ADVERTISEMENT

പിഎസ്‌സി പരീക്ഷകളിൽ ചോദിക്കാൻ സാധ്യതയുള്ള പാലങ്ങളെക്കുറിച്ച് അടുത്തറിയാം, മികച്ച മാർക്ക് നേടാം

1. വൈപ്പിൻകരയെ എറണാകുളം നഗരവുമായി ബന്ധിപ്പിക്കുന്ന ഈ 3 പാലങ്ങൾ ഉദ്ഘാടനം ചെയ്തത് 2004 ൽ അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണിയാണ്‌. ഏതു പേരിലാണ് ഈ പാലങ്ങൾ അറിയപ്പെടുന്നത്?

2. ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിതിനു കുറുകെ നിർമിച്ചിരിക്കുന്ന ഈ പാലമാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം. ഏതു പാലം? 

3. ‘ദ് കോട്ട് ഹാങ്ങർ’ (The Coat Hanger) എന്നു വിശേഷണമുള്ള ഈ പാലത്തിനു പേരിട്ടത് ഒരു ബ്രിട്ടിഷ് പ്രഭുവിന്റെ പേരിലാണ്. പാലം സ്ഥിതിചെയ്യുന്ന നഗരത്തിനും പേര് ഇതുതന്നെ. ഏതു പാലം?

4. കേരളത്തിലെ ഏറ്റവും വലിയ റഗുലേറ്റർ–കം–ബ്രിഡ്ജ് ആയി കണക്കാക്കപ്പെടുന്ന ഈ പാലം പൊന്നാനി, തിരൂർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു. ഏതു പാലം?

5. 1997 ൽ അന്നത്തെ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയാണ്‌ ഈ പാലത്തിനു തറക്കല്ലിട്ടത്. 21 വർഷങ്ങൾക്കു ശേഷം 2018 ൽ നിർമാണം പൂർത്തിയായ ഈ പാലമാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ-റോഡ് പാലം. ഏതു പാലം? 

6.രണ്ട് അയൽരാജ്യങ്ങളുടെ അതിർത്തിയിലെ ഡീമാർക്കേഷൻ ലൈനിലൂടെ കടന്നുപോകുന്ന ഈ പാലത്തിന്റെ പേര് ബ്രിഡ്ജ് ഓഫ് നോ റിട്ടേൺ എന്നാണ്. 1953 ൽ ഈ രാജ്യങ്ങൾ തമ്മിൽ നടന്ന യുദ്ധത്തിൽ തടവുപുള്ളികളെ കൈമാറാനാണ് ഈ പാലം ഉപയോഗിച്ചിരുന്നത്. ഏതാണ് ഈ രാജ്യങ്ങൾ?

7. തമിഴ്നാട്ടിലെ ചെങ്കോട്ടയെയും കൊല്ലം ജില്ലയെയും ബന്ധിപ്പിക്കുന്ന ഈ പാലം തെക്കേ ഇന്ത്യയിലെ ആദ്യത്തെ തൂക്കുപാലമാണ്. ഏതാണീ പാലം?

8. നൂറു വർഷത്തോളം പഴക്കമുള്ള ഇതാണ് ഇന്ത്യയിലെ ആദ്യത്തെ കടൽപ്പാലമായി കണക്കാക്കുന്നത്. തമിഴ്നാട്ടിലെ രാമനാഥപുരത്തിന്റെ ഭാഗമായ ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന ഈ പാലത്തിന്, ദ്വീപിന്റെ പേരു തന്നെയാണ്. ഏതു പാലം?

9. തെംസ് നദിക്കു കുറുകെയുള്ള ഈ പാലം പരക്കെ അറിയപ്പെടുന്നത് ലണ്ടൻ ബ്രിഡ്ജ് എന്നാണ്. പ്രശസ്തമായ ഒരു നഴ്സറി ഗാനത്തിലും ഈ പേരു പരാമർശിക്കുന്നുണ്ട്. ടവർ ഓഫ് ലണ്ടൻ എന്ന പ്രശസ്ത കൊട്ടാരത്തിനടുത്തു സ്ഥിതിചെയ്യുന്ന ഈ പാലത്തിന്റെ യഥാർഥ പേരെന്ത്?

10. രണ്ടാം ലോകമഹായുദ്ധകാലത്തു ജപ്പാൻ കീഴടക്കിയ ഈ രാജ്യം സിയാം എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവിടെനിന്നു ബർമയിലേക്കു പോകാൻ യുദ്ധത്തടവുകാരെ ഉപയോഗിച്ചു ജപ്പാൻ റെയിൽവേ പാലം നിർമിച്ചു. നിർമാണഘട്ടത്തിൽ ആയിരക്കണക്കിനു തൊഴിലാളികൾ മരണപ്പെട്ടതിനാൽ ഡെത്ത് റെയിൽവേ (Death Railway) എന്നറിയപ്പെട്ടിരുന്ന ഈ പാലത്തിന്റെ ഇപ്പോഴത്തെ പേരെന്ത്?

11. കൊൽക്കത്തയിലെ പ്രധാന ചരിത്രസ്മാരകങ്ങളിൽ ഒന്നായ ഈ പാലം ഒരു പ്രശസ്ത സാഹിത്യകാരന്റെ പേരിലും അറിയപ്പെടുന്നു. ഹൂഗ്ലി നദിക്കു കുറുകെയുള്ള ഈ പാലം ഏത്?

12. രണ്ടു പർവതങ്ങളെ ബന്ധിപ്പിക്കുന്ന, കാൽനടയായി കടന്നുപോകാവുന്ന ലോകത്തെ ആദ്യ പാലമാണു പീക്ക് വോക് (Peak Walk). ഈ പാലം ഏതു രാജ്യത്താണ്?

13. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം കേരളത്തിലാണ്. ഏതാണ് ഈ പാലം?

14. മഹാരാഷ്ട്രയിലെ രണ്ടു പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാലമാണു രാജ്യത്തെ ആദ്യ എട്ടുവരി കടൽപ്പാലം. തിരിച്ചറിയുക. 

15. ജോൺ അഗസ്റ്റസ് റോബ്ലിങ് എന്ന വ്യക്തിയാണ് ഈ പാലത്തിന്റെ നിർമാണം ആരംഭിച്ചത്. അദ്ദേഹത്തിനു സംഭവിച്ച ഒരു അപകടത്തിനുശേഷം മകൻ വാഷിങ്ടൺ റോബ്ലിങ് നിർമാണം തുടർന്നു. എന്നാൽ, വാഷിങ്ടണിന്റെ ഭാര്യ എമിലി വാരൺ റോബ്ലിങ്ങിന്റെ നേതൃത്വത്തിലാണു പണി പൂർത്തിയായത്. അമേരിക്കയുടെ നാഷൽ ഹിസ്റ്റോറിക് ലാൻഡ്മാർക്ക് എന്ന പദവിയുള്ള ഈ പാലം ഏത്?

ഉത്തരങ്ങൾ:

1. ഗോശ്രീ പാലങ്ങൾ

2. ഭൂപേൻ ഹസാരിക പാലം

3. സിഡ്നി ഹാർബർ പാലം

4. ചമ്രവട്ടം പാലം

5. ബോഗിബീൽ പാലം

6. ഉത്തര കൊറിയ, ദക്ഷിണ കൊറിയ

7. പുനലൂർ തൂക്കുപാലം

8. പാമ്പൻ പാലം

9. ടവർ ബ്രിജ്

10. ബർമ െറയിൽവെ

11. ഹൗറ പാലം

12. സ്വിറ്റ്സർലൻഡ്

13. വേമ്പനാട് പാലം

14. ബാന്ദ്ര– വർളി സീ ലിങ്ക്

15. ബ്രൂക്‌ലിൻ പാലം (Brooklyn Bridge)

കൂടുതൽ അറിയാം

2. അസമിലെ സദിയ–ധോള പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന് 9.15 കിലോമീറ്ററാണു നീളം. പ്രസിദ്ധ ഗായകനും ഭാരതരത്ന ജേതാവുമായ ഭൂപേൻ ഹസാരികയുടെ ജന്മസ്ഥലമാണു സദിയ.

3. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തിന്റെ തലസ്ഥാനമാണു സിഡ്നി. ലോർഡ് സിഡ്നിയുടെ സ്മരണാർഥമാണു നഗരത്തിനും പാലത്തിലും പേരു ലഭിച്ചത്. 

10. ഈ സംഭവത്തെ ആസ്പദമാക്കി Pierre Boulle എഴുതിയ നോവലാണ് 1952 ൽ പുറത്തിറങ്ങിയ ‘ബ്രിജ് ഓവർ ദ് റിവർ ക്വായ്’. ഈ നോവലിനെ അടിസ്ഥാനമാക്കി ‘ബ്രിജ് ഓൺ ദ് റിവർ ക്വായ്’ എന്ന പേരിൽ ഡേവിഡ് ലീൻ 1957 ൽ സിനിമ സംവിധാനം ചെയ്തു. മികച്ച നടനും മികച്ച സിനിമയ്ക്കുമുള്ള ഓസ്കർ ഈ ചിത്രത്തിനു ലഭിച്ചു. 

12. പോയിന്റ് പീക്ക് (Point Peak), Scex Rouge എന്നീ പർവതങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാലത്തിനു 107 മീറ്ററാണു നീളം.

13. എറണാകുളത്തു സ്ഥിതിചെയ്യുന്ന ഈ പാലം വല്ലാർപാടം ദ്വീപിനെയും ഇടപ്പള്ളിയെയും ബന്ധിപ്പിക്കുന്നു. 

English Summary : Q Positive - PSC Questions based on famous bridges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com