ADVERTISEMENT

കുറേയൊക്കെ പഠിച്ചു തീർത്തു, ഇനിയും കുറേയേറെ പഠിക്കാനുണ്ട് എന്ന ടെൻഷനിലായിരിക്കും ചില വിദ്യാർഥികൾ. ഇപ്പോൾ മുതൽ എന്തു ചെയ്യണം എന്നു കൃത്യമായി പ്ലാൻ ചെയ്യുകയാണെങ്കിൽ പരീക്ഷയെ കൂളായി നേരിടാം

സമയ മാനേജ്‌മെന്റ്
പരീക്ഷയ്ക്ക് എത്ര ദിവസമുണ്ടെന്ന് കൃത്യം കണക്കു കൂട്ടണം.  എല്ലാം അവസാനനിമിഷത്തേക്കു തള്ളി, ടെൻഷൻ പെരുപ്പിക്കരുത്. റിവിഷൻ തുടങ്ങുന്നതിൽ ഇനിയും ‘സ്‌റ്റാർട്ടിങ് ട്രബിൾ’ വേണ്ട. പഠനം ഭാരമാണെന്നും ഞാൻ അതിൽ വിജയിക്കില്ലെന്നും വെറുതേ ഭയപ്പെടുന്ന കുട്ടി തുടക്കം കഴിയുന്നത്ര വൈകിക്കാൻ നോക്കും. അതു വേണ്ട.  ‘ഏറ്റവും നല്ല ദിവസം ഇന്ന്, ഏറ്റവും നല്ല സമയം ഇപ്പോൾ’.  DO IT NOW.

സ്വന്തം ടൈംടേബിൾ
ഏറ്റവും അടിസ്ഥാനപരമായി കാര്യമാണ് സ്വന്തം ടൈംടേബിൾ.  ‘എനിക്കിപ്പോൾ മൂഡില്ല’ മുതലായ മുട്ടുന്യായങ്ങൾക്ക് അടിമപ്പെടരുത്. ഇനിയുള്ള ദിവസങ്ങളിൽ പഠിക്കാൻ പ്രയാസം തോന്നുന്ന വിഷയത്തിനു കൂടുതൽ നേരം നൽകണം. ഇടയ്ക്കിടെ പഠനപുരോഗതി വിലയിരുത്തി,  ആവശ്യമെങ്കിൽ ടൈംടേബിൾ പരിഷ്കരിക്കുക. പരീക്ഷക്കാലത്തെ ടൈടേബിളാകുമ്പോൾ,  പരീക്ഷാ  ദിനങ്ങൾക്കിടയിലുള്ള അവധിദിവസങ്ങളും പരിഗണിച്ചുകൊള്ളണം. പ്രായോഗികമായി പാലിക്കാവുന്ന വിധമാവണം ടൈംടേബിൾ.

അതെന്താ, എനിക്ക് നല്ല മാർക്ക് വാങ്ങിയാൽ?
ഏറ്റവും ഉയർന്ന മാർക്ക് വാങ്ങുന്നവരും എന്നെപ്പോലെ സാധാരണക്കാർ തന്നെ. അവർക്കുള്ള കണ്ണും കാതും കരളും ശ്വാസകോശവും തലച്ചോറുമെല്ലാം എനിക്കുമുണ്ട്. ഞാനും തയാറെടുത്തിട്ടുണ്ട്. എന്റെ പ്രകടനം നന്നാവുകതന്നെ ചെയ്യും. ഞാനെന്തിനു മോശമാവണം?’ എന്ന മട്ടിൽ ചിന്തിച്ചു നോക്കൂ.... ഒരു ആശ്വാസം തോന്നുന്നില്ലേ... നല്ല മാർക്ക് മേടിക്കാം എന്ന ആത്മവിശ്വാസം തോന്നുന്നില്ലേ..?

∙ശരിയായ പഠനശൈലികൾ സ്വീകരിച്ച് നല്ലവണ്ണം പഠിക്കുക
∙കണക്കുകൾ ചെയ്തും പടങ്ങൾ വരച്ചും പഠിക്കുക
∙വഴികാട്ടാൻ മുൻപരീക്ഷയിലെ ചോദ്യക്കടലാസുകൾ നോക്കുക
∙കവിതകൾ, സൂത്രവാക്യങ്ങൾ, നിർവചനങ്ങൾ എന്നിവ മനഃപാഠമാക്കുക
∙വേണ്ടത്ര വേഗത്തിൽ എഴുതാമെന്ന് ഉറപ്പാക്കാൻ ചില ഉത്തരങ്ങൾ പരീക്ഷാ ഹാളിലെന്നപോലെ എഴുതി നോക്കി, ആത്മവിശ്വാസം ബലപ്പെടുത്തുക.
∙ഡെഡ്‌ലൈൻ രീതി സ്വീകരിക്കുക (ഉദാഹരണത്തിന് ശനിയാഴ്ച അഞ്ചു മണിക്കകം നാല് അധ്യായങ്ങൾ പഠിച്ചു തീർക്കും)
∙പരീക്ഷയെന്നാൽ മുൾമുനയിൽ നിൽക്കുകയല്ല, ആനന്ദകരമായ അനുഭവമാണെന്ന് വിചാരിക്കുക.
∙പഠനവേളയിലും പരീക്ഷാഹാളിലും മനസ്സു പതറാതെ, ഏകാഗ്രതയോടെ പ്രവർത്തിക്കുക. 
∙ഉയർന്ന മാർക്കിന് അറിവു മാത്രം പോരാ; തന്ത്രങ്ങളും വേണം. അവ സ്വായത്തമാക്കുക. 
∙സീനിയർ വിദ്യാർഥികളുമായി സംസാരിച്ച് പല വിവരങ്ങളും മനസ്സിലാക്കാം. അവർക്കു പറ്റിപ്പോയ തെറ്റുകൾ ഒഴിവാക്കുക.

കഠിനപാഠങ്ങൾ പഠിക്കുമ്പോൾ
∙ സാവധാനം പഠിക്കുക
∙ കുറേശ്ശേ പഠിക്കുക. എല്ലാം ഒറ്റയടിക്ക് പഠിച്ചു തീർക്കാൻ ശ്രമിക്കാതിരിക്കുക
∙ മെച്ചമായ പഠനാന്തരീക്ഷം സൃഷ്‌ടിച്ചു പഠിക്കുക
∙ പൂർണ ഏകാഗ്രതയോടെ പഠിക്കുക
∙ വായിക്കുക, എഴുതി നോക്കുക മുതലായ പല രീതികൾ ആവർത്തിച്ചു നോക്കുക
∙ അധ്യായത്തിന്റെ ഒടുവിൽ ചോദ്യങ്ങളുണ്ടെങ്കിൽ അവയ്‌ക്ക് ഉത്തരം പറഞ്ഞുനോക്കുക
∙ മുന്നിൽ ഏതാനും കുട്ടികളിരിക്കുന്നെന്നു സങ്കൽപിച്ച് അവരെ പഠിപ്പിക്കുക (മോക്ക് ടീച്ചിങ്. വിശദീകരിക്കുമ്പോൾ ആശയങ്ങൾ മനസ്സിലുറയ്ക്കും)
∙ ഇതേ വിഷയത്തിലെ മറ്റൊരു പാഠപുസ്‌തകം കൂടെ നോക്കുക.

അച്ഛനും അമ്മയും  ശ്രദ്ധിക്കൂ
പരീക്ഷ ജീവന്മരണ സമരമാണെന്ന മട്ടിൽ സംസാരിച്ച് കുട്ടികളിൽ പിരിമുറുക്കം സൃഷ്‌ടിക്കാതിരിക്കുക.
∙ഇടയ്‌ക്കെങ്കിലും മനസ്സിന് അൽപം അയവു നൽകാൻ അനുവദിക്കുക
∙ഓരോ പാഠവും പഠിക്കുമ്പോൾ കൂടെയിരുന്ന് കുട്ടിയുടെ ആത്മവിശ്വാസം തളർത്താതിരിക്കുക.
∙പഠനത്തിനു പ്രായോഗികമായ ടൈംടേബിൾ ഉണ്ടാക്കാനും അതു പൊതുവെ പാലിക്കാനും സഹായിക്കുക.
∙കുട്ടി പഠിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി ഉച്ചത്തിൽ വായിക്കാൻ നിർബന്ധിക്കാതിരിക്കുക.
∙കുട്ടികളിൽ നിന്ന് അതിരുകടന്ന് പ്രതീക്ഷിക്കുകയും അവരുടെ പ്രകടനത്തിലെ മികവ് കുടുംബത്തിന്റെ അഭിമാനപ്രശ്‌നമാണെന്ന മട്ടിൽ പെരുമാറുകയും ചെയ്യാതിരിക്കുക. 
∙90% മാർക്കു കിട്ടിയ കുട്ടിയോട് അതൃപ്തി പ്രകടിപ്പിക്കുന്നതിനുമുൻപ് പണ്ട് താൻ എത്ര മാർക്ക് നേടിയെന്ന് ഓർത്തുനോക്കുക.
∙എല്ലാം മറന്നു പഠിക്കുന്നതിനിടയിൽ കുട്ടിയുടെ ഭക്ഷണം, ഉറക്കം  എന്നിവയിൽ വിശേഷശ്രദ്ധ പുലർത്തുക.
∙കുട്ടിക്ക് രോഗങ്ങൾ വരാവുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുക.
∙അപകടസാദ്ധ്യതയുള്ള കളികൾ, കത്തിയുടെയും മറ്റും ഉപയോഗം എന്നിവ കഴിവതും നിരുത്സാഹപ്പെടുത്തുക.
∙സിനിമ, ടെലിവിഷൻ എന്നിവ കാണുന്നതിൽ സ്വയം നിയന്ത്രണം പാലിക്കുക.
∙പരീക്ഷ കഴിഞ്ഞെത്തുന്ന കുട്ടിയുടെ ചോദ്യക്കടലാസു വച്ച് പൊലീസ് മോഡലിൽ ചോദ്യം ചെയ്ത്, പിരിമുറുക്കം സൃഷ്‌ടിക്കുന്നതിനു പകരം അടുത്ത പരീക്ഷയ്‌ക്കു തയാറെടുക്കാൻ പ്രോത്സാഹനം നൽകുക. 
∙എല്ലാ സന്ദർഭങ്ങളിലും കുട്ടിക്ക് നിരന്തരം ആത്മവിശ്വാസം പകർന്നുകൊടുക്കുക.

മറവിയോ? പോകാൻ പറ
പഠിച്ചുറച്ചതു മറന്നുപോകുമോ എന്ന ആശങ്ക പലർക്കുമുണ്ട്. അതിനുമുണ്ട് പരിഹാരം.
∙ഓർമശക്‌തി മെച്ചപ്പെടുത്തണമെന്ന് തീവ്രമായി ആഗ്രഹിച്ചു പ്രവർത്തിക്കുക
∙ഏകാഗ്രതയോടെ പഠിക്കുക.
∙അർഥമറിഞ്ഞ് പഠിക്കുക
∙മുന്നറിവുമായി ബന്ധിപ്പിച്ച് പുതിയ പാഠങ്ങൾ പഠിക്കുക
∙കാര്യങ്ങൾ വേഗം ഓർമയിൽ വരുത്താനുള്ള സ്‌മാരകസൂത്രങ്ങൾ (Mnemonics)  ഉണ്ടാക്കി ഉപയോഗിക്കുക –  VIBGYOR പോലെ
∙അതിപഠനത്തിലേർപ്പെടുക (പഠിച്ചുറച്ചു കഴിഞ്ഞ്  അതേ പാഠം കൂടുതൽ പഠിക്കുക)
∙പുസ്‌തകത്തിൽ നിന്നു പഠിച്ച കാര്യം 

സ്വന്തം വാക്കുകളിൽ പറഞ്ഞുനോക്കാം
∙പഠിച്ച പാഠത്തിലെ ഏറ്റവും പ്രധാന കാര്യങ്ങൾ വിശേഷിച്ച് മനസ്സിൽ സൂക്ഷിക്കുക
∙ഇടയ്‌ക്കിടെ പഴയ പാഠങ്ങൾ നോക്കി ഓർമ പുതുക്കുക
∙പഠിച്ച പാഠം പ്രയോഗിക്കാൻ ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com