സിവിൽ സർവീസ് പരീക്ഷ; ഇത്തരം ആശങ്കകൾ ഒഴിവാക്കാം, വിജയം നേടാം

exam-preparations
SHARE

രണ്ടാഴ്ച മുൻപ് തൊടുപുഴയിലെ ഒരു വിദ്യാർഥി വിളിച്ചു. ബിരുദ പരീക്ഷ ജയിച്ചതു വിദൂര വിദ്യാഭ്യാസം വഴിയാണ്. സിവിൽ സർവീസ് ഇന്റർവ്യൂ ഘട്ടം വരെയെത്തിയാൽ ഇതിനെക്കുറിച്ചു ചോദിക്കുമോ എന്നായിരുന്നു സംശയം.

ഇന്റർവ്യൂ പരീക്ഷയുടെ അവസാന കടമ്പയാണ്. ഈ വിദ്യാർഥിക്കു സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചു കൂടുതൽ അറിയേണ്ടതുണ്ടെന്ന് എനിക്കു മനസ്സിലായി. പ്രാഥമിക കാര്യങ്ങൾ പോലും അറിയാതെ പരീക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നതിൽ കാര്യമില്ല.

യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയ്ക്കും ഇപ്പോൾ പിഎസ്‌സിയുടെ കെഎഎസ് പരീക്ഷയ്ക്കും തയാറെടുക്കുന്നവർക്ക് ഏറ്റവും പ്രാഥമികമായി വേണ്ടതു പരീക്ഷാ ഘടനയും സിലബസും സംബന്ധിച്ച വ്യക്തമായ ധാരണയാണ്. അതിനനുസരിച്ചു വേണം തയാറെടുപ്പ്.

∙പ്രിലിമിനറി, മെയിൻ പരീക്ഷകൾ എത്ര ദിവസങ്ങളിലായാണു നടക്കുന്നത്, എത്ര പേപ്പറുകളുണ്ട്, എങ്ങനെയാണു മാർക്കുകൾ ക്രമീകരിക്കുന്നത്, ഓരോ ചോദ്യത്തിനുമുള്ള സമയം എത്ര തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വേണം. ചോദ്യങ്ങളുടെ നിലവാരവും അറിഞ്ഞിരിക്കണം.

∙പ്രിലിമിനറി പരീക്ഷയിലെ ഒബ്ജക്ടീവ് ചോദ്യങ്ങളും മെയിൻസിലെ ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങളും ഏതു രീതിയിലാണു വ്യത്യസ്തമാകുന്നത്, ഓരോ വിഷയത്തിലും ഏതൊക്കെ തരത്തിലുള്ള ചോദ്യങ്ങളാകും ചോദിക്കുക എന്നീ കാര്യങ്ങളും മനസ്സിലാക്കണം.

∙ മുൻവർഷങ്ങളിലെ സിവിൽ സർവീസ് ചോദ്യങ്ങൾ മനസ്സിലാക്കുകയും അവ ഓരോ വർഷവും എങ്ങനെ വ്യത്യസ്തമാകുന്നുവെന്നു വിലയിരുത്തുകയും വേണം. ഇത്രയും ധാരണ മനസ്സിലുണ്ടായാൽ പഠനവും വായനയും നാം അറിയാതെ തന്നെ ഇതിനനുസരിച്ചുമാറും.

∙ ഓരോ പരീക്ഷയിലും സ്കോറിങ് പേപ്പറും ക്വാളിഫയിങ് പേപ്പറും ഏതാണെന്ന് തിരിച്ചറിയണം. എത്ര മാർക്ക് ലഭിച്ചാലാണ് മെയിൻസിലേക്കു പോകാൻ കഴിയുക, മെയിൻസിൽ എത്ര മാർക്ക് ലഭിച്ചാലാണ് ഇന്റർവ്യൂവിനു തിരഞ്ഞെടുക്കപ്പെടുക, ഓരോ വർഷവും എത്ര വിദ്യാർഥികളാണ് പ്രിലിമിനറി പരീക്ഷ ജയിക്കുന്നത്, എത്ര കുട്ടികളാണ് മെയിൻസ് ജയിച്ച് ഇന്റർവ്യൂ നേരിടുന്നത് തുടങ്ങിയ കാര്യങ്ങൾ അറിയണം.

∙ ഇതൊക്കെ എങ്ങനെ എന്ന ചോദ്യമുയരാം. പരീക്ഷയെക്കുറിച്ചറിയുന്ന അധ്യാപകരുമായോ പരീക്ഷ ജയിച്ചവരുമായോ രണ്ടോ മൂന്നോ മണിക്കൂർ സംസാരിച്ചാൽ വ്യക്തമായ അവബോധം ലഭിക്കും.

നാഗാലാൻഡിലെ ട്യുവൻസങ് ജില്ലാ കലക്ടറാണ് ലേഖകൻ

Content Summary: Civil Service Exam, Preparation Tips, Mohammed Ali Shihab IAS

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
FROM ONMANORAMA