പിഎസ്‍സി പ്രിലിമിനറി: കടുപ്പമല്ല; കട്ട് ഓഫ് മാർക്ക് എത്ര ?

HIGHLIGHTS
  • പ്രിലിമിനറി പരീക്ഷയിൽ കട്ട് ഓഫ് മാർക്ക് നേടുന്നവർക്കായിരിക്കും മെയിൻ എക്സാം
10th-preliminary-exam
Photo Credit : Kumar Jatinder/ Shutterstock.com
SHARE

എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയിലേക്കുള്ള പിഎസ്‌സി ടെൻത് ലെവൽ പ്രിലിമിനറി പരീക്ഷയുടെ ആദ്യഘട്ടം പൂർത്തിയായി. പൊതുവേ പരീക്ഷ കടുപ്പമായിരുന്നു എന്ന അഭിപ്രായക്കാരാണു കൂടുതലും. ഇതുവരെ കാണാത്ത 15 ചോദ്യങ്ങളെങ്കിലും വന്നിട്ടുണ്ട്. ആശയക്കുഴപ്പമുണ്ടാക്കിയ ചില ചോദ്യങ്ങളുമുണ്ട്.

എങ്കിലും മുൻകാല പിഎസ്‍സി പരീക്ഷകളിൽനിന്നു വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. മുൻ ചോദ്യക്കടലാസുകളും സ്കൂൾ പാഠപുസ്തകങ്ങളും കൃത്യമായി ഉപയോഗിച്ച്, സിലബസിനു പ്രാധാന്യം നൽകി, പഠിച്ച ഒരാൾക്ക് 60 മാർക്ക് നേടാൻ ഒരു പ്രയാസവുമില്ല.

ആനുകാലിക വിജ്ഞാനം (കറന്റ് അഫയേഴ്സ്) അൽപം കടുപ്പം തന്നെയായിരുന്നു. ഓപ്ഷനുകളിൽനിന്ന് ഒരു സൂചനയും ലഭിക്കാത്ത അവസ്ഥയുണ്ടായിരുന്നു. എങ്കിലും പത്രം കൃത്യമായി വായിച്ചു കുറിപ്പുകൾ തയാറാക്കി റിവിഷൻ ചെയ്തവർക്ക് അധികം പ്രയാസമുണ്ടായിട്ടില്ല.

പിഎസ്‍‍സി എല്ലാതവണയും ചെയ്യാറുള്ള കുറുക്കുവഴികളൊക്കെ ഇക്കുറിയും ചെയ്തിട്ടുണ്ട്. ലളിതമായ ചോദ്യങ്ങൾ പോലും വളച്ചുകെട്ടി ചോദിച്ചിട്ടുണ്ട്. ‘യൂറോപ്പിൽനിന്ന് ഇന്ത്യയിലേക്കു നാവിക മാർഗമുള്ള വഴി കണ്ടെത്താനായി ആദ്യമായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ’ എന്ന ചോദ്യമൊക്കെ അതിന് ഉദാഹരണമാണ്. ‘വാസ്കോഡ ഗാമ’ എന്ന് ഉത്തരമറിയുന്നവർ പോലും ഒന്നു ശങ്കിച്ചിട്ടുണ്ടാകും.

സാമാന്യബുദ്ധി മാത്രം പ്രയോഗിച്ചാൽ ഉത്തരം എഴുതാൻ കഴിയുന്ന 4 ചോദ്യങ്ങളെങ്കിലുമുണ്ടായിരുന്നു. ‘സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളെ നിയമിക്കുന്നത് ആര്?’ എന്ന ചോദ്യത്തിന് ഗവർണർ എന്ന് ഉത്തരമെഴുതിയവർക്ക് ‘സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അംഗങ്ങളെ ശുപാർശ ചെയ്യുന്നത് ആര്?’ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി എന്നെഴുതാൻ ഒരു ബുദ്ധിമുട്ടുമില്ല. സയൻസ് ചോദ്യങ്ങളേറെയും വന്നത് സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്നാണ്.

രാജ്യാന്തര യോഗദിന വേദി, ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി, തിരുവനന്തപുരം അനന്തപത്മനാഭ ക്ഷേത്രാവകാശ വിധി, എയിൽ നിന്നു ബിയിലേക്കും തിരിച്ചും സഞ്ചരിച്ചാൽ അവ തമ്മിലുള്ള ദൂരം, ഇക്വലന്റുമായി ബന്ധമില്ലാത്ത വാക്ക് തുടങ്ങിയ ചോദ്യങ്ങൾ കൃത്യമായ ഉത്തരമില്ലാത്തതിനാൽ ഒഴിവാക്കപ്പെട്ടേക്കാം.

കണക്ക് താരതമ്യേന എളുപ്പമായിരുന്നു. ടൈം മാനേജ്മെന്റ് പരിശോധിക്കാനുള്ള ചില ചോദ്യങ്ങളുണ്ടായിരുന്നു. 12ന്റെ ഗുണിതം കണ്ടെത്താനുള്ള ചോദ്യത്തിൽ ഓപ്ഷനിൽ നൽകിയ ഒറ്റ ഉത്തരം മാത്രമാണ് ഇരട്ട സംഖ്യയുള്ളത്. 12 ഇരട്ട സംഖ്യയായിരിക്കെ ചെയ്തു പോലും നോക്കാതെ അതായിരിക്കും ഉത്തരമെന്നു കണ്ടെത്താൻ പ്രയാസമില്ല. നേരെമറിച്ച് ഗുണിക്കാനും ഹരിക്കാനും പോയെങ്കിൽ അത്രയും സമയം നഷ്ടം.

ഒരു വസ്തുവിന് 20%,10%, 25% എന്ന രീതിയിൽ ഡിസ്കൗണ്ട് അനുവദിച്ചാൽ ആകെ ഡിസ്കൗണ്ട് എത്ര ശതമാനം എന്ന ചോദ്യത്തിലും പലരും ഇതുപോലെ വീണുപോയിട്ടുണ്ടാകും. 100ൽനിന്ന് ആദ്യം 20% കുറച്ചാൽ 80 കിട്ടും. പിന്നീട് 80ൽ നിന്ന് 10% കുറച്ചാൽ ഉത്തരം 72. വീണ്ടും 72ൽനിന്ന് 25% കുറച്ചാൽ 54. അപ്പോൾ ആകെ ഡിസ്കൗണ്ട് 100–54= 46 എന്നാണ് ഉത്തരം. പാതിവഴിയിൽ എത്തിയപ്പോൾ തന്നെ 54 എന്ന് ഓപ്ഷൻ കറുപ്പിച്ചവർക്കു തെറ്റുകയും ചെയ്തു. രണ്ടു സെക്കൻഡ് കൂടി ആലോചിച്ചാൽ ഉത്തരം തെറ്റിപ്പോകില്ല.

കട്ട് ഓഫ് മാർക്ക് എത്ര ?

പ്രിലിമിനറി പരീക്ഷയിൽ കട്ട് ഓഫ് മാർക്ക് നേടുന്നവർക്കായിരിക്കും മെയിൻ എക്സാം എഴുതാൻ അവസരം ലഭിക്കുക. മറ്റു 3 ഘട്ടങ്ങളിലായി കൂടി പരീക്ഷ നടക്കാനുള്ളതിനാൽ കട്ട് ഓഫ് മാർക്ക് എത്രയായിരിക്കുമെന്നു കൃത്യമായി പറയാൻ കഴിയില്ല. എങ്കിലും എൽഡിഡിക്ക് 50–60, ലാസ്റ്റ് ഗ്രേഡിന് 45–55 എന്നിങ്ങനെയായിരിക്കാനാണു സാധ്യത. കട്ട് ഓഫ് കുറഞ്ഞുകിട്ടിയാൽ കൂടുതൽ പേർക്കു പ്രിലിമിനറിയിൽ കയറിക്കൂടാം.

 പിഎസ്‌സി പ്രിലിമിനറി ആദ്യഘട്ടം കഴിഞ്ഞു. ചോദ്യങ്ങളുടെ  സ്വഭാവമറിഞ്ഞാകാം, ഇനിയുള്ള ഘട്ടങ്ങളിൽ തയാറെടുപ്പ്

ഇനി എഴുതുന്നവർ ഓർക്കാൻ

കേരളം, ഇന്ത്യ ഭാഗങ്ങളിൽ കറന്റ് അഫയേഴ്സ് കുറച്ചുകൂടി നോക്കേണ്ടി വരും. രാജ്യാന്തര തലത്തിലുള്ള കാര്യങ്ങൾ ഈ ചോദ്യക്കടലാസിൽ വന്നിട്ടേയില്ല. കല, സാഹിത്യം, സ്പോർട്സ് എന്നിവയ്ക്ക് ഊന്നൽ നൽകി കറന്റ് അഫയേഴ്സ് പഠിക്കാം. പരമാവധി തവണ റിവിഷനു ശ്രമിക്കുകയും വേണം.

ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി കൃത്യസമയത്ത് പരീക്ഷയ്ക്ക് എത്താൻ കഴിയാത്തവരും തിരിച്ചറിയൽ കാർഡ് എടുക്കാൻ മറന്നവരും ഒക്കെയുണ്ടായിരുന്നു ഇക്കുറി. അതിനാൽ ഇത്തരം പ്രശ്നങ്ങൾ കൂടി ഒഴിവാക്കാൻ ശ്രദ്ധിക്കണം.

English Summary: Kerala PSC 10th Level Preliminary Examination Analysis By Mansoorali Kappungal

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA