ADVERTISEMENT

ദിവസവും രണ്ടു മണിക്കൂര്‍ വച്ച് ഒരു വര്‍ഷം പഠിച്ചാല്‍ സിവില്‍ സര്‍വീസ് പരീക്ഷ പുഷ്പം പോലെ പാസ്സാകും. പറയുന്നത് ഏതെങ്കിലും കോച്ചിങ് സെന്ററിലെ സാറല്ല. തെലങ്കാന ഖമം ജില്ലാ കലക്ടര്‍ ആര്‍. വി. കര്‍ണ്ണന്‍ ഐഎഎസ് ആണ് സിവില്‍ സര്‍വീസ് പരീക്ഷാ വിജയത്തിനായി രണ്ടു മണിക്കൂര്‍ ടെക്‌നിക്ക് അവതരിപ്പിക്കുന്നത്.

തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ കാരയ്ക്കുടിയില്‍ ഒരു മധ്യവര്‍ഗ്ഗ കുടുംബത്തില്‍ നിന്നാണു കര്‍ണ്ണന്‍ വരുന്ന്. 2007ല്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്കുനേടി. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായി മഹാരാഷ്ട്രയിലെ ഒരു ഗോത്ര ഗ്രാമത്തില്‍ ജോലി ചെയ്യവേയാണ് ഈ രണ്ടു മണിക്കൂര്‍ തയ്യാറെടുപ്പ് തന്ത്രം കര്‍ണ്ണന്‍ പരീക്ഷിച്ച് വിജയിച്ചത്. 2012ല്‍ 158-ാം റാങ്കോടെയാണ് കര്‍ണ്ണന്‍ ഐഎഎസിലേക്ക് എത്തുന്നത്. 

കഠിനാധ്വാനവും സ്ഥിരപ്രയത്‌നവുമാണ് യുപിഎസ്‌സി പരീക്ഷ പാസ്സാകാനുള്ള വിജയമന്ത്രങ്ങളെന്ന് ഇദ്ദേഹം പറയുന്നു. രാവിലെയും വൈകുന്നേരവുമായി രണ്ടു മണിക്കൂര്‍ പഠനത്തിന് മാറ്റി വച്ചാല്‍ മതിയാകുമെന്നും കര്‍ണ്ണന്‍ പറയുന്നു. 

സിലബസിനെ  ഓരോ ദിവസവും പൂര്‍ത്തിയാക്കാനുള്ള ചെറിയ ഭാഗങ്ങളാക്കി മിനിട്ട് ടു മിനിട്ട് ഷെഡ്യൂള്‍ തയ്യാറാക്കുകയാണ് കര്‍ണ്ണന്‍ ചെയ്തത്. ഒരു വര്‍ഷത്തോളം നീളുന്ന മൂന്ന് ഘട്ടങ്ങളിലെ പരീക്ഷയ്ക്ക് അനുസൃതമായിട്ടായിരുന്നു ഈ ആസൂത്രണം. പത്രങ്ങളിലെ ലേഖനങ്ങളും കറന്റ് അഫേഴ്‌സുമെല്ലാം യാത്രാ വേളയില്‍ ഫോണില്‍ നിന്നു വായിച്ചു. വീട്ടിലിരുന്ന് തയ്യാറെടുക്കുന്ന  രണ്ട് മണിക്കൂര്‍ സമയത്തിനുള്ളില്‍ തന്നെ മുന്‍ വര്‍ഷങ്ങളിലെ ചോദ്യ പേപ്പറുകളും ഓണ്‍ലൈന്‍ മോക് ടെസ്റ്റുകളുമൊക്കെ ചെയ്തു. 

സിവില്‍ സര്‍വീസ് പരീക്ഷയുടെ ഓരോ ഘട്ടവും വിവിധ തരം കഴിവുകളാണ് ഉദ്യോഗാര്‍ഥി തെളിയിക്കേണ്ടതെന്നും കര്‍ണ്ണന്‍ പറയുന്നു. ഒരു കണ്‍സെപ്റ്റ് മനസ്സിലാക്കാനുള്ള ഉദ്യോഗാര്‍ത്ഥിയുടെ ശേഷിയാണ് പ്രിലിമിനറിയില്‍ പരിശോധിക്കപ്പെടുന്നത്. അഭിമുഖ പരീക്ഷയില്‍ തനിക്ക് ഉത്തരമറിയാത്ത ചോദ്യങ്ങള്‍ക്ക് അറിയില്ല എന്ന് പറയാന്‍ മടിച്ചില്ലെന്നും അദ്ദേഹം പറയുന്നു. 

ഇന്റര്‍വ്യൂ ബോര്‍ഡിനോട് കള്ളം പറയാന്‍ ശ്രമിക്കരുത്. ഉദ്യോഗാർഥിയുടെ ആത്മവിശ്വാസവും മനോഭാവവും സഹിഷ്ണുതയും രാജ്യത്തെ സേവിക്കാനുള്ള ലക്ഷ്യബോധവുമൊക്കെയാണ് ഇന്റര്‍വ്യൂ ബോര്‍ഡ് പ്രധാനമായും നോക്കുക. 

പഠനത്തിന് ശരിയായ സാമഗ്രികള്‍

ഇന്ന് പഠനത്തിനുള്ള പുസ്തകങ്ങളും ഓണ്‍ലൈന്‍ വിഭവങ്ങളുമാക്കെ വളരെ എളുപ്പം ലഭിക്കും. പക്ഷേ, വിവരങ്ങളുടെ വലിയ സമുദ്രത്തില്‍ നിന്ന് ശരിയായ പഠന സാമഗ്രികള്‍ കണ്ടെത്തുകയെന്നത് ആശയക്കുഴപ്പമുണ്ടാക്കും. എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ക്ക് പുറമേ രാജീവ് അഹിറിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് മോഡേണ്‍ ഇന്ത്യ, എം. ലക്ഷ്മികാന്തിന്റെ ഇന്ത്യന്‍ പോളിറ്റി, രമേഷ് സിങ്ങിന്റെ ഇന്ത്യന്‍ എക്കണോമി, ശങ്കര്‍ ഗണേഷിന്റെ ഇന്ത്യന്‍ എക്കണോമി-കീ കണ്‍സെപ്റ്റ്‌സ് എന്നിവയാണ് താന്‍ പ്രധാനമായും പഠിച്ചതെന്ന് ഈ ജില്ലാ കളക്ടര്‍ പറയുന്നു. താന്‍ പരീക്ഷ എഴുതിയത് എട്ട് വര്‍ഷം മുന്‍പായതിനാല്‍ ഇപ്പോഴുള്ള വിദ്യാര്‍ത്ഥികള്‍ പുതിയ ചോദ്യ പാറ്റേണും സിലബസിനും അനുസരിച്ച് പുസ്തകങ്ങള്‍ കണ്ടെത്തണമെന്നും കര്‍ണ്ണന്‍ ഓര്‍മ്മപ്പെടുത്തുന്നു.

Gk Today, Mrunal.org, insightsonindia.com, pib.nic.in എന്നീ വെബ്‌സൈറ്റുകളും രാജ്യസഭാ ടിവിയും യുപിഎസ് സി തയ്യാറെടുപ്പില്‍ ഗുണം ചെയ്യുമെന്നും കര്‍ണ്ണന്‍ ചൂണ്ടിക്കാട്ടുന്നു. 

ഓപ്ഷണല്‍ വിഷയം തിരഞ്ഞെടുക്കുന്നതും പ്രധാനമാണ്. നിങ്ങളെ പ്രചോദിപ്പിക്കുന്ന വിഷയങ്ങള്‍ ഓപ്ഷണല്‍ വിഷയങ്ങളായി തിരഞ്ഞെടുക്കണമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. 

English Summary: UPSC Coaching: 2 Hour Technique By Karnan IAS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com