ ആഗോളതലത്തിൽ പ്രശസ്തയാക്കി. 1995 ലെ മാഗ്സസെ പുരസ്കാരം കിരൺബേദിക്കു ലഭിക്കുന്നത് ഈ പരിഷ്കാരങ്ങളുടെ പേരിലാണ്. ഐക്യരാഷ്ട്ര സംഘടനയിൽ പൊലീസ് ഉപദേഷ്ടാവായും പ്രവർത്തിച്ചു. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് കിരൺ ബേദി. ഒട്ടേറെ പുസ്തകങ്ങൾ രചിച്ചു. ആത്മകഥ: ‘ഐ ഡെയർ’(I Dare).

പ്രമീള ജയപാൽ

prameela

(യുഎസ് ജനപ്രതിനിധി)

യുഎസ് ജനപ്രതിനിധി സഭയിൽ സ്പീക്കറുടെ കസേരയിൽ ഇരുന്നു സഭ നിയന്ത്രിച്ച ആദ്യ മലയാളിയാണു പ്രമീള ജയപാൽ. ഒരു ദക്ഷിണേന്ത്യൻ വനിത ആദ്യമായാണ് ഈ പദവി വഹിക്കുന്നത്. സ്പീക്കർ നാൻസി പെലോസിയുടെ അഭാവത്തിലാണു പ്രമീള യുഎസ് ജനപ്രതിനിധി സഭയുടെ നിയന്ത്രണച്ചുമതല താൽക്കാലികമായി നിർവഹിച്ചത്. യുഎസ് ജനപ്രതിനിധി സഭയിലെ ആദ്യ മലയാളിയുമാണു പ്രമീള. പാലക്കാട് ഈശ്വരമംഗലം മുടവൻകാട് പുത്തൻവീട്ടിൽ എം.പി.ജയപാലിന്റെയും എഴുത്തുകാരി മായ ജയപാലിന്റെയും മകൾ. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി വാഷിങ്ടണിൽനിന്നു രണ്ടാം തവണയാണ് 2018 ൽ തിരഞ്ഞെടുക്കപ്പെട്ടത്. ജനനം ചെന്നൈയിൽ. 16–ാം വയസ്സു മുതൽ യുഎസിൽ.

പ്രീതി പട്ടേൽ

preeti-patel

(യുകെയിലെ ആഭ്യന്തര മന്ത്രി)

ബ്രിട്ടിഷ് മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയാണു പ്രീതി പട്ടേൽ. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റതോടെ ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജയായി പ്രീതി. 2019 ജൂലൈയിലാണു സ്ഥാനമേറ്റത്. ഗുജറാത്തിൽനിന്നു കുടിയേറിയവരാണ് പ്രീതിയുടെ കുടുംബം. ഡേവിഡ് കാമറൺ മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായും അതിനു ശേഷം തെരേസ മേ മന്ത്രിസഭയിൽ ഇന്റർനാഷനൽ ഡവലപ്മെന്റ് സെക്രട്ടറിയുടെ പദവിയും പ്രീതി വഹിച്ചിട്ടുണ്ട്. 2017 ലെ പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ചു.

സ്നേഹലത ശ്രീവാസ്തവ

(ലോക്സഭാ സെക്രട്ടറി ജനറൽ)

ലോക്സഭാ സെക്രട്ടറി ജനറൽ പദവിയിലെത്തുന്ന ആദ്യ വനിതയാണ് സ്നേഹലത. 1982 ബാച്ച് മധ്യപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥ. നിയമ മന്ത്രാലയ സെക്രട്ടറിയുടേത് ഉൾപ്പെടെ പ്രമുഖ പദവികൾക്കു ശേഷമാണു ലോക്സഭാ സെക്രട്ടറി ജനറൽ ആകുന്നത്.

ബാങ്കിങ്/ഫിനാൻസ്

ഗീത ഗോപിനാഥ്

Gita-Gopinath

(ചീഫ് ഇക്കണോമിസ്റ്റ്, ഐഎംഎഫ്)

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായപ്പോഴാണു മലയാളിയായ ഗീതയെ കേരളം കാര്യമായി ശ്രദ്ധിക്കാൻ തുടങ്ങിയത്. ഗീത ഗോപിനാഥ് അതിനകം തന്നെ സാമ്പത്തിക ശാസ്ത്രജ്ഞ എന്ന നിലയിൽ രാജ്യാന്തര തലത്തിൽ പ്രശസ്തയായിരുന്നു. ഈ വർഷമാദ്യം രാജ്യാന്തര സാമ്പത്തിക സമിതിയായ ഐഎംഎഫിന്റെ (ഇന്റർനാഷനൽ മോണിറ്ററി ഫണ്ട്) മുഖ്യ സാമ്പത്തിക വിദഗ്ധ (Chief Economist) ആയി നിയമിതയായി. 2019 ലെ പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ചു. 189 രാജ്യങ്ങൾക്കു പങ്കാളിത്തമുള്ള ഐഎംഎഫിൽ ഇന്ത്യയിൽ നിന്നൊരു വനിത ഉന്നത പദവിയിലെത്തുന്നതും ആദ്യമാണ്.

അൻഷുല കാന്ത്

SBI MD Anshula Kant appointed as MD, CFO of World Bank Group
SBI MD Anshula Kant has been appointed as MD, CFO of World Bank Group.

(എംഡി–സിഎഫ്ഒ, ലോകബാങ്ക്)

എസ്ബിഐ മാനേജിങ് ഡയറക്ടറായിരുന്ന അൻഷുല, ലോക ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫിസറുമായാണു (സിഎഫ്ഒ) നിയമിതയായത്.

സുധ ബാലകൃഷ്ണൻ

(സിഎഫ്ഒ, ആർബിഐ,)

റിസർവ് ബാങ്കിന്റെ പ്രഥമ ചീഫ് ഫിനാൻഷ്യൽ ഓഫിസറാണു സുധ. റിസർവ് ബാങ്കിന്റെ 12–ാമത് എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്. ചാർട്ടേഡ് അക്കൗണ്ടന്റായ സുധ നാഷനൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ) വൈസ് പ്രസിഡന്റായിരിക്കെയാണു റിസർവ് ബാങ്കിൽ ഉന്നത സ്ഥാനത്തെത്തുന്നത്.

ശാലിനി വാരിയർ

(ചീഫ് ഓപ്പറേറ്റിങ് ഓഫിസർ,ഫെഡറൽ ബാങ്ക്)

ഫെഡറൽ ബാങ്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറാണ് ഈ മലയാളി. കേരളം ആസ്ഥാനമായ ഒരു ബാങ്കിന്റെ ഉന്നതസ്ഥാനത്തെത്തുന്ന ആദ്യ വനിതയും ശാലിനിയാണ്. പാലക്കാട് സ്വദേശിനി. ചാർട്ടേഡ് അക്കൗണ്ടന്റായ ശാലിനി 1983 ൽ സിഎ ഒന്നാം റാങ്ക് ജേതാവായിരുന്നു. സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിലാണു ജോലിയിൽ പ്രവേശിച്ചത്. ബ്രൂണെയിൽ ബാങ്കിന്റെ സിഇഒ, കൺസ്യൂമർ ബാങ്കിങ് വിഭാഗം മേധാവി എന്ന പദവിയിലും പ്രവർത്തിച്ചിട്ടുണ്ട്. ബ്രൂണെയിലെ ആദ്യ വനിതാ സിഇഒ ആയിരുന്നു ശാലിനി.

ദിവ്യ സൂര്യദേവര

(സിഎഫ്ഒ, ജനറൽ മോട്ടോഴ്സ്)

യുഎസിലെ വൻകിട കാർ നിർമാണ കമ്പനിയായ ജനറൽ മോട്ടോഴ്സിന്റെ പ്രഥമ വനിതാ ചീഫ് ഫിനാൻഷ്യൽ ഓഫിസറാണു ദിവ്യ. ചെന്നൈ സ്വദേശിനിയായ ചാർട്ടേഡ് അക്കൗണ്ടന്റ്. 25–ാം വയസ്സിൽ ജനറൽ മോട്ടോഴ്സിന്റെ വൈസ് പ്രസിഡന്റായാണു പ്രവർത്തനം തുടങ്ങുന്നത്. ജനറൽ മോട്ടോഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും (സിഇഒ) വനിതയാണ്; മേരി ബാറ. ആഗോള ഓട്ടമൊബീൽ വ്യവസായ രംഗത്ത് സിഇഒ, സിഎഫ്ഒ തസ്തികകളിൽ വനിതകൾ ജോലി ചെയ്യുന്ന ഏക കമ്പനിയുംജനറൽ മോട്ടോഴ്സാണ്.

റീനി അജിത്

(റിസർവ് ബാങ്ക് ഓഫ് ഇന്ത്യ)

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരള, ലക്ഷദ്വീപ് മേഖലാ ഡയറക്ടറാണ് മലയാളിയായ റീനി അജിത്. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളുടെ ബാങ്കിങ് ഓംബുഡ്സ്മാനായും പ്രവർത്തിച്ചിട്ടുണ്ട് ഈ കൊച്ചി സ്വദേശിനി.

ഉഷ സംഗ്വാൻ

(എംഡി, എൽഐസി)

എൽഐസി (ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ) മാനേജിങ് ഡയറക്ടർ പദവിയിലെത്തുന്ന ആദ്യ വനിത. 2013 ലാണ് ഉഷ ഈ പദവിയിലെത്തുന്നത്. ഇപ്പോൾ ആക്സിസ് ബാങ്ക്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, അംബുജ സിമന്റ്സ്, ഗ്രാസിം ഇൻഡസ്ട്രീസ് തുടങ്ങിയവയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായി പ്രവർത്തിക്കുന്ന ഉഷ രാജ്യത്തെ ഏറ്റവും ശക്തയായ ബിസിനസ് വനിതകളിൽ ഒരാളായാണു വിലയിരുത്തപ്പെടുന്നത്. സ്ത്രീശക്തി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

വ്യവസായം, സംരംഭം

Indra Nooyi
FILE PHOTO: CEO of PepsiCo Indra Nooyi speaks at the Bloomberg Global Business Forum in New York City, U.S., September 20, 2017. REUTERS/Brendan McDermid

ഇന്ദ്ര നൂയി

(ആമസോൺ)

നിലവിൽ ആമസോൺ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം. പെപ്സി കമ്പനിയുടെ സിഇഒ എന്ന നിലയിലാണ് ഇന്ദ്ര നൂയി പ്രശസ്തയാകുന്നത്. 12 വർഷം ഈ പദവിയിൽ പ്രവർത്തിച്ചു. ലോകത്തെ ഏറ്റവും ശക്തയായ 100 വനിതകളിൽ ഒരാളായാണ് ഈ ഇന്ത്യൻ–അമേരിക്കൻ വംശജയെ വിശേഷിപ്പിക്കുന്നത്.

ഷഹനാസ് ഹുസൈൻ

(ഷഹനാസ് ഹെർബൽസ്)

ഷഹനാസിന്റെ സൗന്ദര്യ ഉൽപന്നങ്ങളും ബ്യൂട്ടി ക്ലിനിക്കുകളും അറിയാത്തവരുണ്ടാകില്ല. ഈ മേഖലയിലേക്കു ഷഹനാസ് ഹുസൈൻ എന്ന വനിതയുടെ രംഗപ്രവേശം പുതിയൊരു ചരിത്രത്തിനാണു തുടക്കമിട്ടത്. ഷഹനാസ് ഹെർബൽസിന്റെ സിഎഫ്ഒ ആണ് ഷഹനാസ് ഹുസൈൻ. ഹെർബൽ കോസ്മറ്റിക് വ്യവസായ രംഗത്തെ മുൻനിര സ്ഥാപനമെന്ന മേൽക്കോയ്മ ഇപ്പോഴും ഷഹനാസിനു തന്നെ. 2006ൽ പത്മശ്രീ ലഭിച്ചു.

വന്ദന ലുത്ര

(വിഎൽസിസി)

സൗന്ദര്യ, വെൽനസ് രംഗത്തെ പ്രമുഖ സംരംഭമായ വിഎൽസിസിയുടെ സ്ഥാപകയാണു വന്ദന. ഒരു പുതിയ ആരോഗ്യപദ്ധതിക്കാണു വന്ദന വിഎൽസിസി വഴി തുടക്കമിട്ടത്. 2013 ൽ പത്മശ്രീ ലഭിച്ചു.

മറ്റു രംഗങ്ങൾ

Tessy-Thomas

ടെസി തോമസ് (ശാസ്ത്രം)

ഇന്ത്യയുടെ ‘മിസൈൽ വനിത’ എന്നു നാം വിളിക്കുന്ന മലയാളിയായ ടെസി തോമസ് ഇപ്പോൾ ഇന്ത്യൻ യുദ്ധവിമാനങ്ങളുടെ സാങ്കേതിക വിദ്യയുടെ അമരക്കാരിയാണ്. പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO) ഏയ്റോനോട്ടിക്കൽ സിസ്റ്റംസ് ഡയറക്ടർ ജനറൽ (ഡിജി–എയ്റോ) ആയിട്ടാണ് ഈ മലയാളി ശാസ്ത്രജ്ഞ നിയമിതയായത്. ഈ പദവിയിലെത്തുന്ന അഞ്ചാമത്തെ വനിതയും ആദ്യ മലയാളി വനിതയുമാണ്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ശേഷിയുള്ള ലോകത്തിലെ അഞ്ചു വൻ ശക്തികൾക്കൊപ്പം ഭാരതത്തെ പ്രതിഷ്ഠിച്ച അഗ്നി 5ന്റെ അമരക്കാരി, ഇന്ത്യയുടെ ഗൈഡഡ് മിസൈൽ വികസന പദ്ധതികളുടെ ഡയറക്ടർ പദവിയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, ആദ്യ മലയാളി, ആദ്യ വനിത എന്നിങ്ങനെ വിശേഷണങ്ങളും ടെസിക്കു സ്വന്തം. ആലപ്പുഴ തത്തംപള്ളി സ്വദേശിനിയാണ്. അഗ്നി-5, 4 മിസൈൽ വികസന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറും അഗ്നി-1, 2, 3 പദ്ധതിയുടെ അസോഷ്യേറ്റ് പ്രോജക്ട് ഡയറക്ടറായിരുന്നു. അഗ്നി മിസൈൽ പദ്ധതി അഗ്നി പുത്രി ’എന്ന വിളിപ്പേരും ടെസിക്കു സമ്മാനിച്ചു.

റിതു കരിദൽ

(ശാസ്ത്രം)

ചന്ദ്രയാൻ 2 പദ്ധതിയുടെ ഡയറക്ടർ. മംഗൾയാൻ പദ്ധതിയുടെ ഡപ്യൂട്ടി ഓപ്പറേഷൻ ഡയറക്ടർ ചുമതലയും വഹിച്ചിട്ടുണ്ട്. ‘റോക്കറ്റ് വുമൺ’ എന്ന പേരിൽ അറിയപ്പെടുന്ന റിതു ഐസ്ആർഒയുടെ ഒട്ടേറെ പദ്ധതികളുടെ ഭാഗമായിട്ടുണ്ട്. ലക്നൗ സ്വദേശിനി. റിതു മിഷൻ ഡയറക്ടറായും എം.വനിത പ്രോജക്ട് ഡയറക്ടറായും പ്രവർത്തിച്ച ചന്ദ്രയാൻ 2 പദ്ധതി വനിതാനേതൃത്വം കൊണ്ടു പുതുചരിത്രം എഴുതിയ പദ്ധതി കൂടിയാണ്. ഐഎസ്ആർഒയുടെ കാർട്ടോസാറ്റ്–1, ഓഷ്യൻസാറ്റ്–2, മേഘ, ട്രോപിക്സ് തുടങ്ങിയ ഉപഗ്രഹ പദ്ധതികളുടെ ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടറായിരുന്നു വനിത.

രാധിക മേനോൻ

India's first female captain to be honored for bravery at sea
India's first female captain to be honored for bravery at sea

(മർച്ചന്റ് നേവി)

ഇന്ത്യൻ മർച്ചന്റ് നേവിയിലെ ആദ്യ വനിതാ ക്യാപ്റ്റനാണ് മലയാളിയായ രാധിക. കൊടുങ്ങല്ലൂർ സ്വദേശിനി. ബംഗാൾ ഉൾക്കടലിൽ മുങ്ങുന്ന ബോട്ടിൽനിന്നു മത്സ്യത്തൊഴിലാളികളെ രക്ഷിച്ച ദൗത്യത്തിനു നേതൃത്വം വഹിച്ച രാധികയ്ക്ക് യുഎന്നിനു കീഴിലുള്ള രാജ്യാന്തര സമുദ്ര സംഘടനയായ ഐഎംഎയുടെ ധീരതാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ വനിതയാണ്.

സുനിത വില്യംസ്

(ശാസ്ത്രം)

ബഹിരാകാശത്തേക്കുള്ള ആദ്യ സ്വകാര്യ യാത്രാവാഹനങ്ങളിൽ പറക്കുന്ന ആദ്യ ഇന്ത്യൻ വംശജയാകാനുള്ള ഒരുക്കത്തിലാണ് സുനിത വില്യംസ്. ബഹിരാകാശത്ത് ഒറ്റത്തവണ ഏറ്റവുമധികം കാലം (195 ദിവസം) ചെലവഴിച്ച വനിത എന്ന റെക്കോർഡ് സുനിതയുടെ പേരിലാണ്. 2006 ഡിസംബർ മുതൽ 2007 ജൂൺ വരെയായിരുന്നു ഇത്. രണ്ടു ദൗത്യങ്ങളിലായി സുനിത മൊത്തം 322 ദിവസം ബഹിരാകാശത്തു ചെലവഴിച്ചു. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ചെലവിട്ട വനിതയെന്ന റെക്കോർഡ് അമേരിക്കൻ ബഹിരാകാശ യാത്രിക പെഗി വിറ്റ്സനാണ്. മൂന്നു ദൗത്യങ്ങളിലായി 665 ദിവസമാണു പെഗി ബഹിരാകാശ നിലയത്തിൽ കഴിഞ്ഞത്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ നേരം നടന്ന വനിത എന്ന റെക്കോർഡ് അടുത്ത കാലം വരെ സുനിതയുടെ പേരിലായിരുന്നു. ഇപ്പോൾ അത് അമേരിക്കൻ ബഹിരാകാശ യാത്രിക പെഗി വിറ്റ്സന്റെ പേരിലാണ്. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ ചുമതല ഏറ്റെടുത്ത രണ്ടാമത്തെ വനിതയും സുനിത വില്യംസായിരുന്നു. 2007ലും 2008ലും ഈ ചുമതല വഹിച്ച പെഗ്ഗി വിറ്റ്സണാണ് ആദ്യ വനിത. അമേരിക്കയിൽ കുടിയേറിയ ഗുജറാത്ത് സ്വദേശികളായ ദീപക് പാണ്ഡ്യയുടെയും ബോണി പാണ്ഡ്യയുടെയും പുത്രിയാണു സുനിത. 2008 ൽ പത്മഭൂഷൺ ലഭിച്ചു.

ഇന്ദു മൽഹോത്ര

PTI7_6_2018_000166A

(നിയമം)

സുപ്രീം കോടതി ജഡ്ജിയാകുന്ന ഏഴാമത്തെ വനിത. അഭിഭാഷകരിൽ നിന്നു നേരിട്ടു സുപ്രീം കോടതി ജഡ്ജിയാകുന്ന ആദ്യ വനിത കൂടിയാണ്. ഫാത്തിമാബീവി, സുജാത മനോഹർ, റൂമാ പാൽ, ഗ്യാൻ സുധാമിശ്ര, രഞ്ജനാ ദേശായി, ആർ.ഭാനുമതി എന്നിവരാണു മുൻഗാമികൾ. ഭാനുമതിയും നിലവിൽ സുപ്രീം കോടതി ജഡ്ജിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com