ADVERTISEMENT

പരീക്ഷയെഴുതുന്ന കുട്ടികളും മാതാപിതാക്കളും ഒരു പോലെ ടെൻഷനടിക്കുന്ന കാലമാണിത്. പരീക്ഷക്കാലം അടുക്കുമ്പോൾ കുട്ടികൾ സ്വഭാവികമായും ചെറിയ മാനസിക സമ്മർദങ്ങളിലൂടെ കടന്നുപോകും. അവ മനസ്സിലാക്കി അതിനനുസൃതമായി മാതാപിതാക്കൾ പ്രവർത്തിച്ചാൽ പരീക്ഷാക്കാലം ഇരുകൂട്ടർക്കും ടെൻഷൻ ഫ്രീയാക്കാം.

∙പരീക്ഷയ്ക്കു തയാറെടുക്കുമ്പോൾ കുട്ടികളുടെ ഉത്കണ്ഠ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്തുക. തമാശകൾ പങ്കു വയ്ക്കുന്നത് മുതൽ ഇഷ്ടഭക്ഷണം പാകം ചെയ്തു നൽകുന്നത് വരെ വിദ്യാർഥികളുടെ ഉത്കണ്ഠ കുറയ്ക്കും.

∙കുട്ടികളെ അടുത്തറിയാൻ ശ്രമിക്കുക. പരീക്ഷയ്ക്കു തയാറെടുക്കുമ്പോൾ ഏത് വിഷയത്തിലാണ് ഏറെ ശ്രദ്ധ വേണ്ടത് എന്നതു മുതൽ കുട്ടികളുടെ ബുദ്ധിമുട്ടുകളും വിഷമങ്ങളും മനസ്സിലാക്കാൻ വരെ സമയം മാറ്റി വയ്ക്കുക.

∙കുട്ടികൾക്ക് മാനസിക സമ്മർദമുണ്ടോയെന്ന് മനസ്സിലാക്കുക. അമിതമായി വിയർക്കുക, ഭക്ഷണം കഴിക്കാതിരിക്കുക, അടിക്കടി ബാത്ത്റൂമിൽ പോവുക, ഉറക്കമില്ലാതിരിക്കുക എന്നിവ കണ്ടാൽ കുട്ടിയുമായി ശാന്തമായി സംസാരിക്കുക. സംസാരിച്ചാൽ തീരാത്ത പ്രശ്നങ്ങൾ ഇല്ലല്ലോ?‌

∙മാതാപിതാക്കളുടെ സമ്മർദവും പ്രതീക്ഷകളും കുട്ടികളെ ബാധിക്കരുത്. ജീവിതവിജയത്തിന് അനേകം വഴികളുണ്ടെന്ന കാര്യം ആദ്യം തിരിച്ചറിയേണ്ടതു മാതാപിതാക്കളാണ്. പരീക്ഷയെക്കാൾ എന്നും പ്രഥമസ്ഥാനം മക്കൾക്കാവണം.

കെ.കെ.സത്യപാലൻ
കൗൺസിലർഇൻസൈറ്റ് കൗൺസിലിങ് ആൻഡ് ഗൈഡൻസ് സെന്റർ

ആരോഗ്യത്തിലും കാര്യമുണ്ട്
∙വീട്ടിലായാലും സ്കൂളിലായാലും വെള്ളം കുടിക്കുന്നത് മുടക്കരുത്. ശരീരത്തിനുള്ള ഊർജം പകരുന്നതിൽ വെള്ളത്തിനുള്ള പങ്ക് നിർണായകമാണ്. ദിവസവും 2 ലീറ്റർ വെള്ളമെങ്കിലും കുടിക്കുന്നതാണ് അഭികാമ്യം.

∙പ്രഭാതഭക്ഷണം ഒഴിവാക്കരുത്. കൃത്യസമയത്ത് ആഹാരം കഴിക്കാനും ശീലമാക്കുക. പരീക്ഷസമയത്ത് എളുപ്പത്തിൽ ദഹിക്കുന്നതും നാരുള്ള ഭക്ഷണ പദാർഥങ്ങൾ ഉൾപ്പെട്ട സമീകൃത ആഹാരം ശീലമാക്കുക.

∙ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക. അമിതമായി കഴിച്ചാൽ ക്ഷീണവും ഉറക്കവും തോന്നാം. കഴിവതും വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക. തണുത്ത ഭക്ഷണം പാടെ ഒഴിവാക്കുക.

∙ജങ്ക്ഫുഡ് ഒഴിവാക്കുക. പകരം പഴങ്ങൾ, നട്സ്, യോഗർട്ട് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇടയ്ക്കിടെയുണ്ടാകുന്ന ചെറിയ വിശപ്പിനെ മെരുക്കാൻ ഇഷ്ടമുള്ള പഴങ്ങളും ‍ബദാം, വാൾനട്ട് എന്നിവ പോലുള്ള ഡ്രൈ ഫ്രൂട്സും കഴിക്കാം.

∙ചായ, കാപ്പി അടക്കമുള്ളവ ആവശ്യത്തിന് മാത്രം കുടിക്കുക. കാപ്പിയിൽ കഫീൻ ഉള്ളതിനാൽ അമിതമായാൽ ഉറക്കത്തെ ബാധിക്കും.

∙പ്രോട്ടീൻ (മാംസ്യം) കൂടുതൽ ലഭിക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ചോറിനൊപ്പം മത്സ്യം, മുട്ട തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്.

∙ഉറങ്ങുന്നതിന് 3 മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കുക. ഭക്ഷണം ദഹിക്കുന്നതിനും നല്ല ഉറക്കത്തിനും ഇത് അനിവാര്യമാണ്.

ഷെറിൻ തോമസ്
ക്ലിനിക്കൽ ന്യൂട്രിഷനിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട്

5 B's Of Life

BE POSITIVE : പരീക്ഷയിൽ മാത്രമല്ല ജീവിതത്തിൽ ഉടനീളം നമ്മളെ നയിക്കേണ്ട ചിന്തയാണിത്. പ്രതിസന്ധികൾ ജീവിതത്തിൽ സ്വഭാവികമാണെന്നും അവ നൈമിഷികമാണെന്നുമുള്ള ചിന്ത മനസ്സിൽ വളർത്തിയെടുക്കുക. പിന്നെ പരീക്ഷയല്ല, പറ്റില്ലെന്ന് കരുതുന്ന പല പ്രതിസന്ധികളും നിങ്ങളുടെ മുന്നിൽ മുട്ടുമടക്കും.

BE CONFIDENT: ആത്മവിശ്വാസത്തിന് നേടിത്തരാൻ ആവാത്തതായി ഒന്നുമില്ല. എന്നാൽ അവ ഊട്ടി ഉറപ്പിക്കാനുള്ള വഴികൾ നമ്മൾ തന്നെ കണ്ടുപിടിക്കണം. പരീക്ഷയ്ക്ക് മുൻപായി ചിട്ടയായ റിവിഷൻ, ഏകാഗ്രമായ വായന, സിലബസിന് അനുസൃതമായ പഠനരീതി എന്നിവയെല്ലാം ആത്മവിശ്വാസം വർധിപ്പിക്കും.

BE ON TIME: സമയം ആർക്കു വേണ്ടിയും കാത്തിരിക്കില്ലല്ലോ! പരീക്ഷയ്ക്കു തയാറെടുക്കുന്ന ഓരോ നിമിഷവും ഈ വാചകം മനസ്സിലുണ്ടാവണം. സമയത്തെക്കുറിച്ചു ബോധമുള്ളപ്പോൾ വിഷയങ്ങൾ സമയബന്ധിതമായി തീർക്കാൻ നമ്മൾ ശ്രമിക്കും.

BE STRONG: സമയത്തെക്കുറിച്ച് ബോധമുള്ളവരായിരിക്കണമെങ്കിലും അമിതമായ സമയബോധം മനസ്സിൽ ഭയവും ആശങ്കയും നിറയ്ക്കും. അത് പാടില്ല. വെല്ലുവിളികൾ എന്തു തന്നെ ഉണ്ടായാലും ശക്തമായ മനസ്സ് കൂടെയുണ്ടെന്ന് വിശ്വസിക്കുക. ആ വിശ്വാസം പരീക്ഷയിലും ഇന്റർവ്യൂയിലുമെല്ലാം ഒന്നാമതെത്തിക്കും. ഓർക്കുക നിങ്ങൾ പരീക്ഷയെ അല്ല, പരീക്ഷ നിങ്ങളെയാവണം ഭയക്കേണ്ടത്.

BE SYSTEMATIC: കൃത്യമായ ആസൂത്രണം പരീക്ഷയിലും ജീവിതത്തിലും അനിവാര്യമാണ്. എല്ലാ കാര്യങ്ങളിലും അടുക്കും ചിട്ടയോടും കൂടി പ്രവർത്തിച്ചാൽ തന്നെ മാനസികസമ്മർദം പകുതി ഒഴിവാകും. പരീക്ഷയ്ക്കു മുൻപായി സിലബസ് മനസ്സിലാക്കാം. അവ ചെറിയ ഭാഗങ്ങളായി വേർതിരിച്ച് സമയബന്ധിതമായി പഠിക്കാം. എങ്കിൽ ഒട്ടും മടികൂടാതെ വിജയവും കൂടെ പോരും.

കെ.സഞ്ജയ്കുമാർ ഗുരുദീൻ
സിറ്റി പൊലീസ് കമ്മിഷണർ, കോഴിക്കോട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com