രാജാ രവിവർമ: നിറങ്ങളുടെ രാജാവ്

HIGHLIGHTS
  • 1906 ഒക്ടോബർ രണ്ടിനു വിട പറഞ്ഞു
raja-ravi-varma
SHARE

ചിത്രമെന്നാൽ മലയാളികൾക്കു രവിവർമച്ചിത്രമാണ്. നിറങ്ങൾക്കു മലയാളമഹിമയുടെ നിത്യമുദ്ര നൽകിയ ഇൗ ചിത്രമെഴുത്തുകാരന്റെ പിറവി 1848 ഏപ്രിൽ 29നു കിളിമാനൂര്‍ കോവിലകത്തായിരുന്നു. അച്ഛൻ പണ്ഡിതശ്രേഷ്ഠനായ നീലകണ്ഠൻ ഭട്ടതിരിപ്പാട്. അമ്മ: ചിത്രകാരിയും കവയിത്രിയും സംഗീതജ്ഞയുമായ ഉമാംബഭായി തമ്പുരാട്ടി. അമ്മ പറഞ്ഞുകൊടുത്ത പുരാണകഥകളാണു രവിവർമയിൽ ഭാവനയുടെ ലോകം ആദ്യം വരച്ചിട്ടത്. കല്ലും കരിക്കട്ടയും കൊണ്ടു കൊട്ടാരച്ചുമരിൽ രവിവർമ്മ വരച്ചിട്ടു.

പ്രസിദ്ധ ചിത്രകാരനും വൈദ്യനുമായിരുന്ന അമ്മാവൻ രാജരാജവർമ കോയിത്തമ്പുരാനാണു രവിവർമയെ ചിത്രരചന പഠിപ്പിക്കാമെന്നു തീരുമാനിച്ചത്. ഏഴാം വയസ്സിൽ രവിവർമ ചിത്രരചനാ പഠനം തുടങ്ങി. പന്ത്രണ്ടു വയസ്സിനകം ചായങ്ങളുടെ ചേരുവയിൽ രവിവർമ അതിവിദഗ്ധനായി. 1862ൽ അനന്തരവനെ കൂട്ടി രാജരാജവർമ ആയില്യം തിരുനാൾ രാമവർമ മഹാരാജാവിന്റെ അടുത്തു ചെന്നു. കൊട്ടാരത്തിൽ താമസിച്ചു ചിത്രരചന പഠിക്കാൻ മഹാരാജാവ് അനുവാദം നൽകിയതു വഴിത്തിരിവായി.

വിദേശത്തുനിന്നുള്ള ബ്രഷുകളും ചായക്കൂട്ടുകളും രവിവർമയ്ക്ക് ആദ്യം എത്തിച്ചുകൊടുത്തതു കേരളവർമ വലിയ കോയിത്തമ്പുരാനായിരുന്നു. ജലച്ചായത്തേക്കാൾ എണ്ണച്ചായത്തിലായി രവിവർമ്മയുടെ താൽപര്യം. പതിനെട്ടാം വയസ്സിൽ, കേരളവർമ വലിയ കോയിത്തമ്പുരാന്റെ ഭാര്യാസഹോദരി മാവേലിക്കര കൊട്ടാരത്തിലെ പൂരുരുട്ടാതിനാൾ തമ്പുരാട്ടിയെ ജീവിത സഖിയാക്കി. ഇവർക്ക് അഞ്ചുമക്കളുണ്ടായിരുന്നു. 1870ൽ മൂകാംബിക ക്ഷേത്രത്തിലേക്കു നടത്തിയ തീർഥയാത്രയാണു രവിവർമയിൽ ജീവിതദൃശ്യങ്ങളുടെ വലിയ ഖനി നിറച്ചത്. 1873ൽ മദ്രാസിൽ നടത്തിയ ചിത്രകലാമത്സരത്തിൽ രവിവർമയുടെ ‘പിച്ചിപ്പൂ ചൂടിയ നായർ വനിത’ ഒന്നാം സമ്മാനത്തിന് അർഹമായി. അതേ വർഷം ഓസ്ട്രിയയിലെ വിയന്നയിൽ നടന്ന മത്സരത്തിലും ഇതേ ചിത്രം ഒന്നാമതെത്തി. 1885ൽ മൈസൂർ രാജാവ് രവിവർമയെ അങ്ങോട്ടു ക്ഷണിക്കുകയും അദ്ദേഹത്തിനായി ഒരു കൊട്ടാരം തന്നെ ഒരുക്കിക്കൊടുക്കുകയും ചെയ്തു. 1891ലും 92ലുമായി നടത്തിയ ബറോഡ, ബോംബെ സന്ദർശങ്ങളും രവിവർമ്മയുടെ ചിത്രലോകം ഏറെ വിപുലമാക്കി. 1894ലെ രണ്ടാം ഭാരതപര്യടന കാലമായപ്പോഴേക്കു രവിവർമയെ കാത്ത് ആസ്വാദകർ റെയിൽവേ സ്റ്റേഷനുകളിൽപ്പോലും നീണ്ട നേരം കാത്തുനിൽക്കും വിധം അദ്ദേഹം പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു.

1893ൽ ഷിക്കാഗോയിൽ നടന്ന ലോക മതസമ്മേളന കലാപ്രദർശനത്തിൽ രവിവർമച്ചിത്രങ്ങൾക്കു രണ്ടു പുരസ്കാരങ്ങൾ ലഭിച്ചു. ഇതോടെ, ലോകമെങ്ങുമുള്ള ചിത്രകലാ പുസ്തകങ്ങളിലും പഠനങ്ങളിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇടംപിടിച്ചു. 1900 ഓഗസ്റ്റിലെ പാരിസ് ലോക ചിത്രകലാ പ്രദർശനത്തിൽ രവിവർമ്മചിത്രങ്ങൾ ഒന്നാം സ്ഥാനം നേടി. ‘ഇനി മത്സരങ്ങളിൽ പങ്കെടുക്കുന്നില്ല’ എന്ന് 1901ൽ രവിവർമ പ്രഖ്യാപിച്ചു. മറ്റു കലാകാരന്മാർക്ക് അവസരമൊരുക്കുകയായിരുന്നു ലക്ഷ്യം. 1904 ഫെബ്രുവരിയിൽ മദ്രാസിലായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രപ്രദർശനം. 1904 ൽ ബ്രിട്ടിഷ് ഭരണകൂടം 'കൈസർ-ഇ -ഹിന്ദ് ബഹുമതി നൽകി. പ്രമേഹം ഏറെ അലട്ടിയിരുന്ന അദ്ദേഹം 1906 ഒക്ടോബർ രണ്ടിനു വിട പറഞ്ഞു.

കാലം മായ്ക്കാത്ത ചിത്രങ്ങൾ

∙ 1894 ലാണു രാജാ രവിവർമയുടെ ഒരു ചിത്രം ആദ്യമായി അച്ചടിക്കുന്നത്. ‘ശകുന്തളാജനനം’ ആയിരുന്നു ചിത്രം.

∙ രവിവർമയുടെ ചില പ്രസിദ്ധ ചിത്രങ്ങൾ : ദക്ഷിണേന്ത്യയിലെ ജിപ്സികൾ, തംബുരു മീട്ടിപ്പാടുന്ന തമിഴ് വനിത, ശകുന്തളാ പത്രലേഖനം, ദമയന്തീഹംസ സംവാദം, സീതാഭൂപ്രവേശം, മലബാർ സുന്ദരി വയലിൻ വായിക്കുന്നു, അച്ഛൻ വരുന്നു, സരസ്വതീ ദേവി, സൈരന്ധ്രി, സീതാ സിദ്ധി, ലക്ഷ്മീദേവി, ദമയന്തി, രാധയും കൃഷ്ണനും, ശന്തനുവും മത്സ്യഗന്ധിയും, പാഞ്ചാലീവസ്ത്രാക്ഷേപം, വിശ്വാമിത്രനും മേനകയും, നളനും ദമയന്തിയും, ഹരിശ്ചന്ദ്രനും താരാമതിയും, ശ്രീകൃഷ്ണജനനം.

ചരിത്രത്തിൽ ഇന്ന്  - ഏപ്രിൽ 29 

∙മാസ്‌റ്റർ ഓഫ് സസ്പെൻസ്' എന്നറിയപ്പെട്ട ബ്രിട്ടിഷ് ചലച്ചിത്രകാരൻ ആൽഫ്രഡ് ഹിച്ച്കോക്ക് അന്തരിച്ചു (1980). ദ് ബേഡ്‌സ്, ദ് മാൻ ഹു ന്യൂ ടൂ മച്ച്, ഡയൽ എം ഫോർ മർഡർ, സൈക്കോ, റബേക്ക തുടങ്ങിയവ പ്രധാന സിനിമകളാണ്. 

∙ശിൽപിയും  ചിത്രകാരനും എഴുത്തുകാരനുമായ എം.വി. ദേവൻ അന്തരിച്ചു (2014). 'ദേവസ്‌പന്ദനം' എന്ന കൃതിക്കു  വയലാർ അവാർഡും കേരളം സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. 

∙മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്‌റ്റനും 1992 ൽ സന്തോഷ്‌ട്രോഫി നേടിയ കേരള ടീം ക്യാപ്റ്റനുമായ വി. പി. സത്യൻ ജനിച്ചു (1965). ഇദ്ദേഹത്തിന്റെ ജീവിതം  ആസ്‌പദമാക്കിയുള്ള സിനിമയാണു 'ക്യാപ്റ്റൻ'.

∙ഇന്റർനാഷനൽ തിയറ്റർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ 1982 മുതൽ രാജ്യാന്തര നൃത്തദിനമായി ആചരിക്കുന്നു. 

∙രാസായുധങ്ങൾ നിരോധിക്കുക എന്ന ലക്ഷ്യത്തോടെ ഓർഗനൈസേഷൻ ഫോർ ദ് പ്രൊഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസ് (OPCW) നിലവിൽ വന്നു (1997). ഹേഗ് ആസ്ഥാനമായ സംഘടനയ്ക്കു 2013 ൽ സമാധാന നൊബേൽ ലഭിച്ചു.

English Summary : Exam Guide - April 29 - Today in history

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA