മത്സരം കഠിനം; ഇങ്ങനെ തയാറെടുക്കൂ, എൽഡിസി പരീക്ഷ കൈപ്പിടിയിലാകും

LDC-preparation
മോഡലുകൾ: റോബിൻ ഇരുമാപ്ര, നവമി എ.നായർ, ഹിലു ലത്തീഫ്, നിത്യ മരിയ ജോസ്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ
SHARE

സർക്കാർ സർവീസിലെത്താൻ മലയാളിക്കു മുന്നിലുള്ള ഏറ്റവും വലിയ അവസരമാണ് എൽഡിസി പരീക്ഷ. സർക്കാർ– പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള എൽഡി ക്ലാർക്ക് പരീക്ഷയ്ക്കു പിഎസ്‌സി വിജ്ഞാപനം കാത്തിരിക്കുകയാണു ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ. ഇനി പാഴാക്കാൻ നിമിഷങ്ങൾ പോലുമില്ല.

ഇടക്കാലത്ത് അടിസ്ഥാന യോഗ്യത പ്ലസ്ടു ആയി ഉയർത്തിയെങ്കിലും പിന്നീട് ആ തീരുമാനം പിഎസ്‌സി തിരുത്തിയിരുന്നു. എസ്എസ്എൽസി ജയിച്ചവർക്കെഴുതാം. എങ്കിലും, ഉദ്യോഗാർഥികളിൽ ബഹുഭൂരിപക്ഷവും ഉയർന്ന യോഗ്യതയുള്ളവരാകും; ഒട്ടേറെ മത്സരപ്പരീക്ഷകളെഴുതി അനുഭവസമ്പത്തുള്ളവരും. ഓരോ വർഷവും പരീക്ഷയെഴുതുന്നവരുടെ എണ്ണമേറുന്നുണ്ടെങ്കിലും ഒഴിവുകൾ കാര്യമായി കൂടിയിട്ടില്ല. മത്സരം അതികഠിനമെന്നു ചുരുക്കം.

പഠിക്കാൻ കടലുപോലെ !
എൽഡിസി കഠിനാധ്വാനികൾക്കു മാത്രമുള്ളതാണ്. ഭാഗ്യവും കറക്കിക്കുത്തും തുണയ്ക്കില്ല. സിലബസിനെക്കുറിച്ചു വ്യക്തമായ ധാരണ വേണം. ദിവസം 3 മണിക്കൂറെങ്കിലും പഠനത്തിനു മാറ്റിവയ്ക്കണം. പരമാവധി പഠിക്കുകയല്ല, കൃത്യമായ പ്ലാനിങ്ങോടെ പഠിക്കുകയാണു വേണ്ടത്. മുഴുവൻ മാർക്കും നേടാവുന്നവയാണ് ഇംഗ്ലിഷ് (20), മാത്‌സ് (20), മലയാളം / മറ്റു പ്രാദേശികഭാഷകൾ (10) എന്നീ വിഷയങ്ങൾ. ഘടനയിൽ ചെറിയ മാറ്റങ്ങങ്ങളോടെ ചോദ്യങ്ങൾ ആവർത്തിക്കുന്നതു പതിവ്. മുൻ വർഷങ്ങളിലെ സിലബസ് പ്രകാരം 100 മാർക്കിന്റെ ഒബ്ജക്ടീവ് പരീക്ഷയിൽ ബാക്കി 50 മാർക്ക് പൊതുവിജ്ഞാനത്തിന്.

ഒറ്റനോട്ടത്തിൽ എളുപ്പമെന്നു തോന്നുമെങ്കിലും കടലോളം പഠിക്കാനുണ്ട്. ചോദ്യങ്ങൾ ഏതു പരിധി വരെയും പോകാം. ഉത്തരങ്ങൾ മനഃപാഠമാക്കിയതുകൊണ്ടു കാര്യമില്ല പഠിക്കുമ്പോൾ ഓരോ ചെറിയ ചോദ്യവും ഒട്ടേറെ അനുബന്ധ ചോദ്യങ്ങളിലേക്കു നയിക്കണം.

എങ്ങനെ പഠിക്കണം
ഓരോരുത്തർക്കും യോജിച്ച പഠനരീതി സ്വയം കണ്ടെത്തണം. ആദ്യമേ തന്നെ മികച്ച പഠനസാമഗ്രികൾ തിരഞ്ഞെടുക്കുകയും ആനുകാലിക വിജ്ഞാനം ശേഖരിച്ചു കുറിപ്പുകൾ തയാറാക്കുകയും വേണം. ഹൈസ്കൂൾ തലം വരെയുള്ള കേരള സിലബസ് പാഠപുസ്തകങ്ങളെങ്കിലും വായിച്ചിരിക്കണം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും തൊഴിൽ പ്രസിദ്ധീകരണങ്ങളും വെബ്സൈറ്റുകളും ശ്രദ്ധിക്കാം. രണ്ടു പുസ്തകങ്ങൾ വായിക്കുമ്പോൾ വ്യത്യസ്ത വിവരണം ശ്രദ്ധയിൽപെട്ടാൽ മൂന്നാമതൊരു മാർഗം തേടി ശരിയേതെന്നു കണ്ടെത്തുക.

‘റാങ്ക് മേക്കിങ് ’ ചോദ്യങ്ങൾ
പൊതുവേ ആരും ശ്രദ്ധിക്കാത്ത ചില മേഖലകളിൽനിന്നുള്ള ചോദ്യങ്ങൾ സമീപകാല പരീക്ഷകളിലെല്ലാം ഉണ്ടായിരുന്നു. റാങ്ക് ലിസ്റ്റിൽ വലിയ ചലനമുണ്ടാക്കാൻ ഇത്തരം ഏതാനും ചോദ്യങ്ങൾ മതി. 50 പൊതുവിജ്ഞാന ചോദ്യങ്ങളിൽ 35–40 എണ്ണം മിക്കവർക്കും ഉത്തരം നൽകാൻ കഴിയുന്നതാകും. ബാക്കി 10–15 എണ്ണമാകും ‘റാങ്ക് മേക്കിങ്’ ചോദ്യങ്ങൾ.

സിലബസ് ഒറ്റനോട്ടത്തിൽ
പൊതുവിജ്ഞാനം: ജനറൽ സയൻസ്, മറ്റു മേഖലകൾ എന്നിങ്ങനെ രണ്ടു ഭാഗങ്ങൾ. ജനറൽ സയൻസിൽ നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ് ചോദ്യങ്ങളുണ്ടാകും. മറ്റു മേഖലകൾ എന്ന വിഭാഗത്തിൽ കേരളത്തിന്റെയും ഇന്ത്യയുടെയും അടിസ്ഥാന വിവരങ്ങൾ, ചരിത്രം, ഭൂമിശാസ്ത്രം, വിവിധ പദ്ധതികൾ, നിയമങ്ങൾ എന്നിവ പഠിക്കണം. ആനുകാലിക വിജ്ഞാനത്തിന്റെ പ്രാധാന്യം മറക്കരുത്. ഐടിയുടെ അടിസ്ഥാന വിവരങ്ങളും അറിഞ്ഞിരിക്കണം.

മാത്‌സ്, മാനസികശേഷി: ലഘുഗണിതത്തിൽ സ്കൂൾ തലത്തിലുള്ള ചോദ്യങ്ങൾ പരീക്ഷിക്കാം. പ്രോഗ്രഷൻ, ശ്രേണികൾ, ഗണിത ചിഹ്നങ്ങൾ, സ്ഥാന നിർണയം, ഒറ്റയാനെ കണ്ടെത്തൽ, ബന്ധങ്ങൾ, കോഡിങ്, ഡീകോഡിങ്, ദിശാവബോധം, ക്ലോക്കിലെ സമയവും കോണളവും പ്രതിബിംബവും, കലണ്ടറും തീയതിയും ഉൾപ്പെടെ മാനസികശേഷി പരിശോധന വിഭാഗത്തിൽ ചോദ്യങ്ങളായി വരും.

ഇംഗ്ലിഷ്, മലയാളം: ഗ്രാമറും വൊക്കാബുലറിയും അളക്കുന്ന ചോദ്യങ്ങളാകും ഇംഗ്ലിഷിൽ വരിക. മലയാളം / പ്രാദേശിക ഭാഷാ വിഭാഗത്തിൽ വ്യാകരണവും സാഹിത്യവും വിവർത്തനവും മാർക്ക് നിർണയിക്കും.

വിവരങ്ങൾക്കു കടപ്പാട്:
ജിതേഷ് മാണിയാട്ട്, 
പിആർഒ, മോട്ടർ വാഹന വകുപ്പ്

Content Summary: LDC, Kerala PSC, Preparation Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
FROM ONMANORAMA