കെഎഎസിനു വേണ്ടി കേരള ചരിത്രം പഠിക്കേണ്ടതെങ്ങനെ ?

exam-preparation
SHARE

കെഎഎസ് പരീക്ഷയ്ക്കു വേണ്ടി കേരളത്തിന്റെയോ ഭാരതത്തിന്റെയോ ലോകത്തിന്റെയോ ചരിത്രം പഠിക്കണമെങ്കിൽ വിവിധ കാലഘട്ടങ്ങളിലുണ്ടായ മാറ്റങ്ങൾ മനസ്സിലാക്കുക എന്നതാണ് അടിസ്ഥാനം. ചരിത്രപഠനത്തിൽ അനിവാര്യമായ ചില ചോദ്യങ്ങൾ ഉൾപ്പെടണം; എന്ത്, എന്തുകൊണ്ട്, എങ്ങനെ, എപ്പോൾ – ഇവയുടെ ഉത്തരം ലഭിച്ചാൽ മാത്രമേ കാര്യങ്ങൾ വ്യക്തമായി മനസ്സിലാകൂ. പഠിക്കുമ്പോഴും ഈ ചോദ്യങ്ങൾ മനസ്സിലുണ്ടാകണമെന്നർഥം. 

കേരളചരിത്ര പഠനം
ഐതിഹ്യങ്ങൾ, സങ്കൽപങ്ങൾ, പൈതൃകങ്ങൾ, സാംസ്കാരിക ഉറവിടങ്ങൾ, രാഷ്ട്രീയ വളർച്ച, അതിനായുള്ള പോരാട്ടങ്ങൾ, സംഘടനകൾ, പ്രസ്ഥാനങ്ങൾ, സാഹിത്യകാരന്മാരുടെ പങ്കാളിത്തം, സാമൂഹിക പരിഷ്കരണ പോരാട്ടങ്ങൾ, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ, വിദേശാധിപത്യത്തിനെതിരായ ദേശവ്യാപക പോരാട്ടത്തിൽ നമ്മുടെ നാടിന്റെ പങ്കാളിത്തം, മത വിശ്വാസാചാരങ്ങളിൽ വന്ന മാറ്റങ്ങൾ.ഇവയൊക്കെ പ്രധാന പഠനവിഷയങ്ങളാണ്. 

കെഎഎസിനു വേണ്ടി കേരള ചരിത്രം പഠിക്കാൻ, ചുവടെയുള്ളതു പോലെയൊരു രൂപരേഖ തയാറാക്കുന്നതു നന്നായിരിക്കും. 

∙ ഐതിഹ്യങ്ങൾ, കേരളത്തിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള വിദഗ്ധരുടെ അഭിപ്രായങ്ങൾ.

∙ പ്രാചീന രാജവംശങ്ങൾ, പ്രധാന രാജാക്കന്മാർ, പരിഷ്കരണങ്ങൾ.

∙ ഭരണക്രമത്തിൽ മാറ്റം വരുത്തിയവർ.

∙ സാംസ്കാരിക രംഗത്തുണ്ടായ മാറ്റങ്ങൾ– കല, സംഗീതം, ചിത്രരചന, കൊത്തുപണികൾ തുടങ്ങിയവ.

∙ ക്ഷേത്രാചാരങ്ങൾ, ഉത്സവങ്ങൾ, ചടങ്ങുകൾ, നാടൻ കലകൾ, ആയോധന കലകൾ.

∙ രാഷ്ട്രീയ രംഗത്തെ മാറ്റങ്ങൾക്കായുള്ള സമരങ്ങൾ.

∙ അയിത്തോച്ചാടന പ്രസ്ഥാനങ്ങൾ, അവയുമായി ബന്ധപ്പെട്ട മറ്റു സംഭവങ്ങൾ.

∙ ആധുനിക കേരളത്തിലെ മന്ത്രിസഭകൾ, പ്രധാന നിയമനിർമാണങ്ങൾ– ഭൂമി, റവന്യൂ, കുടികിടപ്പ്, സിവിൽ നിയമങ്ങൾ തുടങ്ങിയവ.

∙ പരശുരാമ കേരളം മുതൽ കേരള വികസന മാതൃക വരെയുള്ള വിവരങ്ങൾ. 

∙ അറയ്ക്കൽ രാജവംശകഥ മുതൽ അയ്യങ്കാളിയുടെ സാമൂഹികദൗത്യങ്ങൾ വരെ; മാറുമറയ്ക്കൽ സമരം മുതൽ ക്ഷേത്രപ്രവേശന വിളംബരം വരെ.

∙ ഇഎംഎസ് മുതൽ പിണറായി വിജയൻ വരെ; ശ്രീമൂലം അസംബ്ലി മുതൽ നിവർത്തന പ്രക്ഷോഭം വരെ. 

∙പരിസ്ഥിതി പരിപാലനത്തിനു കേരളത്തിന്റെ പരിപാടികൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ.

ഈ പുസ്തകങ്ങൾ ശ്രദ്ധിക്കുക

കേരള ചരിത്രം പഠിക്കാൻ സഹായകരമായ ചില പുസ്തകങ്ങൾ:

∙ കേരള ചരിത്ര നിഘണ്ടു– എസ്.കെ. വസന്തൻ

∙ ക്വിറ്റ് ഇന്ത്യ സമരവും കേരളവും– ഡോ. കെ.കെ.എൻ. കുറുപ്പ്

∙ കേരള ചരിത്രം– ഡോ.വേലായുധൻ പണിക്കശ്ശേരി

∙ സംസ്കാര മുദ്രകൾ– ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ

∙ കേരളത്തിലെ സ്ത്രീ ശക്തിചരിത്രം– ഡോ.ആർ.രാധാകൃഷ്ണൻ

∙ A survey of Kerala - Prof. A. Sreedhara Menon

∙ Cultural history of Kerala - Prof. A. Sreedhara Menon

∙ Kerala at freedom struggle- Prof. A. Sreedhara Menon

∙ Freedom struggle in colonial Kerala- S.Ramachandran Nair

(കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ അധ്യാപകനാണു ലേഖകൻ)

English Summary : Kerala Administrative Services Exam Preparation Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
FROM ONMANORAMA