ADVERTISEMENT

ദക്ഷിണാഫ്രിക്കയുടെ കറുത്ത വർഗക്കാരനായ ആദ്യ പ്രസിഡന്റായി 1994 മെയ് 10നാണ് നെൽസൺ മണ്ടേല അധികാരമേറ്റത്. 1918 ജൂലൈ 18ന് ദക്ഷിണാഫ്രിക്കയിലെ കേപ് പ്രവിശ്യയിലെ എംവെസോയിലാണു നെൽസൺ മണ്ടേല ജനിച്ചത്. മുഴുവൻപേര് നെൽസൺ റോലിഹ്‌ലാല മണ്ടേല. നിയമവിദ്യാഭ്യാസത്തിനുശേഷം ജൊഹാനസ്ബർഗിലായിരിക്കെ ആഫ്രിക്കൻ നേഷൻസ് കോൺഗ്രസിൽ (എഎൻസി) ചേർന്ന് രാഷ്ട്രീയരംഗത്തു സജീവമായി. 1962ൽ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചു എന്ന കേസിൽ അറസ്റ്റിലായി. റിവോണിയ ട്രയൽ എന്നു കുപ്രസിദ്ധമായ വിചാരണയെത്തുടർന്നു മണ്ടേലയ്ക്കു ലഭിച്ചതു ജീവപര്യന്തം തടവുശിക്ഷ. റോബൻ ഐലൻഡ്, പോൾസ്മൂർ ജയിൽ, വെസ്റ്റർ ജയിൽ എന്നിവിടങ്ങളിലായി 27 വർഷം ശിക്ഷയനുഭവിച്ചു. 1991ൽ രാജ്യാന്തര സമ്മർദത്തെത്തുടർന്ന് അന്നത്തെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് എഫ്.ഡബ്ലിയു.ഡി ക്ലാർക്ക് മണ്ടേലയെ മോചിപ്പിച്ചു. മണ്ടേലയും ക്ലാർക്കും ചേർന്ന് രാജ്യത്തെ വർണവിവേചനം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. രണ്ടുപേർക്കും 1993ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. 

 

1994ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ എഎൻസിയെ മണ്ടേല അധികാരത്തിലെത്തിച്ച് രാജ്യത്തിന്റെ പ്രസിഡന്റായി. 1999ൽ രണ്ടാംതവണയും സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും താബോ എംബെക്കിയെ പിൻഗാമിയാക്കി മണ്ടേല അധികാരം വിട്ടൊഴിഞ്ഞു. ചേരിചേരാ പ്രസ്ഥാനത്തിന്റെ സെക്രട്ടറി ജനറലും ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് അധ്യക്ഷനുമായിട്ടുണ്ട്, മണ്ടേല. തന്റെ പേരിലുള്ള നെൽസൺ മണ്ടേല ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിൽ പിന്നീട് അദ്ദേഹം വ്യാപൃതനായി. 2013 ഡിസംബർ അഞ്ചിന് ജൊഹാനസ്ബർഗിൽ അന്തരിച്ചു. നൊബേൽ സമ്മാനമടക്കം മുന്നൂറോളം പുരസ്കാരങ്ങൾ മണ്ടേലയെ തേടിയെത്തിയിട്ടുണ്ട്. അമേരിക്കയിൽ നിന്ന് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നേടി. സോവിയറ്റ് യൂണിയനിൽ നിന്ന് ഓർഡർ ഓഫ് ലെനിനും. ഭാരതരത്ന പുരസ്കാരം നേടിയ ഇന്ത്യക്കാരനല്ലാത്ത അപൂർവം വ്യക്തികളിലൊരാൾ കൂടിയാണ് അദ്ദേഹം. മാഡിബ എന്ന വിളിപ്പേരിലാണു മണ്ടേല ദക്ഷിണാഫ്രിക്കയിൽ അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ആത്മകഥ–‘ലോങ് വോക് ടു ഫ്രീഡം’.

 

 

ചരിത്രത്തിൽ ഇന്ന് മേയ് 10 

 

∙ക്രിസ്റ്റഫർ കൊളംബസ് കെയ് മാൻ ദ്വീപുകൾ കണ്ടെത്തി (1503). കരീബിയൻ കടലിലെ ഈ ദ്വീപുകൾക്കു കൊളംബസ് കൊടുത്ത പേര് ലാസ് ടോർടുഗാസ് എന്നായിരുന്നു. 

 

∙1857 ലെ മഹത്തായ വിപ്ലവത്തിന്  മീററ്റിൽ തുടക്കം.

 

∙'കേരള തുളസീദാസൻ' എന്നറിയപ്പെട്ട മലയാള കവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് ജനിച്ചു (1902). തിരുക്കുറളും തുളസീദാസ രാമായണവും പരിഭാഷപ്പെടുത്തിയ അദ്ദേഹത്തിന്റെ 'കാമസുരഭി' എന്ന കൃതിക്കു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 

 

∙കുഞ്ഞു കവിതകളിലൂടെ മലയാള സാഹിത്യത്തിൽ നിറഞ്ഞ കുഞ്ഞുണ്ണി തൃശൂർ ജില്ലയിലെ വലപ്പാട്ട് ജനിച്ചു (1927). കുട്ടിപ്പെൻസിൽ, അക്ഷരത്തെറ്റ്, എന്നിലൂടെ തുടങ്ങിയവ പ്രധാന കൃതികൾ.

 

∙പ്രശസ്‌ത ഉറുദു സാഹിത്യകാരനും ശബാന ആസ്‌മിയുടെ പിതാവുമായ കൈഫി ആസ്‌മി അന്തരിച്ചു (2002). അസംഗഡിനും ദില്ലിക്കും ഇടയിലുള്ള ട്രെയിനിനു  'കൈഫിയാത് എക്‌സ്പ്രസ് ' എന്ന പേരു നൽകിയത് ഇദ്ദേഹത്തിന്റെ സ്മരണാർഥമാണ്.

English Summary: Exam Guide - May 10 - Today in history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com