ADVERTISEMENT

പരീക്ഷക്കാലത്ത് മാതാപിതാക്കൾ ഉത്കണ്ഠയുടെ ഫാക്ടറിയാകരുത്. കുട്ടികൾക്കു സ്വസ്ഥതയും ആത്മവിശ്വാസവും നൽകുന്ന ഊർജകേന്ദ്രങ്ങളാകണം. പരീക്ഷയെന്നാൽ ഒരു ഭീകര പരീക്ഷണമെന്ന സങ്കൽപം ഒഴിവാക്കണം. കഴിവിനനുസരിച്ചു നന്നായി ചെയ്യുകയെന്ന ലക്ഷ്യത്തിലേക്കു കുട്ടിയെ നയിക്കുക. മാർക്കും ഗ്രേഡും വിടുക.

കുറെയൊക്കെ പേടി സ്വാഭാവികമാണ്. അതിരുവിട്ടു പോകാത്ത വിധത്തിലുള്ള പോസിറ്റീവ് ഇടപെടലുകൾ മാത്രം മതി. നിനക്കാവുമെന്ന ധൈര്യമാണ് എപ്പോഴും നൽകേണ്ടത്. ആധി ഉണരുമ്പോൾ ചെറുക്കാൻ പോന്ന പൊടിക്കൈകൾ പരിശീലിപ്പിക്കണം. ശ്വസനവ്യായാമം. ഒരല്‍പനേരം പാട്ടു കേൾക്കൽ, ധ്യാനം പ്രാർഥന ഇവയൊക്കെ പ്രയോഗിക്കാം. എനിക്കാവുമെന്ന് സ്വയം വിശ്വസിപ്പിക്കാനാകണം. ശബ്ദകോലാഹലങ്ങളില്ലാത്തതും ശ്രദ്ധ വ്യതിചലിക്കാനിടയില്ലാത്തതുമായ ശാന്തമായ പഠനയിടം കുട്ടികൾക്കായി ഒരുക്കണം. ടെലിവിഷൻ ശബ്ദങ്ങൾ പരിമിതപ്പെടുത്തണം. പരീക്ഷ അടുക്കുമ്പോൾ കൃത്യമായ റിവിഷൻ പ്ലാന്‍ വേണം. ഏകാഗ്രത കൂടുതലുള്ള നേരത്ത് ബുദ്ധിമുട്ടുള്ള വിഷയങ്ങൾ ഉൾപ്പെടുത്താം. ഹ്രസ്വമായ ഉല്ലാസ ഇടവേളകൾ വേണം. ഇലക്ട്രോണിക് സ്ക്രീൻ സമ്പർക്കം കുറയ്ക്കണം. ആവശ്യത്തിന് ഉറങ്ങണം. കൃത്യ സമയത്തു ഭക്ഷണം കഴിക്കണം. ആവശ്യത്തിനു വെള്ളം കുടിക്കണം. 

പരീക്ഷയൊരുക്കം ആസ്വാദ്യവും രസകരവുമാക്കണം. പഠിക്കുന്നത് പടമായും, ചാർട്ടായുമൊക്കെ രൂപപ്പെടുത്തിയെടുക്കാം. ചെറു കുറിപ്പുകൾ ഉണ്ടാക്കാം. ഫോർമുലകൾ ഇടയ്ക്കു നോക്കി ഓർമ പുതുക്കാം. കൂട്ടുകാരൻ ക്ലാസെടുക്കുന്നതായി ഭാവിച്ച് പഠിച്ച ഭാഗം പറഞ്ഞു നോക്കാം. രസകരമായ സൂത്ര വാക്യങ്ങളും വാചകങ്ങളും ഉണ്ടാക്കാം. ജീവിതത്തിലെ രസകരമായ സംഭവങ്ങളുമായി കൂട്ടിയിണക്കി ചില ശാസ്ത്ര ഭാഗങ്ങൾ ഉറപ്പിച്ചു നിർത്താം. ടെൻഷൻ കയറിയാൽ ഇതൊന്നും നടക്കില്ല. 

പരീക്ഷയുടെ തലേന്ന് ആവശ്യത്തിന് ഉറങ്ങണം. ഹാൾടിക്കറ്റും സാമഗ്രികളും നേരത്തേ തയാറാക്കി വയ്ക്കണം. ആത്മവിശ്വാസം ഉണർത്താനായി കൂൾ ടൈമിൽ ചെറു ധ്യാനമാകാം. പ്രാർഥനയാകാം. ശ്വസനവ്യായാമവുമാകാം. ചോദ്യപേപ്പർ കിട്ടിയാൽ ശ്രദ്ധിച്ചു വായിക്കാം. കൃത്യമായ സമയക്രമീകരണത്തോടെ പരീക്ഷ എഴുതുവാനുള്ള പ്ലാനുണ്ടാക്കാം. ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ കണ്ടു പേടിക്കേണ്ട. അറിയാവുന്ന ഏറെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതുന്നതിനെ ആ ഭയം ബാധിക്കാം. അറിയുന്നത് ആദ്യം എഴുതു മ്പോൾ ആത്മവിശ്വാസം കൂടും. ബുദ്ധിമുട്ടുണ്ടെന്നു തോന്നിയതും പതുക്കെ എളുപ്പമുള്ളതായേക്കാം.

പരീക്ഷയെഴുത്തു കഴിഞ്ഞ് ആ പേപ്പറിനെക്കുറിച്ചുള്ള വിശകലനത്തിനു പോയി വിഷാദത്തിൽ പെടേണ്ട. അമ്മമാരും ഇതു ശ്രദ്ധിക്കണം. പരീക്ഷ മുഴുവൻ കഴിഞ്ഞു മതി വിശകലനം. എല്ലാവരും നന്നായി പരീക്ഷ എഴുതുക. ആശംസകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com