ADVERTISEMENT

ടെൻത് ലെവൽ പരീക്ഷ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. കുറഞ്ഞ സമയം എങ്ങനെ  ഫലപ്രദമായ വിനിയോഗിക്കാമെന്നു വിശദീകരിക്കുന്നു, പ്രശസ്ത പരിശീലക സജി രമേഷ്  

 

കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ കാത്തിരുന്ന ടെൻത് ലെവൽ പ്രാഥമിക പൊതുപരീക്ഷ ഇങ്ങടുത്തെത്തിയിരിക്കുന്നു. ഫെബ്രുവരി 20, 25, മാർച്ച് 6, 13 തീയതികളിലായി 4 ഘട്ടമായാണു പരീക്ഷ. എൽഡി ക്ലാർക്ക്, സിവിൽ സപ്ലൈസ് അസിസ്റ്റന്റ് സെയിൽസ്മാൻ, ലാസ്റ്റ് ഗ്രേഡ് സർവന്റ്, സെക്രട്ടേറിയറ്റ് അറ്റൻഡന്റ് തുടങ്ങി ഒരു പിടി നല്ല ഉദ്യോഗങ്ങളിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് ഈ പ്രാഥമിക പരീക്ഷ. ഇതു കടന്നാൽ കാത്തിരിക്കുന്നത്  വലിയ സാധ്യതകളാണ്. ഇനി മുതൽ ഈ പരീക്ഷ വിജയിച്ചാൽ മാത്രമേ അവ എത്തിപ്പിടിക്കാൻ സാധിക്കൂ എന്നും ഓർക്കുക. ഇതുവരെ പഠിത്തം സജീവമാക്കാത്തവർക്കും വരുംദിവസങ്ങൾ ഫലപ്രദമായി വിനിയോഗിച്ചാൽ പ്രാഥമിക കടമ്പ കടക്കാവുന്നതേയുള്ളൂ. 

 

നെഗറ്റീവ് ശ്രദ്ധിക്കണം, പോസിറ്റീവ് ആകാൻ 

ഇനിയുള്ള കുറഞ്ഞ ദിവസത്തിനകം എന്തൊക്കെ, എങ്ങനെയൊക്കെ പഠിക്കണം എന്നൊരു അങ്കലാപ്പ് എല്ലാവരുടെയും ഉള്ളിൽ ഉയർന്നേക്കാം. പ്രാഥമിക പരീക്ഷാരീതി ആദ്യമായതിനാൽ അതെങ്ങനെയാകുമെന്ന ആശങ്കയും ഉള്ളിലുയരുന്നുണ്ടാവും. ചിട്ടയായ പഠനവും ചോരാത്ത ആത്മവിശ്വാസവുമുണ്ടെങ്കിൽ വിജയം ഒപ്പം നിർത്താം. നെഗറ്റീവ് മാർക്ക് ഉള്ളതിനാൽ പ്രധാന പരീക്ഷയുടെ തന്നെ ജാഗ്രത ഇതിനും വേണം.

 

സിലബസിൽ ഊന്നിനിന്ന് കൃത്യമായ റിവിഷനുള്ള സമയമാണ് ഇനി വരുന്ന ദിവസങ്ങൾ. ലോക്ഡൗൺ കാലത്തു വീട്ടിലിരുന്നു നന്നായി പഠിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. പൊതുവിജ്ഞാനവും ശാസ്ത്രവും ഗണിതവും മാത്രമാണു വിഷയങ്ങൾ. ഇംഗ്ലിഷും മലയാളവും പ്രാഥമിക തലത്തിൽ ഇല്ലാത്തതിനാൽ ആ വഴിക്ക് ഇപ്പോൾ ചിന്തിക്കേണ്ട. സയൻസിനും ഗണിതത്തിനും നല്ല പ്രാധാന്യം നൽകുക. കറന്റ് അഫയേഴ്സിലടക്കം അൽപസ്വൽപം സിലബസിന്റെ അതിരു വിട്ടുപോകുന്നതിൽ തെറ്റില്ല. എന്നുവച്ച്, വലിയ വിശാലമായ പഠനത്തിന്റെ ആവശ്യവുമില്ല. 

 

കണക്കിലെടുക്കുക, കണക്കിലാണു കാര്യം 

കണക്കെന്നു കേൾക്കുമ്പോൾ പേടിയുള്ളവർക്കും ആശ്വാസം നൽകുന്നതാണു ടെൻത് ലെവൽ സിലബസ്. ലഘുഗണിതവും മാനസിക ശേഷി പരിശോധ‌യുമാണു സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സംഖ്യകളും അടിസ്ഥാനക്രിയകളും നല്ലപോലെ പരിശീലിക്കണം. വായിച്ചു പഠിച്ചാൽ പോരാ, നന്നായി ചെയ്തുതന്നെ പഠിക്കുക. വിജയസാധ്യത നിർണയിക്കുന്നതിൽ കണക്കിന്റെ പ്രാധാന്യം എപ്പോഴും മനസ്സിലുണ്ടാവുക. മാനസികശേഷി വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ശ്രേണികൾ, തരംതിരിക്കൽ, ഒറ്റയാനെ കണ്ടെത്തൽ എന്നിവയെല്ലാം പഠിക്കാൻ മുൻകാല ചോദ്യ പേപ്പറുകൾ പ്രയോജനപ്പെടുത്തുക. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ശരിയുത്തരം കണ്ടെത്തുന്ന പരിശീലനം ഗുണം ചെയ്യും. 

 

പരമപ്രധാനം, പൊതുവിജ്ഞാനം

പൊതുവിജ്ഞാനത്തിൽ വളരെ വിശദമായ സിലബസ് തന്നെ പിഎസ്‍സി മുന്നോട്ടുവയ്ക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരം, ഭരണഘടന, കേരള നവോത്ഥാനം എന്നിവയിൽ കൂടുതൽ ശ്രദ്ധയർപ്പിച്ചുള്ള പഠനം ആവശ്യമാണ്. വാരിവലിച്ചു പഠിക്കാതെ എല്ലാ ഭാഗങ്ങളിലെയും അടിസ്ഥാനവിവരങ്ങളും മുൻ വർഷ ചോദ്യങ്ങളും പഠിച്ചെടുക്കാനുള്ള സമയമാണ് ഇനി. 

 

കറന്റ് അഫയേഴ്സ് മാർക്ക് നഷ്ടപ്പെടാതിരിക്കാൻ 2020 ലെ പ്രധാനപ്പെട്ട സംഭവങ്ങൾ പഠനവിഷയമാക്കുക. കോവിഡിന് അതിൽ സുപ്രധാന സ്ഥാനം നൽകണം. 2019 ലെ പ്രധാന അവാർഡുകൾ, വ്യക്തികൾ, നേട്ടങ്ങൾ ഇവയും ഓർത്തുവയ്ക്കണം. പത്രപാരായണം ശിലമുള്ളവർക്ക് ഈ വിഭാഗം എളുപ്പമാകും. ഇന്ത്യയിലും കേരളത്തിലും രാഷ്ട്രീയ–സാംസ്കാരിക–കായിക മേഖലകളിലുണ്ടായ പ്രധാന സംഭവങ്ങൾ കൃത്യമായി പിന്തുടരുക. ഒളിംപിക്സ് ഉൾപ്പെടെ പ്രധാനപ്പെട്ട പല തും കോവിഡ് മൂലം 2020 ൽ നടന്നില്ല. അവ ഏതെല്ലാമാണെന്നുകൂടി പഠനത്തിൽ ഉൾപ്പെടുത്തണം. 

 

കഴിഞ്ഞ വർഷങ്ങളിൽ പ്രസിദ്ധീകരിച്ച പ്രധാന പുസ്തകങ്ങളും അവയുടെ എഴുത്തുകാരെയും അറിഞ്ഞിരിക്കുക. സിലബസിൽ മലയാളം ഇല്ലെങ്കിലും മലയാള സാഹിത്യ പുരസ്കാരങ്ങൾ പൊതുവിജ്ഞാനത്തിന്റെ കീഴിൽ ചോദ്യമായി വരാം. 

 

തോൽക്കരുത്, ശാസ്ത്രത്തോട് 

കഴിഞ്ഞ എൽഡിസി പരീക്ഷയ്ക്കു പൊതുവിജ്ഞാനത്തിൽ ഏറ്റവുമധികം ചോദ്യങ്ങളുണ്ടായത് സയൻസിൽനിന്നാണ്. ശരാശരി വിദ്യാർഥി ഏറ്റവും കൂടുതൽ പ്രയാസമാണെന്നു പറയുന്നതും സയൻസാണ്. സ്കൂൾ പാഠപുസ്തകങ്ങളാണ് സയൻസ് പഠിക്കാൻ ഏറ്റവും കൂടുതൽ യോജ്യം. 5 മുതൽ 10 വരെയുള്ള കേരള സിലബസിലുള്ള സയൻസ് പാഠപുസ്തകങ്ങൾ നന്നായി വായിക്കുക. ഭൂമിശാസ്ത്രത്തിൽനിന്നു മാർക്ക് കിട്ടാനുള്ള എളുപ്പവഴിയും പാഠപുസ്തകം തന്നെ. 

സിലബസിൽ എടുത്തുപറഞ്ഞിട്ടുള്ള, ‘കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ’ എന്ന ഭാഗത്തുനിന്നു റാങ്ക് നിർണയിക്കുന്ന ചോദ്യങ്ങൾ പ്രതീക്ഷിക്കാം. കോവിഡ് കാലത്തു സർക്കാർ നടപ്പാക്കിയ ഒരു പിടി ക്ഷേമപ്രവർത്തനങ്ങൾ കുറിച്ചെടുത്തു പഠിക്കുക. ‘പരിസ്ഥിയും പരിസ്ഥിതി പ്രശ്നങ്ങളും’ എന്ന ഭാഗങ്ങളും ശ്രദ്ധിക്കുക. 

 

(പാലക്കാട് ദേവിക പ്ലസ് പോയിന്റിലെ പരിശീലകയാണു സജി രമേഷ്)

 

ഇനിയുള്ള നാളുകളിൽ... 

∙നാലു ഘട്ടമായാണു പരീക്ഷ എന്നു കരുതി പഠനം നീട്ടരുത്. സ്വന്തം പരീക്ഷ ഫെബ്രുവരി 20 നു തന്നെയാണെന്ന ധാരണയിൽ വേണം പഠിക്കാൻ. 

∙തൊഴിൽ വീഥിയിൽ വരുന്ന മാതൃകാ പരീക്ഷകൾ സമയനിഷ്ഠയോടെ എഴുതി ശീലിക്കുക. ക്വസ്റ്റ്യൻ ബാങ്കുകളും മറ്റു ചോദ്യഭാഗങ്ങളും ആവർത്തിച്ചു പഠിക്കുക. 

∙നെഗറ്റീവ് മാർക്ക് കുറയ്ക്കുന്നതിൽ ഊന്നി പരിശീലിക്കുക. 

∙ഗ്രൂപ്പുകൾ രൂപീകരിച്ചും അതുവഴി ചർച്ച ചെയ്തും പഠനം ഫലപ്രദമാണെന്നുള്ളവർക്ക് ആ രീതി സജീവമാക്കാം. 

∙ഗണിതത്തിൽ പിന്നാക്കം നിൽക്കുന്നവർ കണക്കു എഴുതിയെഴുതി പഠിക്കുക. 

∙ഇഷ്ടവിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ എല്ലാ വിഷയങ്ങളും പഠിച്ചാലേ മികച്ച റാങ്ക് നേടാനാകൂ എന്നോർക്കുക. 

∙പരീക്ഷയെക്കുറിച്ചോ റാങ്കിനെക്കുറിച്ചോ ആശങ്കപ്പെട്ട് സമയം നഷ്ടപ്പെടുത്താതിരിക്കുക. 

English Summary: Kerala PSC Exam Prepartion Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com