ADVERTISEMENT

മിക്ക പിഎസ്‍സി പരീക്ഷകളിലും ഇന്ത്യയുടെ സമ്പദ്ഘടന സംബന്ധിച്ച ചോദ്യങ്ങൾ ഉണ്ടാകാറുണ്ട്. പക്ഷേ, വളരെ വിശാലമായി സാമ്പത്തികശാസ്ത്രം പഠിക്കേണ്ട കാര്യമില്ല. ചില മേഖലകൾ മാത്രം കൃത്യമായി അറിഞ്ഞാൽ മതി.   

ഈ ലക്കം ചർച്ച ചെയ്യുന്നത് സമ്പദ്‍‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് പിഎസ്‍സി ആവർത്തിച്ചു ചോദിക്കുന്ന ചില മേഖലകളെക്കുറിച്ചാണ്. 

ബാങ്കിങ് മേഖല: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), നാഷനൽ ബാങ്ക് ഫോർ അഗ്രികൾചർ ആൻഡ് റൂറൽ ഡവലപ്മെന്റ് (നബാർഡ്) തുടങ്ങിയവ രൂപീകരിച്ച വർഷം, ഇവയ്ക്കു വേണ്ടിയുള്ള പ്രത്യേക കമ്മിറ്റികൾ, ബാങ്ക് ദേശസാൽക്കരണം, ബാങ്ക് ലയനം എന്നിവ പഠിക്കണം.

ഇന്ത്യയിലെ പ്രധാന ഇൻഷുറൻസ് കമ്പനികൾ, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി), ഓഹരിവിപണി, ജോയിന്റ് സ്റ്റോക്ക് കമ്പനികൾ, സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), സെൻസെക്സ്, നിഫ്റ്റി എന്നിവയെക്കുറിച്ചും പഠിക്കണം. 

ആസൂത്രണം: ഇന്ത്യയുടെ പദ്ധതി ആസൂത്രണവും നിർവഹണവും സംബന്ധിച്ച ചോദ്യങ്ങൾ ചോദിച്ചു കാണാറുണ്ട്. നിതി ആയോഗ്, ആസൂത്രണ കമ്മിഷൻ എന്നിവയെക്കുറിച്ചു പഠിച്ചുവയ്ക്കാം.

എല്ലാ പഞ്ചവത്സര പദ്ധതികളും അവയുടെ വർഷങ്ങളും മുഴുവൻ കാര്യങ്ങളും കാണാപ്പാഠം പഠിക്കണമെന്നില്ല. 1, 2, 5, 9, 12 പഞ്ചവത്സര പദ്ധതികൾക്കു നല്ല പ്രാധാന്യം കൊടുക്കുക. മറ്റു പഞ്ചവത്സര പദ്ധതികളുടെ പ്രധാന സവിശേഷതകൾ അറിഞ്ഞാൽ മതി. 

പദ്ധതികൾ: തൊഴിലില്ലായ്മ– ദാരിദ്ര്യ നിർമാർജനം, വനിതാ–ശിശു വികസനം, പാർപ്പിടം, ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പ്, കുടുംബശ്രീ പദ്ധതികളെക്കുറിച്ച് അറിയണം. 1991ലെ സാമ്പത്തിക ഉദാരവൽക്കരണം, ആഗോളവൽക്കരണം എന്നിവയെക്കുറിച്ചും അറിഞ്ഞുവയ്ക്കണം. 

നികുതികൾ: പ്രത്യക്ഷ, പരോക്ഷ നികുതികൾ തമ്മിലുള്ള വ്യത്യാസങ്ങളും ഇവയ്ക്കുള്ള ഉദാഹരണവും പഠിക്കണം. ചരക്ക് സേവന നികുതി (ജിഎസ്ടി) ഇപ്പോൾ സ്ഥിരം ചോദ്യമാണ്. ജിഎസ്ടി കൗൺസിൽ, നികുതി സ്ലാബ് എന്നിവയൊക്കെ ചോദിക്കാറുണ്ട്. 

10 സാംപിൾ ചോദ്യങ്ങൾ

1) ആസൂത്രണ കമ്മിഷനു പകരം വന്ന  സംവിധാനം ?

നിതി ആയോഗ് (നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോമിങ് ഇന്ത്യ)

2) പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏതു രാജ്യത്തു നിന്ന് ?

യുഎസ്എസ്ആർ

3) സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത് ആര് ?

പി.സി.മഹലനോബിസ്

4) ദാരിദ്ര്യ നിർമാർജനത്തിന് ഊന്നൽ നൽകുന്ന പഞ്ചവത്സര പദ്ധതി ?

അഞ്ചാം പഞ്ചവത്സര പദ്ധതി

5) ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത് ?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

6) ധനകാര്യ കമ്മിഷനിൽ അംഗമായ ആദ്യ മലയാളി ?

വി.പി. മേനോൻ

7) സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ ?

ഡോ. അമർത്യ സെൻ

8) വെൽത്ത് ഓഫ് നേഷൻസ് എന്ന കൃതിയുടെ കർത്താവ് ?

ആദം സ്മിത്ത്

9) ഇന്ത്യൻ സാമ്പത്തികശാസ്ത്രത്തിന്റെ പിതാവ് ?

ദാദാഭായ് നവറോജി

10) ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് ?

എം. വിശ്വേശ്വരയ്യ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com