ADVERTISEMENT

ഉദ്യോഗാർഥികളെ സംബന്ധിച്ച് വലിയ മാറ്റത്തിന്റെ കാലമാണിത്. കേന്ദ്രത്തിലും സംസ്ഥാനത്തും സർക്കാർ നിയമനത്തിനു പൊതു പരീക്ഷകൾ വരുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ഈ സാഹചര്യത്തിൽ ഇതുവരെ പഠിച്ചതെല്ലാം വെറുതെയാകുമോ, പഠന രീതിയിൽ മാറ്റം വരുത്തണോ, പുതിയ രീതിയിലേക്കു മാറുമ്പോൾ പുറന്തള്ളപ്പെട്ടു പോകുമോ തുടങ്ങിയ ആശങ്കകൾ ഉദ്യോഗാർഥികൾക്കുണ്ടാകാം. പേരിനുവേണ്ടി എല്ലാ പരീക്ഷയും എഴുതുന്ന ഭാഗ്യാന്വേഷികൾക്കു തിരിച്ചടിയാകുമെങ്കിലും ജോലി ലക്ഷ്യം വച്ച് ഗൗരവത്തോടെ തയാറെടുക്കുന്നവർക്ക് ഇതു നല്ല മാറ്റമാണ്.

അനന്തമായ കാത്തിരിപ്പ് വേണ്ട

പ്രിലിമിനറി പരീക്ഷയിലൂടെ ഒട്ടേറെ തസ്തികകളിലേക്കാണ് ആദ്യ കടമ്പ കടക്കുന്നത്. ഓരോന്നിനും വെവ്വേറെ പഠിച്ച് കുഴ‍ഞ്ഞുമറിയേണ്ട. കാലങ്ങളോളം റാങ്ക് പട്ടികയ്ക്കും നിയമനത്തിനും വേണ്ടി കാത്തിരിക്കേണ്ടി വരുന്ന സ്ഥിതിയും മാറും. പൊതുപരീക്ഷ കഴിഞ്ഞ് ഒന്നോ രണ്ടോ മാസത്തിനകം മെയിൻ പരീക്ഷ നടക്കും. ഉടൻ തന്നെ റാങ്ക് പട്ടികയും പ്രസിദ്ധീകരിക്കും.

ചുരുക്കിപ്പറഞ്ഞാൽ വർഷങ്ങളോളം പഠിച്ച് ഒരു റാങ്ക് പട്ടികയിലും കയറാൻ കഴിയാതെ നിരാശരായി കാലം കഴിക്കുന്നതിനു പകരം മുന്നോട്ടു പോകാൻ കഴിയുമോ ഇല്ലയോ എന്നത് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഉദ്യോഗാർഥിക്കു വ്യക്തമാകും. മുന്നോട്ടു പോകാൻ ഉദ്ദേശിക്കുന്നവർക്ക് തയാറെടുപ്പിന്റെ ആഴവും പരപ്പും സ്വയം തിരിച്ചറിയാനും പ്രിലിമിനറി പരീക്ഷ സഹായിക്കും.

കേന്ദ്ര സർവീസുകളിലേക്കുള്ള പരീക്ഷകൾ താരതമ്യേന കടുപ്പമേറിയതായിരിക്കും. ഇംഗ്ലിഷിനും റീസണിങ് എബിലിറ്റിക്കുമാണ് അവിടെ പ്രാധാന്യം. എന്നാൽ കേരളത്തിലെ പിഎസ്‌സി പരീക്ഷയെ സംബന്ധിച്ചിടത്തോളം പ്രിലിമിനറി സിലബസ് എളുപ്പമാണ്.

പിഎസ്‌സി മാറ്റങ്ങൾ ഇങ്ങനെ

മലയാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും ഏറ്റവും കൂടുതൽ തൊഴിലന്വേഷകരുമുള്ള പിഎസ്‌സി പരീക്ഷകളിൽ വരാൻ പോകുന്ന മാറ്റങ്ങളിങ്ങനെ. വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് 3 തരം പ്രിലിമിനറി പരീക്ഷ.

∙ പത്താം ക്ലാസ്: ലാസ്റ്റ് ഗ്രേഡ്, എൽഡി ക്ലാർക്ക്, സെക്രട്ടേറിയറ്റ് ഓഫിസ് അറ്റൻഡന്റ്, ലാസ്കർ തുടങ്ങിയവ

∙ പ്ലസ്ടു: ഫയർമാൻ, സിവിൽ പൊലീസ് ഓഫിസർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ തുടങ്ങിയവ. കായികക്ഷമതാ പരിശോധന ആവശ്യമുള്ള തസ്തികകളായതിനാൽ പ്രിലിമിനറി പരീക്ഷ എങ്ങനെയെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്.

∙ ബിരുദം: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പഞ്ചായത്ത് സെക്രട്ടറി, ബിഡിഒ, ജൂനിയർ എംപ്ലോയ്മെന്റ് ഓഫിസർ, കമ്പനി– കോർപറേഷൻ അസി.ഗ്രേഡ്, യൂണിവേഴ്സിറ്റി അസി.ഗ്രേഡ്, അസി.ജയിലർ, എക്സൈസ് ഇൻസ്പെക്ടർ മുതലായവ.

പത്താം ക്ലാസ് നിലവാരത്തിലുള്ള എൽജിഎസ്, എൽഡിസി എന്നിവയ്ക്കായി ആദ്യ പരീക്ഷ ഡിസംബറിൽ നടക്കും. ഓരോ ജില്ലയ്ക്കും ആനുപാതികമായി കട്ട്ഓഫ് മാർക്ക് നിശ്ചയിക്കപ്പെട്ടേക്കാം.

മെയിനിനു കടുപ്പം കൂടും

പ്രിലിമിനറി പരീക്ഷ ഉദ്യോഗാർഥികളുടെ എണ്ണം പരിമിതപ്പെടുത്താൻ മാത്രമുള്ളതാണ്. ഇതിലെ മാർക്ക് നിയമനത്തിന് ഒരു ഘട്ടത്തിലും പരിഗണിക്കില്ല.

പ്രിലിമിനറി പരീക്ഷ എഴുതുന്ന ലക്ഷക്കണക്കിനു പേരിൽനിന്ന് 5000–10,000 പേരെയാകും മെയിൻ പരീക്ഷയ്ക്കായി തിരഞ്ഞെടുക്കുന്നത്. ആളുകളുടെ എണ്ണം കുറയുന്നതോടെ മെയിൻ പരീക്ഷയ്ക്ക് കടുപ്പം കൂടും. ഈ പരീക്ഷ ഒഎംആർ ആണോ വിവരണാത്മകമാണോ എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ഒഎംആർ ആകാനാണു സാധ്യത കൂടുതൽ.

പുതിയ സിലബസ് ലളിതം

∙പ്രിലിമിനറിയല്ല, മെയിൻ തന്നെ ഫോക്കസ് ചെയ്യുക

∙എൽജിഎസ്, എൽഡിസി ഉൾപ്പെടെ പത്താം ക്ലാസ് യോഗ്യതയുള്ളവർക്കുള്ള പ്രിലിമിനറി പരീക്ഷയുടെ സിലബസാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. പഴയ രീതിക്കനുസരിച്ച് തയാറെടുത്തുകൊണ്ടിരുന്നവർ ഭയക്കേണ്ട കാര്യമില്ല. നിലവിൽ പഠിക്കുന്നതിനേക്കാൾ വളരെ ലളിതമായ കാര്യങ്ങളാണ് പ്രിലിമിനറി സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

∙ശ്രദ്ധിക്കേണ്ട പ്രധാന കാര്യം പ്രിലിമിനറിക്കു മാത്രമായി പഠിക്കാനിരിക്കരുത് എന്നതാണ്. പ്രിലിമിനറി കഴിഞ്ഞ് ഒന്നോ രണ്ടോ മാസത്തിനകം വരാനിടയുള്ള 

മെയിൻ പരീക്ഷ തന്നെ ഫോക്കസ് ചെയ്യണം.

പ്രിലിമിനറി സിലബസ് വിഷയങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. ഇംഗ്ലിഷ്, മലയാളം, ഐടി എന്നിവ ഒഴിവാക്കി. സയൻസ്, മാത്‌സ് & മെന്റൽ എബിലിറ്റി, പൊതുവിജ്ഞാനം–ആനുകാലിക വിവരങ്ങൾ എന്നിവ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ വിഷയങ്ങളിൽ നിന്നും ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. കണക്കിൽ പോലും സൂത്രവാക്യങ്ങൾ കാണാപ്പാഠം പഠിക്കേണ്ടിയിരുന്ന ഭാഗങ്ങൾ പൂർണമായും ഒഴിവാക്കി.

സയൻസ് (30), മാത്‍സ് & മെന്റൽ എബിലിറ്റി (30), പൊതുവിജ്ഞാനം–ആനുകാലിക വിവരം (40) എന്ന അനുപാതത്തിൽ ചോദ്യങ്ങൾ പ്രതീക്ഷിക്കാം.

അതേസമയം മെയിൻ സിലബസിൽ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. 5–10 ക്ലാസുകളിലെ സാമൂഹികശാസ്ത്രം, സയൻസ്, മാത്‌സ് പാഠപുസ്തകങ്ങൾ പൂർണമായും പഠിച്ചെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനു ശേഷമുള്ള പഠനത്തിനു മാത്രം മറ്റു സ്റ്റഡി മെറ്റീരിയലുകളെ ആശ്രയിക്കാം.

സിലബസിന്റെയും പരീക്ഷയുടെയും കൂടുതൽ വിശദാംശങ്ങൾ ഈയാഴ്ചത്തെ തൊഴിൽ വീഥിയിൽ

സംശയങ്ങൾ അറിയിക്കാം

പുതിയ പരീക്ഷാ രീതികളും അതിനനുസരിച്ച് തയാറെടുപ്പിൽ വരുത്തേണ്ട മാറ്റങ്ങളും സംബന്ധിച്ച് ഉദ്യോഗാർഥികളുടെ സംശയങ്ങൾ മനോരമയെ അറിയിക്കാം. 

വാട്സാപ്: 98460 95628 (മെസേജ് മാത്രം; കോൾ സൗകര്യമില്ല).

English Summary: Kerala PSC Exam Changes And Preparation Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com