ദാരിദ്ര്യവും സംസാര വൈകല്യവും മറികടന്ന് ബൈഡൻ പ്രസിഡൻറാകുമ്പോൾ

HIGHLIGHTS
  • ചാരത്തിൽ നിന്ന് എന്നുമൊരു ഫീനിക്സ് പക്ഷിയേപ്പോലെ ഉയർത്തെഴുന്നേറ്റ വിസ്മയ ജീവിതം
  • ഡെലവയറിൽ നിന്ന് അമേരിക്കൻ സെനറ്റിലേക്ക് മൽസരിച്ചു ജയിച്ചപ്പോൾ ബൈഡന് പ്രായം 29.
golantharam-column-us-president-elect-joe-biden
Joe Biden. Photo Credit : Jim Watson / AFP Photo
SHARE

കുടുംബത്തിലെ സാമ്പത്തികപ്രയാസങ്ങൾ വേട്ടയാടിയ കുട്ടിക്കാലം. സഹപാഠികളുടെ കളിയാക്കലിനും പിന്നീടു പ്രതിയോഗി ഡോണൾഡ് ട്രംപിന്റെ ‘ഉറക്കംതൂങ്ങി’ പരാമർശത്തിനും കാരണമായിത്തീർന്ന വിക്ക്. വ്യക്തിജീവിതത്തിൽ വലിയ ആഘാതമേൽപ്പിച്ച, ആദ്യ ഭാര്യയുടെയും രണ്ട് മക്കളുടെയും അകാലമരണങ്ങൾ. ചുട്ടുപഴുത്ത അനുഭവങ്ങളുടെ ചൂളയിൽ നിന്നാണു ജോ ബൈഡൻ എന്ന നിയുക്ത അമേരിക്കൻ പ്രസിഡന്റിന്റെ ജീവിതം രൂപമെടുത്തിട്ടുള്ളത്. തിക്താനുഭവങ്ങളുടെ, പരാജയങ്ങളുടെ ചാരത്തിൽ നിന്ന് എന്നുമൊരു ഫീനിക്സ് പക്ഷിയേപ്പോലെ ഉയർത്തെഴുന്നേറ്റ വിസ്മയ ജീവിതം.

പരിചയസമ്പത്ത്

ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേൽക്കാനിരിക്കുന്ന ജോ ബൈഡൻ അമേരിക്കൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞയാളുകളിലൊരാളുമാണ്. 2020 നവംബർ 20ന് 78 വയസ്സാകുന്ന ജോസഫ് റോബിനെറ്റ് ബൈഡൻ ജൂനിയറിന് സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോൾ പ്രായം വെറും 29. ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെയാൾ. അമേരിക്കൻ രാഷ്ട്രീയ, ഭരണ, നിയമനിർമാണ രംഗത്തെ പകരം വയ്ക്കാനില്ലാത്ത പരിചയസമ്പത്തുമായാണു ബൈഡൻ 2021 ജനുവരി 20ന് പ്രസിഡന്റ് പദവിയിൽ അവരോധിതനാകുന്നതെന്നു ചുരുക്കം.

golantharam-column-us-president-elect-joe-biden-with-mask
Joe Biden. Photo Credit: Kevin Lamarque / Reuters

അതിജീവനം

270 ഇലക്ടറൽ കോളജ് വോട്ടുകളെന്ന മാന്ത്രിക സംഖ്യ മറികടക്കാൻ സഹായിച്ച പെൻസിൽവേനിയ സംസ്ഥാനത്തെ സ്ക്രാൻടൻ നഗരത്തിൽ 1942 നവംബർ 20നാണു ബൈഡന്റെ ജനനം. പിതാവ് ജോസഫ് ബൈഡൻ സീനിയർ ഒരു യൂസ്ഡ് കാർ വിൽപനക്കാരനായിരുന്നു. അമ്മ കാതറിൻ യുജീനിയ ഫിന്നഗൻ. ബൈഡന് ഒരു സഹോദരിയും രണ്ട് സഹോദരൻമാരും. ബൈഡൻ സീനിയർ മകനോട് ഇങ്ങനെ പറയുമായിരുന്നു: ‘‘എത്ര തവണ വീണു പോയി എന്നതിലല്ല കാര്യം, എത്ര വേഗം നീ എഴുന്നേൽക്കുന്നുവെന്നതിലാണ്’’. ജീവിതത്തിൽ സ്ഥൈര്യവും ആത്മവിശ്വാസവും കഠിനാധ്വാനം ചെയ്യാനുള്ള താൽപര്യവുമെല്ലാം ജനിപ്പിച്ചതു തന്റെ മാതാപിതാക്കളാണെന്നു ബൈഡൻ എപ്പോഴും പറയും. സ്കൂളിൽ പഠിക്കുമ്പോൾ വിക്കിന്റെ പേരിൽ സഹപാഠികൾ ബൈഡനെ കളിയാക്കുമായിരുന്നു. നീണ്ട ഉപന്യാസങ്ങളും കവിതകളും കാണാപ്പാഠം പഠിച്ചു കണ്ണാടിക്കു മുൻപിൽ നിന്ന് ഉറക്കെ ചൊല്ലിയായിരുന്നു സംസാര വൈകല്യത്തെ കുഞ്ഞു ബൈഡൻ മറികടന്നത്. അന്നേ പോരാളി. സ്കൂൾ ഫീസിനുള്ള പണം കണ്ടെത്താൻ സ്കൂൾ ജനാല തുടയ്ക്കുകയും പൂന്തോട്ടത്തിലെ കള പറിക്കുകയും ചെയ്തിരുന്നു ബൈഡൻ.

വിദ്യാഭ്യാസം

ഡെലവെയർ സർവകലാശാലയിൽ നിന്ന് 1965ൽ ഹിസ്റ്ററിയിലും പൊളിറ്റിക്കൽ സയൻസിലും ബൈഡൻ ബിരുദമെടുത്തു. ആദ്യ ജീവിത പങ്കാളി നെലിയ ഹണ്ടറെ ബൈഡൻ പരിചയപ്പെടുന്നത് ഇവിടെ വച്ചാണ്. 1966ൽ വിവാഹം. 1961ൽ ജോൺ എഫ്. കെന്നഡി പ്രസിഡന്റായതിനെത്തുടർന്ന് അമേരിക്കൻ സമൂഹജീവിതത്തിലുണ്ടായ ചടുല മാറ്റങ്ങളാണു ബൈഡനെ പതിയെ രാഷ്ട്രീയത്തിലേക്കു വലിച്ചടുപ്പിച്ചത്. 1968ൽ സിറക്യൂസ് സർവകലാശാലയിൽ നിന്നു നിയമത്തിൽ ബിരുദമെടുത്തു. ഡെലവയറിലെ ഒരു നിയമസ്ഥാപനത്തിൽ പ്രാക്ടീസ് ആരംഭിച്ച ബൈഡൻ കുറച്ചുകാലം അറ്റോണിയായി പ്രവർത്തിക്കുകയും പിന്നീടു ഡമോക്രാറ്റിക് പാർട്ടി അംഗമാകുകയും രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുകയുമായിരുന്നു. 1970ൽ ന്യൂ കാസിൽ കൗണ്ടിയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1972ൽ ഡമോക്രാറ്റിക് ടിക്കറ്റിൽ ഡെലവയറിൽ നിന്ന് അമേരിക്കൻ സെനറ്റിലേക്ക് മൽസരിച്ചു ജയിച്ചപ്പോൾ ബൈഡന് പ്രായം വെറും 29.

golantharam-column-us-president-elect-joe-biden-campaign-photo
Joe Biden. Photo Credit: Chandan Khanna / AFP Photo

ആഘാതം

സ്വപ്നതുല്യമായ നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴാണു വ്യക്തിജീവിതത്തിൽ വലിയ ആഘാതം സൃഷ്ടിച്ച ദുരന്തമുണ്ടാകുന്നത്. ഭാര്യ നെലിയയും മകൾ നവ്മിയും 1972ൽ കാർ അപകടത്തിൽ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് ആൺമക്കൾക്കും ഗുരുതര പരുക്കേറ്റു. മക്കളെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രി മുറിയിൽ വച്ചാണ് അമേരിക്കൻ സെനറ്റ് അംഗമായി ബൈഡൻ സത്യപ്രതിജ്ഞ ചെയ്തത്. അമ്മ നഷ്ടപ്പെട്ട മക്കളുടെയൊപ്പമുണ്ടാകാനായി ബൈഡൻ വാഷിങ്ടണിൽ താമസിച്ചില്ല. പകരം ദിവസവും ഡെലവയറിൽ നിന്ന് വാഷിങ്ടണിലേക്കും തിരികെയും സഞ്ചരിച്ചു. 1977ൽ കോളജ് അധ്യാപിക ജിൽ ട്രേസി ജേക്കബ്സിനെ അദ്ദേഹം വിവാഹം ചെയ്തു. 2015 മേയ് 30ന് മകൻ ബോ ബൈഡൻ ബ്രെയിൻ കാൻസർ ബാധിച്ച് മരിച്ചത് ബൈഡനെ വീണ്ടും തളർത്തി. ആദ്യ ഭാര്യയിലെ റോബർട്ട് ഹണ്ടർ ബൈഡൻ, രണ്ടാം ഭാര്യയിലെ ആഷ്‌ലി ബ്ലേസർ ബൈഡൻ എന്നിവരാണു ബൈഡന്റെ മറ്റു മക്കൾ.

വൈസ് പ്രസിഡന്റ്

1972 മുതൽ 2009 വരെ ആറു തവണയായി നീണ്ടു നിന്ന ദീർഘമായ സെനറ്റ് കരിയറിൽ വിദേശകാര്യവിദഗ്ധനായി ബൈഡൻ പേരെടുത്തു. 2008ൽ ബറാക് ഒബാമ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കു വിജയിച്ചപ്പോൾ വൈസ് പ്രസിഡന്റായത് ജോ ബൈഡനായിരുന്നു. ഇതിനു മുൻപേ 1987ലും 2007ലും പ്രസിഡന്റ് സ്ഥാനത്തേക്ക് ഡമോക്രാറ്റിക് പാർട്ടി ടിക്കറ്റിനായി ബൈഡൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2012ൽ ഒബാമ രണ്ടാമതും പ്രസിഡന്റായപ്പോൾ ബൈഡൻ വീണ്ടും വൈസ് പ്രസിഡന്റ്. 2017 ജനുവരി 12ന് അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ഒബാമ ബൈഡന് സമ്മാനിച്ചു.

ഇന്ത്യൻ ബന്ധം

ഈസ്റ്റ് ഇന്ത്യ കമ്പനി ക്യാപ്റ്റനും 19 വർഷം മദ്രാസിന്റെ മാസ്റ്റർ അറ്റൻഡന്റുമായിരുന്ന ക്രിസ്റ്റഫർ ബൈഡൻ നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അഞ്ചാം തലമുറ മുത്തച്ഛനാണെന്നാണു ചരിത്രകാരൻമാർ പറയുന്നത്. ചെന്നൈ തുറമുഖത്തെത്തുന്ന കപ്പലുകളുടെ മേൽനോട്ട ചുമതലുണ്ടായിരുന്ന ക്രിസ്റ്റഫർ ബൈഡൻ 68–ാം വയസ്സിൽ 1858 ഫെബ്രുവരി 25ന് ചെന്നൈയിലാണു മരിക്കുന്നത്. അദ്ദേഹത്തെ അടക്കിയ സെന്റ് ജോർജ് കത്തീഡ്രലിൽ ആ േപരു കൊത്തിയ ശിലാഫലകം ഇന്നുമുണ്ട്. തന്റെ പൂർവികർ ഈസ്റ്റ് ഇന്ത്യ കമ്പനി വഴി ഇന്ത്യയിലെത്തിയിട്ടുണ്ടാകാമെന്നു ജോ ബൈഡനും മുൻപ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇംഗ്ലിഷ്, ഐറിഷ്, ഫ്രഞ്ച് വംശാവലിയാണു ബൈഡൻ കുടുംബചരിത്രത്തിലുള്ളത്.


പഠനം മാറ്റിവയ്ക്കേണ്ട, ക്ലാസ് റൂം വീട്ടിൽത്തന്നെ. മനോരമ തൊഴിൽ വീഥിയിലൂടെ പരീക്ഷാ പരിശീനത്തിനു ഇവിടെ ക്ലിക്ക് ചെയ്യുക

English Summary : Golantharam : Who is Joe Biden? The life and career of the president-elect who dared to take on Donald Trump

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA