പ്രവേശനപരീക്ഷകൾ ഇങ്ങെത്തി, ഇനി മടിപിടിച്ചിരിക്കാൻ സമയമില്ല

entrance exam
SHARE

മാസങ്ങൾ നീണ്ട ‘ലോക്ഡൗൺ അവധിക്കാലത്തിനു’ ശേഷം മാറ്റിവച്ച പ്രവേശനപരീക്ഷകൾ തിരിച്ചെത്തുകയാണ്. ജൂലൈ 16ന് എൻജീനീയറിങ്, ഫാർമസി പ്രവേശനപരീക്ഷ നടത്തും. ജൂലൈ 26ന് മെഡിക്കൽ പ്രവേശനത്തിനായുള്ള ‘നീറ്റ്’ പരീക്ഷയും നടത്തുമെന്നു കേന്ദ്രസർക്കാർ പറയുന്നു. ദേശീയ എൻജിനീയറിങ്– ആർക്കിടെക്‌ചർ ബിരുദ പ്രവേശന പരീക്ഷയായ ജെഇഇ മെയിൻ ജൂലൈ 18 മുതൽ 23 വരെ. 

മുൻപ് 2 ദിവസമായി നടത്തിയിരുന്ന എൻജീനീയറിങ് പ്രവേശനപരീക്ഷ ഇത്തവണ രാവിലെയും ഉച്ചയ്ക്കുമായി ഒറ്റദിവസമാണ്. രണ്ടാം പേപ്പറായ മാത്‌സ് ഒരു ദിവസം കൂടി അധികം പഠിക്കാമെന്നു കരുതേണ്ടന്നർഥം. 

ഇനി അവധിയുള്ളവർക്ക് 

പാഠഭാഗങ്ങൾ മറന്നു എന്നു സംശയമുള്ളവർ പരീക്ഷയ്ക്ക് ഒരാഴ്ച മുൻപെങ്കിലും എല്ലാ വിഷയവും പഠിച്ചു തീരുന്ന രീതിയിൽ ടൈംടേബിൾ തയാറാക്കണം. അവസാന ആഴ്ച റിവിഷൻ മാത്രം. പാഠഭാഗങ്ങൾ അറിയാം എന്നുള്ളവർ പൂർണസമയം റിവിഷനായി മാറ്റിവയ്ക്കുക. പരമാവധി ചോദ്യപ്പേപ്പറുകൾ ചെയ്തു പരിശീലിക്കുക. 

പരീക്ഷയുള്ളവർക്ക്

സിബിഎസ്ഇ, ഐഎസ്‌സി പ്ലസ് ടു പരീക്ഷകൾ ബാക്കിയുള്ളവരുണ്ടാകും. അവർക്കു ബോർഡ് പരീക്ഷകൾക്കു ശേഷം ഉടൻതന്നെ പ്രവേശനപരീക്ഷ എഴുതേണ്ടിവരും. ബോർഡ് പരീക്ഷയ്ക്കു വിഷയങ്ങൾ ആഴത്തിൽ പഠിക്കുന്നതു പ്രവേശനപരീക്ഷയ്ക്കു ഗുണം ചെയ്യും. ഉദാഹരണത്തിന് ഉത്തരത്തിലേക്ക് എത്താനുള്ള കുറുക്കുവഴികളും മറ്റും പ്രത്യേകം കുറിച്ചുവയ്ക്കാം. മുൻകാല എൻട്രൻസ് ചോദ്യപ്പേപ്പറുകളും മാതൃകാ ചോദ്യപ്പേപ്പറുകളും പരിശീലിക്കണം. എൻട്രൻസിന് ആവശ്യമുള്ളതെന്ത് എന്നു പഠനസമയത്തു വേഗം മനസ്സിലാക്കാൻ ഇതു സഹായിക്കും. 

വിഷയങ്ങളിലൂടെ 

മാത്‌സ് 

∙ എൻജിനീയറിങ് എൻട്രൻസിൽ മാത്‌സിന്റെ പ്രാധാന്യം മനസ്സിലാക്കി കൂടുതൽ സമയം പഠനത്തിനു നൽകണം. 

∙ വേഗത്തിൽ, തെറ്റാതെ ഉത്തരമെഴുതുക എന്നതിലാണു കാര്യം. അതിനായി പ്രോബ്ലങ്ങൾ ചെയ്തു ശീലിക്കണം. അതിനു പിന്നിലുള്ള തിയറിയും മനസ്സിലാക്കുക. 

∙ ഒന്നിലധികം ഭാഗങ്ങൾ കൂട്ടിയിണക്കിയാകും ചോദ്യങ്ങൾ. കാൽക്കുലസും ട്രിഗണോമെട്രിയും നന്നായി പഠിക്കുന്നത് ഫിസിക്സിലും ഗുണം ചെയ്യും. 

∙ കാൽക്കുലസിലെ പ്രധാന ഡെറിവേറ്റിവുകൾ, ഡിഫറൻസ്യേഷൻ/ ഇന്റഗ്രേഷൻ നിയമങ്ങൾ, ട്രിഗണോമെട്രിയിലെ പ്രധാന വിവരങ്ങൾ എന്നിവ പ്രത്യേകം കുറിപ്പാക്കി സൂക്ഷിക്കുന്നത് റിവിഷൻ എളുപ്പമാക്കും. 

കെമിസ്ട്രി 

∙ കണക്കുകൂട്ടലുകൾ വേണ്ടിവരുന്ന ഫിസിക്കൽ കെമിസ്ട്രി ചോദ്യങ്ങൾക്കു വേഗത്തിൽ ഉത്തരമെഴുതാൻ പരിശീലിക്കണം. 

∙ ഓർഗാനിക് കെമിസ്ട്രി ബുദ്ധിമുട്ടായി തോന്നുമെങ്കിലും അടിസ്ഥാന ആശയങ്ങൾ മനസ്സിലാക്കിയാൽ വലിയ അധ്വാനമില്ലാതെ മാർക്ക് നേടാം. രാസപ്രവർത്തനങ്ങൾ കാണാപാഠം പഠിക്കാതെ മനസ്സിലാക്കി പഠിക്കണം. 

∙ പീരിയോഡിക് ടേബിൾ ഹൃദിസ്ഥമാക്കണമന്നു പ്രത്യേകം പറയേണ്ടല്ലോ. 

∙ മുൻവർഷങ്ങളിൽ ന്യൂക്ലിയർ കെമിസ്ട്രി, പോളിമറുകൾ, കാർബണിൽസ്, ആൽക്കീൻസ്, മെറ്റലർജി തുടങ്ങിയ മേഖലകളിൽ നിന്നു കൂടുതൽ ചോദ്യങ്ങൾ വന്നിരുന്നു. ഇവ ശ്രദ്ധിക്കണം. 

ഫിസിക്സ്

∙ പാഠപുസ്തക ആശയങ്ങൾ ദൈനംദിന ജീവിതത്തിൽ എങ്ങനെ പ്രയോഗിക്കാമെന്നു ചിന്തിക്കണം. 

∙ ബുദ്ധിമുട്ടുള്ള പാഠഭാഗങ്ങൾ യൂട്യൂബിലും മറ്റുമുള്ള വിഡിയോകൾ കണ്ടു മനസ്സിലാക്കാം. 

∙ സൂത്രവാക്യങ്ങൾ കാണാതെ പഠിക്കുന്നതിനോടൊപ്പം അവ എങ്ങനെ വന്നെന്നും മനസ്സിലാക്കണം. എല്ലാ ഫോർമുലകളും ഉൾപ്പെടുത്തി പട്ടിക തയാറാക്കി വയ്ക്കണം. ഇത് ആഴ്ചയിലൊരിക്കലെങ്കിലും ആവർത്തിച്ചു പഠിക്കണം. 

∙ സിലബസിൽ പറഞ്ഞിരിക്കുന്ന എല്ലാ ഭാഗങ്ങളും പ്രധാനപ്പെട്ടവയാണ്. എല്ലായിടത്തുനിന്നും ചോദ്യങ്ങൾ വരാം 

ബയോളജി 

∙ ആഴത്തിലുള്ള പഠനം വേണം. ബോട്ടണിക്കും സുവോളജിക്കും തുല്യ പ്രാധാന്യം നൽകണം. 

∙ എൻസിഇആർടി പുസ്തകങ്ങളിലെ ചോദ്യങ്ങളെല്ലാം പരിശീലിക്കണം. 

∙ ഹ്യൂമൻ ഫിസിയോളജി, പ്ലാന്റ് ഫിസിയോളജി, ബയോഡൈവേഴ്സിറ്റി, ജനറ്റിക്സ്, ബയോടെക്നോളജി, സെൽ ബയോളജി തുടങ്ങിയവയിൽനിന്നു മുൻ വർഷങ്ങളിൽ ധാരാളം ചോദ്യങ്ങളുണ്ടായിരുന്നു. 

∙ തിയറിയായതിനാൽ പഠിച്ച കാര്യങ്ങൾ മറക്കാൻ സാധ്യതയുണ്ട്. രണ്ടോ മൂന്നോ തവണ റിവൈസ് ചെയ്യുന്നതു വഴി പാഠങ്ങൾ ഓർത്തുവയ്ക്കാം.

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA