സൂ ചി: സമാധാന നായികയോ വിഭജന രാജ്ഞിയോ?

HIGHLIGHTS
  • മിന്നുന്ന ജയം നൽകി മ്യാൻമർ ജനം സൂ ചിയെ രണ്ടാം തവണയും തിരഞ്ഞെടുത്തു
  • അയ്യായിരത്തോളം രോഹിൻഗ്യകൾ പട്ടാളത്തിന്റെ കയ്യാൽ മരിച്ചിട്ടുണ്ടെന്നാണു കണക്ക്
aung-san-suu-kyi-image-one
Aung San Suu Kyi. Photo: Kham / AFP Photo
SHARE

വിദേശത്തു വിലയിടിഞ്ഞാലും നാട്ടിൽ വിലയിടിയാത്ത പെട്രോളിനു സമാനമാണ് മ്യാൻമറിലെ ജനാധിപത്യ നായിക ഓങ് സാൻ സൂ ചി. അര നൂറ്റാണ്ടിലേറെ നീണ്ട പട്ടാള ഭരണത്തിൽ നിന്നു ജനാധിപത്യത്തിലേക്കുള്ള മ്യാൻമറിന്റെ പരിണാമത്തിനു ചാലകശക്തിയായി മാറിയ സൂ ചിയുടെ നേതൃത്വത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകിയാണു ഒരുകാലത്തു ലോകം ആദരിച്ചത്. എന്നാൽ നാട്ടിലെ വംശീയ ന്യൂനപക്ഷമായ രോഹിൻഗ്യകൾക്കെതിരെ നടന്ന വംശഹത്യ കണ്ടില്ലെന്നു നടിക്കുകയും രാജ്യാന്തര കോടതിയിൽ പോലും അതിനെ ന്യായീകരിക്കുന്ന പ്രസ്താവനകൾ നടത്തുകയും ചെയ്തതോടെ സമീപകാലത്ത് ആ ജനാധിപത്യ നക്ഷത്രത്തിന്റെ തിളക്കംകെട്ടു. എന്നാൽ കഴിഞ്ഞ നവംബർ 8നു നടന്ന പൊതുതിരഞ്ഞെടുപ്പിൽ മിന്നുന്ന ജയം നൽകി മ്യാൻമർ ജനം സൂ ചിയെ രണ്ടാം തവണയും തങ്ങളുടെ അനിഷേധ്യ നേതാവായി തിരഞ്ഞെടുത്തതോടെ നാട്ടിൽ ആ താരകം പൂർവാധികം ശോഭയോടെ ഉദിച്ചു തന്നെ നിൽക്കുകയാണെന്നു വ്യക്തമായി.

എൻഎൽഡിക്ക് ഭൂരിപക്ഷം

‘ദ് ലേഡി’ എന്നു മ്യാൻമറുകാർ ബഹുമാനപൂർവം  വിളിക്കുന്ന ഓങ് സാൻ സൂ ചിയുടെ നാഷനൽ ലീഗ് ഫോർ ഡമോക്രസി (എൻഎൽഡി) പാർട്ടി ഫലം പ്രഖ്യാപിച്ച 473 സീറ്റിൽ 396 സീറ്റാണു നേടിയത്. 322 സീറ്റാണ് ഭരിക്കാൻ വേണ്ട ഭൂരിപക്ഷം. 642 അംഗ മ്യാൻമർ പാർലമെന്റിൽ ഭരണഘടനാപ്രകാരം 166 സീറ്റ് സൈനിക പ്രതിനിധികൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. അതേസമയം പ്രധാന പ്രതിപക്ഷവും സൈന്യത്തിന്റെ പിന്തുണയുള്ള പാർട്ടിയുമായ യൂണിയൻ സോളി‍ഡാരിറ്റി ആൻഡ് ഡവലപ്മെന്റ് പാർട്ടി (യുഎസ്ഡിപി) തിരഞ്ഞെടുപ്പ് അട്ടിമറി ആരോപിക്കുകയും വീണ്ടും തിരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയുമാണ്. 30 സീറ്റാണ് യുഎസ്ഡിപിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്.

രോഹിൻഗ്യ

രോഹിൻഗ്യൻ ന്യൂനപക്ഷങ്ങളോടുള്ള സൂ ചിയുടെ നിലപാട് രാജ്യാന്തരതലത്തിൽ വലിയ വിമർശനത്തിനു കാരണമായെങ്കിലും ആഭ്യന്തരരംഗത്ത് അതു വോട്ടായി മാറിയെന്നു വേണം കരുതാൻ. ബുദ്ധമതവിശ്വാസികൾക്കു ഭൂരിപക്ഷമുള്ള മ്യാൻമറിൽ നിന്ന് 11 ലക്ഷം രോഹിൻഗ്യൻ വംശജരാണ് വംശീയ ഉന്മൂലനം ഭയന്ന് ബംഗ്ലദേശിലേക്കു പലായനം ചെയ്തത്. 40,000 പേർ ഇന്ത്യയിലും അഭയം തേടി. പൗരത്വവും വോട്ടവകാശവുമില്ലാതെ അഞ്ചു ലക്ഷം രോഹിൻഗ്യകൾ ഇനിയും മ്യാൻമറിലെ രാഖിൻ പ്രവിശ്യയിൽ വംശീയ ഉൻമൂലനം ഭയന്നു കഴിയുന്നുണ്ടെന്നാണു രാജ്യാന്തര നിരീക്ഷകർ കണക്കുകൂട്ടുന്നത്. രോഹിൻഗ്യകൾ മ്യാൻമറുകാരല്ലെന്നും ബംഗ്ലദേശിൽ നിന്നു കുടിയേറിയവരാണെന്നുമാണു ഭരണകൂട നിലപാട്. തീവ്രവാദികൾക്കെതിരായ നടപടിയെന്ന പേരിൽ രോഹിൻഗ്യൻ മേഖലകളിൽ സൈന്യം കാണിച്ചുകൂട്ടിയ അതിക്രമങ്ങൾ രാജ്യാന്തരതലത്തിൽ വലിയ വിമർശനമാണു നേരിട്ടത്. അയ്യായിരത്തോളം രോഹിൻഗ്യകൾ പട്ടാളത്തിന്റെ കയ്യാൽ മരിച്ചിട്ടുണ്ടെന്നാണു കണക്ക്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടായ അതിക്രമങ്ങൾ ഏതൊരു ജനാധിപത്യരാജ്യത്തെയും ലജ്ജിപ്പിക്കുന്നതായിരുന്നു.

aung-san-suu-kyi-image-two
Aung San Suu Kyi. Photo Credit : Yves Herman / Reuters

പരമാധികാരി

മ്യാൻമറിൽ ജനാധിപത്യം പുനഃസ്ഥാപിക്കാനായി പട്ടാളവുമായി ഇടഞ്ഞ സൂ ചി 1989 മുതൽ 2010 വരെ വിവിധ ഇടവേളകളിലായി 15 വർഷത്തോളം തടവിലായിരുന്നു. 2015ൽ 25 വർഷത്തിനു ശേഷം ജനാധിപത്യരീതിയിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ സൂ ചിയുടെ പാർട്ടി വൻ വിജയം നേടി. ഭരണഘടനാപ്രകാരം വിദേശപൗരത്വമുള്ള മക്കളുള്ളയാൾക്ക് മ്യാൻമറിൽ പ്രസിഡന്റ് പദവി വഹിക്കാൻ കഴിയില്ലെന്നതിനാൽ സൂ ചി നേരിട്ട് ഭരണമേറ്റില്ലെങ്കിലും പാർട്ടിയിലെയും ഭരണത്തിലെയും പരമാധികാരി അവർ തന്നെയായിരുന്നു. അടുത്ത അനുയായി വിൻ മിൻട് ആണ് പ്രസിഡന്റായത്.

aung-san-suu-kyi-image-three
Aung San Suu Kyi. Photo Credit : Athit Perawongmetha / Reuters

നേതാവിന്റെ മകൾ

മ്യാൻമർ സ്വാതന്ത്ര്യസമരപ്പോരാളി  ജനറൽ ഓങ് സാന്റെ മകളാണ് സൂ ചി. 1948ൽ ബ്രിട്ടനിൽ നിന്നു സ്വാതന്ത്ര്യം ലഭിക്കുന്നതിനു തൊട്ടു മുൻപ് സൂ ചിക്ക് രണ്ടു വയസ്സുള്ളപ്പോൾ പിതാവ് വധിക്കപ്പെട്ടു അംബാസിഡറായി നിയമിതയായ അമ്മയോടൊപ്പം സൂ ചി 1960ൽ ഇന്ത്യയിലെത്തി. നാലു വർഷത്തിനു ശേഷം ഉന്നതപഠനത്തിനായി ബ്രിട്ടനിലെ ഓക്സഫഡ് സർവകലാശാലയിൽ ചേരുകയും അവിടെ വച്ചു പരിചയപ്പെട്ട മൈക്കിൾ ആരിസിനെ വിവാഹം കഴിക്കുകയും ചെയ്തു. ഗുരുതര രോഗബാധയാൽ വലയുകയായിരുന്ന അമ്മയെ പരിപാലിക്കാനായാണ് 1988ൽ സൂ ചി മ്യാൻമറിൽ തിരിച്ചെത്തിയത്. അത് സൂ ചിയുടെയും മ്യാൻമറിന്റെയും ഭാഗധേയം മാറ്റിയെഴുതിയ വരവായി മാറി. ജനാധിപത്യ പരിഷ്കരണം ആവശ്യപ്പെട്ട് മ്യാൻമർ ഇളകിമറിയുന്ന സമയമായിരുന്നു അത്. സ്വാഭാവികമായും സൂ ചി പ്രക്ഷോഭങ്ങളുടെ നേതൃസ്ഥാനത്തേക്ക് എത്തപ്പെട്ടു. മഹാത്മാഗാന്ധിയുടെയും മാർട്ടിൻ ലൂതർ കിങ്ങിന്റെയും ആശയങ്ങളിൽ ആകൃഷ്ടയായിരുന്ന സൂ ചി അഹിംസയിലൂന്നിയ സമരമാർഗമാണു സ്വീകരിച്ചത്. രാജ്യമെങ്ങും സഞ്ചരിച്ച്, റാലികളിൽ പങ്കെടുത്ത് അവർ ജനങ്ങളോടു സംവദിച്ചു. പട്ടാളം ജനാധിപത്യ സമരങ്ങൾ അതിക്രൂരമായി അടിച്ചമർത്തി. 89ൽ സൂ ചി വീട്ടു തടങ്കലിലായി. 1990ൽ പട്ടാളത്തിന്റെ അനുമതിയോടെ നടത്തിയ തിരഞ്ഞെടുപ്പിൽ സൂ ചിയുടെ പാർട്ടി വൻ ഭൂരിപക്ഷം നേടിയെങ്കിലും ജനവിധി മാനിക്കാൻ പട്ടാളം തയാറായില്ല. 2010ൽ സൂ ചി വീട്ടുതടങ്കലിൽ നിന്നു മോചിപ്പിക്കപ്പെട്ടു. 2015ൽ ജനാധിപത്യരീതിയിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ സൂ ചിയുടെ പാർട്ടി അധികാരത്തിലെത്തി. തുടർന്ന് 2020 നവംബർ 8ന് നടന്ന തിരഞ്ഞെടുപ്പിൽ വീണ്ടും ജയം. രോഹിൻഗ്യൻ പ്രശ്നം തന്നെയായിരിക്കും സൂചിയുടെ ഈ രണ്ടാം ഭരണകാലത്തിലും ലോകം ഉറ്റുനോക്കുക.

പഠനം മാറ്റിവയ്ക്കേണ്ട, ക്ലാസ് റൂം വീട്ടിൽത്തന്നെ. മനോരമ തൊഴിൽ വീഥിയിലൂടെ പരീക്ഷാ പരിശീനത്തിനു ഇവിടെ ക്ലിക്ക് ചെയ്യുക

English Summary : Golantharam : Aung San Suu Kyi party wins enough seats to form Myanmar's next government

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA